HOME
DETAILS

പെണ്ണ് ഒരു ചരക്കല്ല

  
backup
May 15 2016 | 07:05 AM

%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%8d-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%9a%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2

സ്ത്രീയായി ജനിക്കേണ്ടിയിരുന്നില്ല എന്നു തോന്നിയ അനേകം സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്. പലപ്പോഴും അസമയത്തെ യാത്രകളും അപരിചിത സ്ഥലങ്ങളിലെ താമസവും ബുദ്ധിമുട്ടുകളുണ്ടാക്കാറുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് സ്ത്രീയായതുകൊണ്ടു മാത്രം നേരിടേണ്ടിവന്ന അതിക്രമങ്ങള്‍ ഇപ്പോഴും ഞെട്ടലോടെ മാത്രമേ ഓര്‍മിക്കാനാവുകയുള്ളൂ. സ്വന്തം നാട്ടിലെ കൗണ്ടിങ് സ്‌റ്റേഷനില്‍ നിന്നു രാത്രി ഏഴരയോടെ പുറത്തിറങ്ങിയപ്പോള്‍ ആഹ്ലാദപ്രകടനത്തിനെത്തിയ ജനക്കൂട്ടത്തില്‍ നിന്നുണ്ടായ കൈയേറ്റം തികച്ചും അപ്രതീക്ഷിതമായിരുന്നു. അന്ന് കഴിയുന്ന രീതിയിലൊക്കെ പ്രതിരോധിച്ച് ഒരുവിധം ജനക്കൂട്ടത്തില്‍ നിന്ന് പുറത്തു കടന്നത് മെയിന്‍ റോഡിലേക്കല്ലായിരുന്നുവെങ്കില്‍ എന്തായിരുന്നു സംഭവിക്കുക എന്നാലോചിക്കാന്‍ പോലും വയ്യ. അതിനുശേഷം അതീവ ജാഗ്രതയോടെയാണ് ആള്‍ക്കൂട്ടങ്ങളെ നേരിടുന്നത്. സ്ത്രീ എത്ര വലിയ ഉദ്യോഗസ്ഥയോ സെലിബ്രിറ്റിയോ സാധാരണക്കാരിയോ ആവട്ടെ ജനക്കൂട്ടത്തിനുള്ളില്‍ അവള്‍ ഒരു വെറും ഉപഭോഗവസ്തു മാത്രമാണ്. പുരുഷന് അമര്‍ത്തിത്തോണ്ടാനും രഹസ്യഭാഗങ്ങളില്‍ പിടിക്കാനും വസ്ത്രാക്ഷേപം ചെയ്യാനുമുള്ള ഒരു ചരക്ക്. കേന്ദ്രമന്ത്രിയുടെ ഭാര്യയോടുവരെ മലയാളിപുരുഷന്‍ ഇതുതന്നെ ചെയ്തു എന്നാലോചിക്കുമ്പോള്‍ ബാക്കിയുള്ളതെത്ര നിസാരം. ബസിലായാലും പൊതുസ്ഥലത്തായാലും ആണ്‍കൂട്ടത്തിനുള്ളില്‍ നില്‍ക്കുമ്പോള്‍ വല്ലാത്തൊരു അസ്വസ്ഥത പെരുകി വരാറുണ്ട്. ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാം എന്ന ഭയം. യാത്രകളില്‍ ആള്‍ക്കൂട്ടം കടന്നുപോവുമ്പോള്‍ ബാക്ക്പായ്ക്ക് മുന്‍വശത്തേക്കിട്ട് അല്പം സംരക്ഷണം ഉറപ്പാക്കുന്ന രീതി പലപ്പോഴും പെണ്‍കുട്ടികള്‍ ചെയ്തുവരുന്നുണ്ട്.
അസമയത്തു മാത്രമല്ല ആണധികാരത്തിന്റെ ഇത്തരം പ്രഖ്യാപനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത്. സ്ത്രീകള്‍ക്ക് തനിച്ചിരിക്കാന്‍ ഒരു ഇടം പോലുമില്ല. വെറുതെ കടല്‍ത്തീരത്തോ പാര്‍ക്കിലോ റസ്‌റ്റോറന്റിലോ പാതയോരത്തോ സിനിമാ തിയറ്ററിലോ അല്‍പസമയം ഒറ്റയ്ക്കു നിന്നാല്‍ കോര്‍ത്തു വലിക്കുന്ന ആണ്‍നോട്ടങ്ങള്‍ അസഹ്യതയുളവാക്കുന്നതാണ്. കൂട്ടു വേണോ, എവിടെപ്പോകുന്നു, ഒറ്റയ്ക്കാണോ തുടങ്ങിയ അന്വേഷണങ്ങള്‍ പാവം പെണ്ണിന്റെ സുരക്ഷയെക്കരുതിയല്ല. അഭ്യുദയകാംക്ഷികളുടെ സഹായം സഹിക്കവയ്യാതെ ഏകാന്തതയെ സ്‌നേഹിക്കാന്‍ വന്നവള്‍ ആള്‍ക്കൂട്ടത്തിലേക്ക് ഓടിപ്പോവുകയാണ് പതിവ്. തനിയെ യാത്ര ചെയ്യുന്ന സ്ത്രീകളുടെ അവസ്ഥയും ഇതു തന്നെ. എല്ലായ്‌പ്പോഴും ജാഗ്രതയോടെ ഇരുന്നേപറ്റൂ. ഒന്നു കണ്ണടക്കാന്‍ പോലും കഴിയില്ല. കൈയിലുള്ള വിലപ്പെട്ട ഭൗതികവസ്തുക്കളേക്കാള്‍ അവള്‍ക്കു ഭയം സ്വന്തം ശരീരത്തെയാണ്. പ്രാഥമികാവശ്യത്തിനായി ഒരു ടോയ്‌ലറ്റില്‍ കയറാന്‍ പോലും കഴിയുന്നില്ല. നോട്ടങ്ങളും ഒളിക്കാമറകളും മാത്രം നിറഞ്ഞ ഒരു ലോകത്തു ജീവിക്കുന്നവള്‍ക്ക് എന്തു സ്വകാര്യതയാണുള്ളത്..!

 

001
സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് റോഡരികിലെ കുറ്റിക്കാട്ടില്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ സ്വന്തം ലൈംഗികാവയവം പെണ്‍കുട്ടികള്‍ക്കു നേരെ പ്രദര്‍ശിപ്പിക്കുന്ന മധ്യവയസ്‌കനാണ് ആണധികാരത്തിന്റെ അവഹേളിപ്പിക്കുന്ന മാതൃകയായി ആദ്യം മനസില്‍ തെളിയുന്നത്. പ്രതികരിക്കാതെ, കണ്ടഭാവം നടിക്കാതെ മുഖമുയര്‍ത്തി അയാളുടെ പുരുഷചിഹ്നത്തിനു മുന്നിലൂടെ കടന്നു പോകുകയാണെങ്കില്‍ അയാള്‍ ജാള്യതയോടെ എഴുന്നേറ്റു പോകുമായിരുന്നു. പക്ഷേ പലപ്പോഴും പെണ്‍കുട്ടികള്‍ ചിരിക്കുകയോ ഭയക്കുകയോ ചെയ്തിരുന്നത് അയാള്‍ക്ക് വലിയ പ്രോത്സാഹനമായിരുന്നു. അതുപോലെ, പെണ്‍കുട്ടികള്‍ കൂടുന്നിടത്തെല്ലാം തഴുകാന്‍ നടന്നിരുന്ന ഒരു വൃദ്ധനുമുണ്ടായിരുന്നു; ഞങ്ങളുടെ സ്‌കൂള്‍ കാലങ്ങളെ സമ്പന്നമാക്കാന്‍. ധൈര്യമുള്ള പെണ്‍കുട്ടികളില്‍ നിന്ന് പലപ്പോഴും അടിവാങ്ങുമായിരുന്നു അയാള്‍. വായിച്ചും കേട്ടും ലഭിച്ച അറിവുകളുമായി വലിയ ജാഗ്രതയോടെയാണ് ചെറുപ്രായത്തിലും നടന്നിരുന്നത്. അതുകൊണ്ടു തന്നെ ശ്ലീലമല്ലാത്ത ഒരു സ്പര്‍ശനമോ, നോട്ടമോ, വാക്കോ പെട്ടെന്നു തന്നെ തിരിച്ചറിയാന്‍ കഴിയുമായിരുന്നു. കോളജില്‍ പഠിക്കുന്ന കാലത്ത് കോഴിക്കോട്-പാലക്കാട് റൂട്ടിലോടുന്ന പ്രൈവറ്റ് ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ രതിവൈകൃതങ്ങള്‍ നടത്തുന്ന നിരവധി പുരുഷന്മാരെ കാണാനിടയായിട്ടുണ്ട്. പീഡനമേല്‍ക്കുന്ന പെണ്‍കുട്ടികളില്‍ ചുരുക്കം ചിലര്‍ മാത്രമേ പ്രതികരിച്ചു കണ്ടിട്ടുള്ളൂ. പ്രതികരിച്ചാല്‍ അത്തരക്കാര്‍ പിന്‍വലിയുകയാണ് പതിവ്. ബസില്‍ യാത്ര ചെയ്യുമ്പോള്‍ ഉദ്ധരിച്ച ലിംഗം ശരീരത്തില്‍ തട്ടി കണ്ണീരൊഴുക്കിക്കൊണ്ട് യാത്ര തുടര്‍ന്ന ഒരു സഹപാഠിയുടെ നിശബ്ദത ഇതെഴുതുമ്പോഴും എന്നെ പിന്തുടരുന്നുണ്ട്. പ്രതികരണമൊന്നുമില്ല എന്നുകണ്ട് നിര്‍വൃതിയോടെ പ്രവൃത്തി തുടര്‍ന്ന യുവാവിന്റെ പാതിയടഞ്ഞ കണ്ണുകളും ഇത്രകാലമായിട്ടും മറക്കാനായിട്ടില്ല. സഹപാഠി ബസില്‍ നിന്നിറങ്ങിയപ്പോഴാണ് സംഭവം ഇത്രത്തോളമെത്തിയിരുന്നുവെന്ന് ഞങ്ങളറിയുന്നത്. കൈയില്‍ സേഫ്റ്റി പിന്നുമായിട്ടായിരുന്നു പഠനകാലത്തെ മുഴുവന്‍ ബസ്‌യാത്രകളും. പലതവണ അത് ഉപയോഗിക്കേണ്ടതായും വന്നിട്ടുണ്ട്. ആ റൂട്ടില്‍ യാത്ര ചെയ്തിരുന്ന മറ്റൊരു സ്ഥാപനത്തിലെ അധ്യാപകന്റെ കൈക്രിയകള്‍ പലതവണ നേരിടേണ്ടി വന്നിട്ടുണ്ട്. അയാളുമായി വഴക്കുണ്ടായതിനു ശേഷം കുറച്ചുനാള്‍ കഴിഞ്ഞ് കോളജിലെ പൊതു പരീക്ഷയ്ക്ക് അയാള്‍ ഇന്‍വിജിലേറ്ററായി വരികയും പരീക്ഷപ്പേപ്പറെങ്ങാനും നശിപ്പിച്ചു കളയുമോ എന്ന ഭയത്തോടെ കോളജ് അധികൃതരോട് അന്വേഷിക്കേണ്ടി വരികയും ചെയ്യുകയുണ്ടായി.
സ്ത്രീകള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ മുഴുവനും ഉണ്ടാവുന്നത് പുറം ലോകത്തുനിന്നല്ല. സ്വന്തം വീടിനുള്ളില്‍ അടുത്ത ബന്ധുക്കളാല്‍ ഇരകളാക്കപ്പെടുന്നവരാണ് പലരും. ഐ.സി.ആര്‍.ഡബ്ല്യു(കിലേൃിമശേീിമഹ ഇലിൃേല ളീൃ ഞലലെമൃരവ ീി ണീാലി) എന്ന സംഘടന നടത്തിയ സര്‍വെ പ്രകാരം 52 ഇന്ത്യന്‍ സ്ത്രീകള്‍ വീടിനുള്ളില്‍ പീഡനം അനുഭവിക്കുന്നവരാണ്. 60 പുരുഷന്മാര്‍ സ്വന്തം വീടിനുള്ളില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നവരാണ്. എന്നുമാത്രമല്ല, അത് അവരുടെ അവകാശമാണെന്നുറച്ചു വിശ്വസിക്കുന്നവരുമാണ്. നാഷനല്‍ ക്രൈം ബ്യൂറോയുടെ കണക്കു പ്രകാരം ഓരോ ദിവസവും ശരാശരി 92 സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്ന നാടാണ് ഇന്ത്യ. ഓരോ വര്‍ഷവും ഈ സംഖ്യ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ഇതെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ മാത്രമാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സംഭവങ്ങള്‍ ഇതിലുമെത്രയോ ഇരട്ടി വരുമെന്നതാണ് വാസ്തവം. കുറ്റവാളിയുടെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക സ്വാധീനങ്ങള്‍ക്കനുസരിച്ചോ കുടുംബത്തിന്റെ അഭിമാനമോര്‍ത്തോ സംഭവങ്ങള്‍ മൂടിവയ്ക്കപ്പെടുമ്പോള്‍ കുറ്റം ചെയ്യാനുള്ള പ്രവണത സമൂഹത്തില്‍ വര്‍ധിക്കുകയാണ് ചെയ്യുന്നത്. കൂടാതെ ഇരകളാക്കപ്പെടുന്നവള്‍ക്ക് സമൂഹവും നിയമവും നല്‍കുന്ന അവഹേളനവും കാര്യങ്ങളെ പൊതുജനശ്രദ്ധയിലെത്തിക്കുന്നതില്‍ നിന്നു സ്ത്രീകളെ പിന്തിരിപ്പിക്കുന്നു. അടുത്തിടെയുണ്ടായ പെണ്‍വാണിഭ കേസുകളില്‍ ഇരകളാക്കപ്പെട്ട നിസഹായരായ പെണ്‍കുട്ടികളോട് സമൂഹവും മാധ്യമങ്ങളും നിയമങ്ങളും എങ്ങനെയാണ് പെരുമാറിയതെന്ന് നമുക്ക് കൃത്യമായി അറിയാവുന്നതാണല്ലോ. അനുഭവിച്ച മുറിവുകളെക്കാള്‍ ഭയാനകമാവും ഇനി വരാനുള്ളത് എന്ന ഭയത്തോടെ ഇരകള്‍ നിശബ്ദരാവുന്നുവെങ്കില്‍ നമുക്കവരെ കുറ്റം പറയാനാവില്ല.


വിദ്യാഭ്യാസവും തൊഴിലും വര്‍ധിക്കുന്നതോടൊപ്പം സ്ത്രീകളോടുള്ള മനോഭാവം മോശമായി വരുന്നു എന്നതാണ് ഈയടുത്തു നടന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. സ്ത്രീധനവും അതുമായി ബന്ധപ്പെട്ട പീഡനമരണങ്ങളും ഇന്ത്യയുടെ പലഭാഗത്തും നിത്യസംഭവമാണ്. അതോടൊപ്പം പഞ്ചാബ്, യു.പി, ബിഹാര്‍, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപകമായിരുന്ന ദുരഭിമാനക്കൊലകള്‍ ഇപ്പോള്‍ തമിഴ്‌നാട്, കര്‍ണാടക വരെ എത്തിയിരിക്കുന്നു. സ്വന്തം സമുദായത്തിന് ചേരാത്തവരെ പ്രണയിച്ചതിന് അടുത്ത ബന്ധുക്കളാല്‍ ജീവന്‍ നഷ്ടപ്പെടുന്ന യുവതികളുടെ എണ്ണം ഭീകരമാംവിധം വര്‍ധിച്ചുവരികയാണ്. പെണ്‍കുഞ്ഞുങ്ങളെ ഭ്രൂണാവസ്ഥയില്‍ത്തന്നെ കൊല്ലുന്ന നാട്ടില്‍, ആണ്‍കുഞ്ഞു പിറക്കാനായി പ്രത്യേകം വഴിപാടു നടത്തുന്ന നാട്ടില്‍ ഇത് പുതുമയുള്ളതല്ലെങ്കിലും വര്‍ധിച്ചുവരുന്ന ഇത്തരം സംഭവങ്ങള്‍ സമൂഹത്തിന്റെ അപക്വമായ സമീപനത്തെയാണ് പ്രതിനിധീകരിക്കുന്നത്. ലോകം മുന്നോട്ടുപോവുമ്പോള്‍ നമ്മള്‍ പിന്നിലേക്കു വലിയുകയാണ്. രഹസ്യമായിട്ടാണെങ്കിലും സതി ആചാരം വരെ പലയിടത്തും നിലനില്‍ക്കുന്നതായി വാര്‍ത്തകള്‍ കേള്‍ക്കുന്നു. മന്ത്രവാദത്തിന്റെ പേരും പറഞ്ഞ് നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ വേറെയും.
കൗമാരപ്രായമാവുമ്പോഴേക്ക് പുരുഷന്മാര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ഭൂമിക തുറന്നു കിട്ടുകയായി. തനിയെ സിനിമയ്ക്കു പോവാനും കൂട്ടുകാര്‍ക്കൊപ്പം യാത്ര ചെയ്യാനുമൊക്കെ അവന് അനുവാദം നല്‍കുന്ന മാതാപിതാക്കള്‍ പക്ഷേ അതേ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് പതിവ്. അവള്‍ക്ക് പുറം ലോകത്തിനുമേല്‍ പരിധികള്‍ വീഴുന്നു. ആണ്‍കുട്ടിയല്ലേ ലോകം കണ്ടു വരട്ടെ എന്നു മകനോട് പറയുന്നവരാണ് മകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഒപ്പം, സൂക്ഷിക്കാനേല്‍പ്പിച്ച മുതല്‍ കൈകാര്യം ചെയ്യുന്നവരാണ് മാതാപിതാക്കള്‍ എന്ന രീതിയിലുള്ള സമീപനവും. പെണ്‍കുട്ടി അന്യവീട്ടില്‍ പോകാനുള്ളവളായതിനാല്‍ നല്ലപാതയിലൂടെ നടത്തുകയെന്നത് കുടുംബത്തിന്റെ ആവശ്യമായി മാറുന്നു. വീട്ടില്‍ എല്ലാവരാലും സംരക്ഷിക്കപ്പെടേണ്ടവളാണ് പെണ്‍കുട്ടി. വളര്‍ന്നു വരുന്ന ആണ്‍കുട്ടിയുടെ മനസില്‍ ഈ കാഴ്ചകളെല്ലാം അതേപടിയുണ്ട്. പെണ്ണിന് സ്വയം സംരക്ഷിക്കാന്‍ കഴിവില്ല. അവള്‍ മറ്റാരുടേയോ ആണ്, അവള്‍ക്ക് സ്വന്തമായി ഒന്നും ചെയ്യാനാവില്ല...സ്വന്തം വീട്ടില്‍ അമ്മയ്ക്കും സഹോദരിക്കും സ്‌നേഹത്തോടെ സംരക്ഷണമൊരുക്കുന്ന മകന്റെയും സഹോദരന്റെയുമുള്ളില്‍ വളരുന്ന ഇതേ കാഴ്ചകള്‍ തന്നെയാണ് സ്ത്രീ ഒരുപടി താഴെ നില്‍ക്കുന്നവളും കഴിവു കുറഞ്ഞവളുമാണ് എന്ന വിശ്വാസം അവനില്‍ ജനിപ്പിക്കുന്നതും. പുറംലോകവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്ത് പുരുഷനെ ആത്മവിശ്വാസമുള്ളവനും പ്രാപ്തനുമാക്കുമ്പോള്‍ സ്ത്രീയെ വീട്ടുപണികളും പാചകവും ചെയ്യാനാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇത് പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടാണ്.

002
വിവാഹത്തിലൂന്നിയ അടിമത്ത പ്രഖ്യാപനമാണ് മറ്റൊന്ന്. വിവാഹം കുടുംബത്തിന്റെ, സമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യമായ സംഗതിയാണ് എന്നതില്‍ തര്‍ക്കമില്ല. എങ്കിലും വിവാഹമാണ് ഒരു സ്ത്രീയുടെ അന്തിമ ലക്ഷ്യം എന്ന രീതിയിലാണ് പെണ്‍കുട്ടികളെ കുടുംബവും സമൂഹവും വളര്‍ത്തിക്കൊണ്ടുവരുന്നത്. മറ്റുള്ളവര്‍ക്കു വേണ്ടി പാകപ്പെടാനായി സ്വന്തം സ്വപ്നങ്ങളും ജീവിതവും ബലികഴിക്കുന്ന ധാരാളം സ്ത്രീകള്‍ നമുക്കുചുറ്റും അസംതൃപ്തമായ ദാമ്പത്യം ചുമന്നുകൊണ്ടു നടക്കുന്നുമുണ്ട്. സഹപ്രവര്‍ത്തകന്‍ പറഞ്ഞ ഒരു സംഭവം ഓര്‍മവരുന്നു. ദീര്‍ഘകാലം പ്രണയിച്ച് ഒരാഴ്ച മുന്‍പു വിവാഹിതരായ സുഹൃത്തിനെയും വധുവിനെയും സന്ദര്‍ശിച്ച അവസരത്തില്‍ വധു എന്തോ തമാശ കേട്ട് ഉറക്കെ പൊട്ടിച്ചിരിച്ചു. ഉടന്‍ തന്നെ അബദ്ധം പറ്റിയപോലെ അവള്‍ ആ ചിരി കൈ കൊണ്ട് മറച്ചു പിടിക്കുകയും ചെയ്തു. കല്യാണം കഴിഞ്ഞ് ഇവിടെ എത്തിയ ശേഷം താനാദ്യമായിട്ടാണിങ്ങനെ ചിരിക്കുന്നതെന്ന് അവള്‍ പറഞ്ഞു. തമാശ കേട്ടാല്‍ ഉറക്കെ ചിരിച്ചിരുന്ന ഒരു പെണ്‍കുട്ടി ഒരാഴ്ചയായി സ്വന്തം വികാരങ്ങള്‍ ഉള്ളിലടക്കി അഭിനയിക്കുകയായിരുന്നുവെന്ന്. വരന്റെ വീട്ടില്‍ ഉത്തമകുടുംബിനിയും ശാലീനയായ മരുമകളുമാകാന്‍ പൊട്ടിച്ചിരിക്കാന്‍ പോലും അര്‍ഹതയില്ലെന്ന് അവളെ പറഞ്ഞു പഠിപ്പിച്ചതാരാണ്..! അതുപോലെ, വീടുകളില്‍ വിരുന്നുകള്‍ നടക്കുമ്പോള്‍ പുരുഷന്‍മാരുടെ ഭക്ഷണമെല്ലാം കഴിഞ്ഞാണ് സ്ത്രീകള്‍ കഴിക്കുന്നത്. പ്രധാന വിഭവങ്ങളില്‍ പലതും സ്ത്രീകള്‍ക്ക് കിട്ടാറുമില്ല.
സ്ത്രീകളുടെ ഭാഗത്തുനിന്ന് പ്രതിഷേധങ്ങളോ പ്രതികരണങ്ങളോ ഉണ്ടാവുന്നില്ല എന്നത് സ്ത്രീവിരുദ്ധ സമീപനങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. പലപ്പോഴും സ്ത്രീകള്‍ക്ക് സമൂഹം കല്‍പ്പിച്ചു നല്‍കിയ ശാലീനതയുടെ പ്രതിച്ഛായയില്‍ നിന്ന് പുറത്തിറങ്ങുവാന്‍ താല്‍പ്പര്യമില്ല. ഈ നിസംഗത തന്നെയാണ് പുറമെ നിന്നുള്ള അക്രമങ്ങള്‍ക്ക് മറ്റുള്ളവരെ ഒരു പരിധിവരെ പ്രേരിപ്പിക്കുന്നതും. അക്രമത്തെ പ്രതിരോധിക്കുന്നതു പോയിട്ട് സ്വന്തം അവകാശങ്ങള്‍ പോലും ചോദിച്ചു വാങ്ങാനാവാതെ ശാലീനതയാല്‍ മൂടപ്പെട്ടിരിക്കുകയാണ് ഭൂരിപക്ഷം സ്ത്രീകളും.
ബസുകളില്‍ സംവരണ സീറ്റുകള്‍ പുരുഷന്‍മാര്‍ പലപ്പോഴും കൈയടക്കി വച്ചിരിക്കും. ആവശ്യപ്പെട്ടാല്‍ മിക്കവാറും എല്ലാവരും സീറ്റ് ഒഴിഞ്ഞുതരാറുമുണ്ട്. പക്ഷേ ബസില്‍ തൂങ്ങിനിന്ന് യാത്ര ചെയ്താലും തനിക്ക് അവകാശപ്പെട്ട സീറ്റ് ചോദിച്ചു വാങ്ങാന്‍പോലും തുനിയാറില്ല മിക്ക സ്ത്രീകളും. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥകളും വിദ്യാര്‍ഥിനികളും വീട്ടമ്മമാരും എല്ലാം ഒരുപോലെത്തന്നെ.
ഇത്തരം നിസാര സംഭവങ്ങളിലൂടെയെല്ലാം ആണധികാരത്തിന്റെ തീവ്രത അറിയാതെത്തന്നെ സമൂഹത്തില്‍ അടിച്ചുറപ്പിക്കുകയാണ്.
അതുപോലെ, കുറെ വര്‍ഷങ്ങളായി നമ്മുടെ നാട്ടില്‍ മദ്യവും മയക്കുമരുന്നും സുലഭമാണ്. മുമ്പെല്ലാം ഒളിച്ചും മറച്ചും ചെയ്തിരുന്ന മദ്യപാനം ഇപ്പോള്‍ സമൂഹം അംഗീകരിച്ച ഒരു വിനോദമായി മാറിക്കഴിഞ്ഞതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്. കൂടാതെ സിനിമകളും മദ്യപാനത്തെ മഹത്വവത്കരിക്കുന്നുണ്ട്. പലപ്പോഴും അന്തസിന്റെയും പരിഷ്‌കാരത്തിന്റെയും അളവുകോലുകള്‍ നിര്‍ണയിക്കുന്ന വിധത്തിലെത്തിയിരിക്കുന്നു മദ്യപാനം. സൗഹൃദസദസുകളിലും പാര്‍ട്ടികളിലും മദ്യപിക്കാത്തവര്‍ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയുണ്ട്. മദ്യപാനമില്ലാത്തതിനാല്‍ ചങ്ങാതിമാരുടെ എണ്ണം ഇല്ലാതാവുന്ന മനോവിഷമം പലരും പങ്കുവയ്ക്കാറുണ്ട്. കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനു പിന്നില്‍ ഒരു കാരണം മനുഷ്യന് സ്വബോധത്തോടെ ചിന്തിക്കാന്‍ കഴിയാത്ത അവസ്ഥ തന്നെയാണ്. മുന്നിലുള്ള ജീവി മനുഷ്യനാണോ എന്നുപോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും മദ്യപിച്ച് പുറംലോകത്തിലേക്കിറങ്ങുന്നത്. ഈയടുത്തകാലത്തുണ്ടായ ഭീകരമായ എല്ലാ കുറ്റകൃത്യങ്ങളിലും പ്രതികള്‍ മദ്യപിച്ചിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മദ്യശാലകള്‍ക്കു മുന്‍പില്‍ അഭിമാനത്തോടെ വരിനില്‍ക്കുന്നവര്‍ പലരും അത് ആണത്തത്തിന്റെ അടയാളമാണെന്നു പറയുന്നതു കേട്ടിട്ടുണ്ട്. നമ്മുടെ സമൂഹത്തെ ഇന്നു കാണുന്ന അവസ്ഥയിലേക്കെത്തിച്ചതില്‍ മദ്യത്തിനും ലഹരിമരുന്നുകള്‍ക്കും വലിയൊരു പങ്കുണ്ട്. വീടുകളിലും മദ്യം സമാധാനം നഷ്ടപ്പെടുത്തുമ്പോള്‍ അതിന്റെ തിക്തഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകള്‍ തന്നെ.
മനുഷ്യരില്‍ സ്‌നേഹവും അലിവും കുറയുകയും സ്വാര്‍ഥത കൂടുകയും ചെയ്തു എന്നതു കൂടിയാണ് ഈ ക്രൂരതകള്‍ കാണിക്കുന്നത്. സൗമ്യ വധത്തിലെയും ഡല്‍ഹി സംഭവത്തിലെയും പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ കഠിനാധ്വാനം ചെയ്ത് പിടികൂടിയ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് കേസിന്റെ തുടര്‍ന്നുള്ള പോക്ക് ഒട്ടും സംതൃപ്തി പകര്‍ന്നിട്ടുണ്ടാവില്ലെന്നുറപ്പാണ്. വര്‍ഷങ്ങളോളം നീളുന്ന നിയമ നടപടികള്‍, ശിക്ഷ നടപ്പാകാനുള്ള കാലതാമസം ഇതെല്ലാം തന്നെ ചെയ്ത കുറ്റത്തെ നിസാരവത്കരിക്കുന്ന രീതിയിലുള്ളതാണ്. സൗമ്യയെ ദാരുണമായി കൊലപ്പെടുത്തിയ പ്രതി കൂടുതല്‍ എരിവും പുളിയും ഊര്‍ജവുമുള്ള ഭക്ഷണത്തിനായി ജയിലില്‍ ബഹളമുണ്ടാക്കുന്നത് നമ്മുടെ കണ്‍മുന്നിലാണ്.
ഡല്‍ഹി സംഭവത്തില്‍ അതിനീചമായി പെണ്‍കുട്ടിയെ ഉപദ്രവിച്ചവന് പ്രായപൂര്‍ത്തിയായിരുന്നില്ല പോലും. കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന രീതി പ്രാകൃതമാണെന്നു തള്ളിക്കളയാന്‍ മനസാക്ഷിയുള്ളവര്‍ക്കു തോന്നാത്തതും ഇതുകൊണ്ടാണ്. ഏക മകളെ കൊന്ന കുറ്റവാളി സുഖമായി പുറത്തിറങ്ങി നടക്കുന്ന കാഴ്ച കണ്ട് തോക്കേന്തിയ അച്ഛന്റെ നീതിക്കൊപ്പം നമ്മള്‍ നില്‍ക്കുന്നതും സ്വാഭാവികം. ശക്തമാവേണ്ടത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയാണ്. മനുഷ്യാവകാശം എന്തെന്ന് ഇനിയും പ്രത്യേകം നിര്‍വചിക്കപ്പെടേണ്ടതുണ്ട്. അതിക്രൂരമായി നിസഹായയായ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയവര്‍ക്കുപോലും ആനുകൂല്യം കിട്ടുന്ന രീതിയിലാവരുത് മനുഷ്യാവകാശം. കഠിനമായ ശിക്ഷകള്‍ കുറ്റവാളികള്‍ക്കു ലഭിക്കുന്നത് മൊത്തം സമൂഹത്തിനുതന്നെയുള്ള മുന്നറിയിപ്പാണ്. അത് സ്വാഭാവികമായും കുറ്റം ചെയ്യാനുള്ള പ്രവണതയെ നിരുത്സാഹപ്പെടുത്തും. അതേസമയം വടി കാണിച്ച് കുട്ടികളെ പേടിപ്പിച്ചു നിര്‍ത്തുന്ന അവസ്ഥയല്ല സമൂഹത്തിലുണ്ടാവേണ്ടത്. സ്ത്രീകളെ അംഗീകരിക്കാനും ബഹുമാനിക്കാനുമാവുന്ന തലത്തിലേക്ക് സമൂഹത്തിന്റെ പൊതുബോധത്തെ ഉയര്‍ത്തിക്കൊണ്ടു വരികയാണു വേണ്ടത്.
സ്ത്രീകള്‍ക്ക് കഴിയുന്നത്ര വിദ്യാഭ്യാസവും പുറംലോകവും നല്‍കി സ്വയം പര്യാപ്തരാക്കുക എന്നതാണ് സമൂഹത്തിന് ചെയ്യാനുള്ളത്. അതോടൊപ്പം സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന രീതിയില്‍ കൈത്തൊഴിലുകള്‍ അടക്കമുള്ള പരിശീലനം ലഭ്യമാക്കുക. ചെറുപ്രായത്തിലുള്ള വിവാഹവും പ്രസവവും നിരുത്സാഹപ്പെടുത്തുക. സ്ത്രീകള്‍ക്കെതിരായുള്ള അക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കഴിയുന്നത്ര പുറംലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വരിക. പുറത്തുപറയാന്‍ മടിക്കുന്നത് അക്രമം ചെയ്യുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നു മറക്കാതിരിക്കുക. നിയമങ്ങളെക്കുറിച്ച് ബോധവതികളാവുക. സ്ത്രീകളെ ഇകഴ്ത്തുന്ന രീതിയിലുള്ള സിനിമകളും കലാപരിപാടികളും വിനോദങ്ങളും പ്രോത്സാഹിപ്പിക്കാതിരിക്കുക. സമൂഹമാധ്യമങ്ങളില്‍ക്കൂടിയും മറ്റും പങ്കിട്ടു പോകുന്ന രതി വിഷയമായ തമാശകള്‍, അശ്ലീല വീഡിയോ തുടങ്ങിയവയെ അകറ്റിനിര്‍ത്തുക, സ്ത്രീകളെ താഴ്ത്തിക്കെട്ടുന്ന രീതിയില്‍ സംസാരിക്കാതിരിക്കുക, നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വനിതാ സംഘടനകളെ പ്രോത്സാഹിപ്പിക്കുക, മറ്റുള്ളവര്‍ ചെയ്‌തോളും എന്ന അലസമനോഭാവം വെടിഞ്ഞ് സ്ത്രീകള്‍ ഉത്തരവാദിത്തങ്ങളേല്‍ക്കാന്‍ തയാറാവുക, അതോടൊപ്പം വ്യക്തിപരമായ വിഷമങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ വിശ്വാസമുള്ളവരോടോ സംഘടനകളോടോ പറയുക(സ്വയം പരിഹരിക്കാനാവാത്ത വിഷമങ്ങള്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് നിസാരമായി പരിഹരിക്കാനായേക്കും). സര്‍വോപരി പെണ്‍കുട്ടിയോട് ബഹുമാനത്തോടെ പെരുമാറാന്‍ ആണ്‍കുട്ടികളെ പഠിപ്പിക്കുക. ഇങ്ങനെ നമുക്ക് ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. പെട്ടെന്ന് ഒരു സൂര്യോദയം ഉണ്ടാവില്ലെങ്കിലും ഇപ്പോള്‍ ബാധിച്ച ഈ ഇരുട്ട് നീക്കിക്കളയേണ്ട ചുമതല നമ്മളോരോരുത്തര്‍ക്കുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  30 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  33 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  an hour ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago