കാറിനെ ഓവര്‍ടേക്ക് ചെയ്ത സൈക്കിളിന് 152 ഡോളര്‍ പിഴ!
മെല്‍ബണ്‍: വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. അത്രയേറെ കൗതുകമുണ്ട് ഈ വാര്‍ത്തയ്ക്ക്. നിര്‍ത്തിയിട്ടിരുന്ന കാറിനെ ഓവര്‍ടേക്ക് ചെയ്തു കടന്നുപോയതിന് സൈക്കിള്‍ യാത്രക്കാരന് 152 ഡോളര്‍ പിഴയിട്ടിരിക്കുകയാണ്. ഓസ്ട്രേലിയയിലാണ് സംഭവം.
ലോറീ ഡന്കാന് എന്ന 65 കാരനായ സൈക്കിള്‍ യാത്രക്കാരനാണ് പിഴ കണ്ട് ഞെട്ടിയിരിക്കുന്നത്. കാറിന്റെ ഇടതുവശത്തു കൂടി സൈക്കിള്‍ ഓവര്‍ടേക്ക് ചെയ്തതിനാണ് പൊലിസിന്റെ നടപടി.
കാര്‍ ഇടതു വശത്തേക്ക് ഇന്‍ഡിക്കേറ്റര്‍ ഇട്ടിരുന്നുവെങ്കിലും നിര്‍ത്തിയിട്ട നിലയിലായിരുന്നു. കാറിന്റെ മുന്‍പിലൂടെ ഇരുവശത്തേക്കും ആളുകള്‍ നടന്നുപോകുന്നുമുണ്ടായിരുന്നു. വലതുവശത്തൂ കൂടി കാറിനെ മറികടക്കുന്നത് സുരക്ഷിതമല്ലെന്നു കണ്ടാണ് ഇടതുവശം തെരഞ്ഞെടുത്തതെന്നും സൈക്കിള്‍ യാത്രക്കാരന് പറയുന്നു.
കാറിനെ മറികടന്ന് അടുത്ത നിമിഷം തന്നെ പൊലിസെത്തി കൈകാണിക്കുകയും പിഴ ഈടാക്കിയതായി അറിയിക്കുകയുമായിരുന്നു. എന്നാല്‍ താന്‍ ചെയ്തത് തെറ്റാണെന്നു തോന്നുന്നില്ലെന്നാണ് സൈക്കിള്‍ യാത്രക്കാരന്റെ നിലപാട്. ബൈസൈക്കിള്‍ നെറ്റ് വര്‍ക്ക് അംഗമായ ഡന്കാനിനെ സഹായിക്കാന്‍ അഭിഭാഷകനെ വച്ച് കോടതിയെ സമീപിച്ചെങ്കിലും രക്ഷയുണ്ടായില്ല.
നിയമം അത്ര കടുപ്പിക്കുകയാണെങ്കില്‍ നഗരത്തിലെ എല്ലാ സൈക്കിള്‍ യാത്രക്കാര്‍ക്കും പിഴ ഈടാക്കേണ്ടി വരുമെന്നാണ് ഡാന്കന് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."