തൊണ്ടിവാഹനങ്ങള്‍ 'നിയമസഭയില്‍'..!
പുത്തനത്താണി: പൊലിസ്, എക്‌സൈസ്, ഫോറസ്റ്റ്, റവന്യൂ ഓഫിസ് പരിസരങ്ങളില്‍ വിവിധ കേസുകളോടനുബന്ധിച്ചു പിടിച്ചെടുത്ത ആയിരക്കണക്കിനു വാഹനങ്ങള്‍ വെയിലും മഴയുമേറ്റു നശിക്കുന്നതിനെതിരേ നിയമസഭയില്‍ സബ്മിഷന്‍. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയാണ് വിഷയം സഭയിലുന്നയിച്ചത്.
തൊണ്ടിവാഹനങ്ങളുടെ കാര്യത്തില്‍ ശാശ്വത പരിഹാരമുണ്ടാകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, പൊലിസ് വകുപ്പിന്റെതന്നെ ആയിരത്തിലേറെ വാഹനങ്ങളും പൊലിസ് കേസുമായി ബന്ധപ്പെട്ടു പിടിച്ചെടുത്ത വാഹനങ്ങളും ഈ വിധത്തില്‍ തുരുമ്പെടുത്തു നശിക്കുന്നതും സഭയുടെ ശ്രദ്ധയില്‍പെടുത്തി. ഇതില്‍ ഇരുപതിനായിരത്തിലേറെ വാഹനങ്ങളില്‍ നാലിലൊന്നും മലപ്പുറം ജില്ലയിലാണ്. ഇവയില്‍ പലതും നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് ഉടമകള്‍ക്കു വിട്ടുകൊടുക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വാഹനങ്ങള്‍ വേഗത്തില്‍ വിട്ടുനല്‍കാതിരിക്കുന്ന നടപടിയെ സുപ്രിംകോടതിയും ഹൈക്കോടതിയും രൂക്ഷമായി വിമര്‍ശിച്ച സാഹചര്യത്തില്‍ 2013ല്‍ ഡി.ജി.പി ഇതുസംബന്ധിച്ചു നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."