റേഷന്‍ കാര്‍ഡില്‍ പരാതിപ്രളയം സ്വന്തം ലേഖകന്‍
മലപ്പുറം: ബി.പി.എല്‍ ലിസ്റ്റിനു പുറത്തായവരുടെ കാത്തിരിപ്പിനു പ്രയോറിറ്റി ലിസ്റ്റും പ്രതിവിധിയാകാതെവന്നതോടെ റേഷന്‍കാര്‍ഡുടമകള്‍ നെട്ടോട്ടത്തില്‍. എ.പി.എല്ലും ബി.പി.എല്ലും വേര്‍തിരിച്ചതിലെ അപ്രായോഗികത 'തിരുത്തി'യെത്തിയ പുതിയ ലിസ്റ്റില്‍ ജില്ലയില്‍ മുന്‍ഗണനാ ലിസ്റ്റില്‍ 4,31,535 റേഷന്‍കാര്‍ഡുകളാണ് ഇടംപിടിക്കാതെ പോയത്. 20,25,433 പേരാണ് ഇത്രയും കാര്‍ഡുകളിലായി ഭക്ഷ്യസുരക്ഷാ പട്ടികകയ്ക്കു പുറത്തുള്ളത്.
നിരവധി തവണ ഗുണഭോക്താക്കളില്‍നിന്ന് അപേക്ഷകള്‍ സ്വീകരിക്കുകയും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷം ഡാറ്റാ എന്‍ട്രിയിലെ അപാകതകള്‍ വീണ്ടും തിരുത്തിയിരുന്നു. ഇതിനു ശേഷമാണ് അര്‍ഹരായവര്‍ പുറത്തും അനര്‍ഹരായവര്‍ മുന്‍ഗണനാ ലിസ്റ്റിലുമായി പുതിയ പട്ടികയെത്തിയത്. വീണ്ടും തിരുത്തുന്ന നടപടിക്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ജില്ലയിലെ സപ്ലൈ ഓഫിസുകളിലും റേഷന്‍ കടകളിലും ഇതോടെ വന്‍ തിരക്കാണ്.
കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറങ്ങിയ ലിസ്റ്റിലെ അപാകതകള്‍ തിരുത്താന്‍ 30വരെയാണ് സമയം അനുവദിച്ചത്. എന്നാല്‍, തുടര്‍നടപടികള്‍ക്ക് ശേഷം 31ന് അന്തിമപട്ടിക തയാറാക്കുന്നതിനാണ് നേരത്തെ നല്‍കിയ നിര്‍ദേശം. ജില്ലയില്‍ 8,32,750 റേഷന്‍കാര്‍ഡുകളാണ് നിലവിലുള്ളത്. ഇവരെ പ്രയോറിറ്റി, നോണ്‍ പ്രയോറിറ്റി, അന്ത്യോദന വിഭാഗങ്ങളായാണ് പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.നിലവില്‍ പകുതിയധികവും ആനുകൂല്യങ്ങള്‍ ലഭിക്കാത്ത വിഭാഗത്തിലാണ്്.
പുതിയ പ്രയോറിറ്റി ലിസ്റ്റില്‍ ഇടംപിടിച്ച കാര്‍ഡുകള്‍ താലൂക്ക് ക്രമത്തില്‍: പെരിന്തല്‍മണ്ണ (51,546), ഏറനാട് (78,190), നിലമ്പൂര്‍ (61,372), തിരൂര്‍ (74,670), തിരൂരങ്ങാടി (47,206), പൊന്നാനി(34,658).
അടുത്ത മാസം ഭക്ഷ്യസുരക്ഷാ നിയമം പ്രാബല്യത്തില്‍ വരുത്തുകയെന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ തുടര്‍ന്നാണിത്. പുതിയ പ്രയോറിറ്റി ലിസ്റ്റിലെ അപാകത ഇതിനകം തിരുത്തി കുറ്റമറ്റതാക്കുന്നത് എങ്ങനെയെന്നതിനു അധികൃതര്‍ക്കും മറുപടിയില്ല. ബി.പി.എല്‍ അരി ഈ മാസംതന്നെ ഗുണഭോക്താക്കള്‍ക്കു ലഭ്യമായിരുന്നില്ല. അടുത്ത മാസത്തോടെ അന്ത്യയോദന ആനുകൂല്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കാനിരിക്കേയാണ് തിരക്കിട്ട നീക്കം.
മലപ്പുറം: റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട പ്രയോറിറ്റി, നോണ്‍ പ്രയോറിറ്റി ലിസ്റ്റില്‍ വ്യാപകമായി കടന്നുവന്ന അപാകതകള്‍ പരിഹരിക്കുന്നതിനുള്ള അപേക്ഷകള്‍ ഇനിമുതല്‍ വില്ലേജ്, പഞ്ചായത്ത് ഓഫിസുകളില്‍ സ്വീകരിക്കുമെന്നു ജില്ലാ സപ്ലെ ഓഫിസര്‍ പി.കെ വത്സല അറിയിച്ചു. മലപ്പുറം മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നിവേദനത്തിന്റെ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. അര്‍ഹരായ നിരവധി ഗുണഭോക്താക്കള്‍ ലിസ്റ്റിനു പുറത്താണ്. സാധാരണക്കാരായ ആളുകളെ ബുദ്ധിമുട്ടിക്കുന്ന നിലപാട് പ്രതിഷേധാര്‍ഹമാണെന്നും റേഷന്‍ഷോപ്പുകളില്‍ ആവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും യൂത്ത്‌ലീഗ് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ജില്ലാ ജനറല്‍ സെക്രട്ടറി മുജീബ് കാടേരി, മണ്ഡലം പ്രസിഡന്റ് ബാവ വിസപ്പടി, ജനറല്‍ സെക്രട്ടറി കെ.എന്‍ ഷാനവാസ്, ട്രഷറര്‍ അഷ്‌റഫ് പാറച്ചോടന്‍, എന്‍.പി അക്ബര്‍, ഹക്കീം കോല്‍മണ്ണ, ഷരീഫ് മുടിക്കോട്, ഹുസൈന്‍ ഉള്ളാട്ട്, ബാസിത്, ഷാഫി കാടേങ്ങല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
മുന്‍ഗണനാ-മുന്‍ഗണന ഇതര-സംസ്ഥാന മുന്‍ഗണനാ പട്ടിക സംബന്ധിച്ചുള്ള പരാതികള്‍ പഞ്ചായത്ത്, വില്ലേജ് ഓഫിസുകളിലും നല്‍കാമെന്നു ജില്ലാ കലക്ടര്‍ എ. ഷൈനമോളും അറിയിച്ചു. ഇതിനു പുറമേ താലൂക്ക് ഓഫിസുകള്‍, വെരിഫിക്കേഷന്‍ കമ്മിറ്റിയിലെ അംഗങ്ങളുടെ ഓഫിസ് എന്നിവടങ്ങളിലും പരാതി നല്‍കാം.
താലൂക്ക് സപ്ലൈ ഓഫിസുകളില്‍ പരാതിക്കാരുടെ നീണ്ട നിര
മഞ്ചേരി: റേഷന്‍ മുന്‍ഗണനാ കരട് പട്ടികയുമായി ബന്ധപ്പെട്ടു ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫിസുകളില്‍ ഇന്നലെ പരാതികളുമായെത്തിയത് ആയിരങ്ങള്‍. ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അരിയുണ്ടാകില്ലെന്ന ആശങ്കമൂലം നിലവില്‍ എ.പി.എല്‍ വിഭാഗത്തില്‍പെട്ടവരും പരാതികളുമായി സപ്ലൈ ഓഫിസുകളിലെത്തി.
ശനിയാഴ്ചയും പരാതിക്കാരുടെ കനത്ത തിരക്കാണനഭവപ്പെട്ടത്. മഞ്ചേരി മിനി സിവില്‍സ്റ്റേഷനില്‍ സ്ഥിതിചെയ്യുന്ന താലൂക്ക് സപ്ലൈ ഓഫിസും പരിസരവും ഇന്നലെ രാവിലെതന്നെ പരാതികാരെക്കൊണ്ടു നിറഞ്ഞു. ജില്ലയിലെ മറ്റു താലൂക്ക് സപ്ലൈ ഓഫിസുകളായ നിലമ്പൂര്‍, പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും നല്ല തിരക്കനുഭവപ്പെട്ടു.
പ്രയോറിറ്റി ലിസ്റ്റിനു പുറത്താകുന്നവര്‍
ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം തയാറാക്കുന്ന പുതിയ കാര്‍ഡുകളില്‍ എ.പി.എല്‍, ബി.പി.എല്‍ സംവിധാനങ്ങള്‍ക്കു പകരമാണ് പ്രയോറിറ്റി, നോണ്‍പ്രയോറിറ്റി ലിസ്റ്റ് തയാറാക്കുന്നത്. ഒരേക്കറിലധികം ഭൂമി ഉണ്ടായിരിക്കുക, 1000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള വീട്, നാലുചക്ര വാഹനമുണ്ടാകുക, സര്‍ക്കാര്‍, പൊതുമേഖലാ, ബാങ്ക് ജീവനക്കാര്‍, ആദായ നികുതിദായകര്‍ എന്നിവര്‍ അംഗമായ കാര്‍ഡുകള്‍ പ്രയോറിറ്റി ലിസ്റ്റിനു പുറത്താകും.
അപാകതകള്‍ പരിഹരിക്കാന്‍ ചെയ്യേണ്ടത്
റേഷന്‍ കടകളിലും പഞ്ചായത്ത്, നഗരസഭകള്‍, വില്ലേജ് ഓഫിസുകള്‍, താലൂക്ക് സപ്ലൈ ഓഫിസ് എന്നിവിടങ്ങളിലും പുതിയ ലിസ്റ്റ് ലഭ്യമാണ്. അപാകതകള്‍ പരിഹരിക്കനുള്ള അപേക്ഷ 30വരെ സ്വീകരിക്കും.
മേല്‍ വിലാസം, റേഷന്‍ കാര്‍ഡ് നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ ചേര്‍ക്കണം. പരാതി തിരുത്താന്‍ പഞ്ചായത്തുകളിലും നഗരസഭകളിലും വെരിഫിക്കേഷന്‍ കമ്മിറ്റികള്‍ നിലവിലുണ്ട്. റേഷനിങ് സെക്രട്ടറി കണ്‍വീനറും പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അംഗങ്ങളുമായാണ് പഞ്ചായത്ത് സമിതി.നഗരസഭകളില്‍ ജൂനിയര്‍ സൂപ്രണ്ട് റാങ്ക്‌ലിസ്റ്റില്‍ കുറയാത്ത ഉദ്യോഗസ്ഥനാണ് ചെയര്‍മാന്‍.
നവംബര്‍ 15നകം അപാകത തിരുത്തിയ ലിസ്റ്റ് തയാറാകും. അതിലുമുള്ള പരാതികള്‍ ഏഴു ദിവസത്തിനകം കലക്ടര്‍ ചെയര്‍മാനായ അപ്പീല്‍ കമ്മിറ്റിക്കു നല്‍കാം. അടുത്ത ജനുവരിയോടെ അന്തിമ പട്ടിക തയാറാക്കി ഗ്രാമസഭകളിലെത്തും. ഫെബ്രുവരി മുതല്‍ പുതിയ കാര്‍ഡ് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."