ശാപമോക്ഷമില്ലാതെ ചേര്‍ത്തല പൊലിസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍
ചേര്‍ത്തല: ഡി.ജി.പി ഉത്തരവിട്ട് മാസങ്ങളായിട്ടും ചേര്‍ത്തല പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ള വാഹനങ്ങള്‍ക്ക് ശാപമോക്ഷം ലഭിക്കുന്നില്ല. സംസ്ഥാനത്ത് വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസില്‍പ്പെട്ടു പിടികൂടിയ വാഹനങ്ങള്‍ സ്റ്റേഷനില്‍ കുന്നുകൂടുന്നത് തടയാനുള്ള നടപടി സ്വീകരിക്കണമെന്ന് രണ്ടു മാസംമുന്‍പാണ് ഡി.ജി.പി. നിര്‍ദേശിച്ചത്. എന്നാല്‍ ചേര്‍ത്തല പോലീസ് സ്റ്റേഷനിലെ വാഹനങ്ങളുടെ കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായില്ല.
വിവിധ കേസില്‍ പിടിച്ചെടുത്ത നിരവധി വാഹനങ്ങളാണ് പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിനുള്ളിലും പുറത്തുമായി നശിക്കുന്നത്. ഇരുചക്രവാഹനങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വില വരുന്ന ലോറിവരെ അതില്‍പ്പെടും. കേസുള്ളതിനാല്‍ ഇവ വിട്ടുകൊടുക്കാനോ ലേലം ചെയ്തു വില്‍ക്കാനോ തങ്ങള്‍ക്ക് കഴിയില്ലെന്നും കോടതിക്കു മാത്രമേ പരിഹാരം കാണാനാകുവെന്നുമാണ് പോലീസ് പറയുന്നത്.
ഇരുചക്രവാഹനങ്ങള്‍ സ്റ്റേഷന്‍ കാമ്പോണ്ടിനകത്തും മറ്റ് വലിയ വാഹനങ്ങള്‍ സ്റ്റേഷന് മുന്നിലും പിന്നിലുമായാണ് കിടക്കുന്നത്. അനധികൃതവും നിയമവിരുദ്ധവുമായ വസ്തുക്കള്‍ സഹിതം പിടിച്ചവയും ഇന്‍ഷ്യറന്‍സ്, ടാക്‌സ്, ലൈസന്‍സ് എന്നിവ ഇല്ലായെന്ന് കണ്ടെത്തിയതുമായ വണ്ടികളാണ് കിടക്കുന്നതിലധികവുമെന്ന് പോലീസ് പറഞ്ഞു. ഇത്രയധികം ഇല്ലെങ്കിലും കേരളത്തിലെ ഒരുവിധപ്പെട്ട എല്ലാ സ്റ്റേഷനുകളിലും പിടിച്ചെടുത്ത വാഹനങ്ങള്‍ കിടപ്പുണ്ട്.
അവകാശികളില്ലാതെ പിടിച്ചെടുത്തിട്ടുള്ള വാഹനങ്ങള്‍ വര്‍ഷം തോറും പരസ്യലേലം ചെയ്ത് നല്‍കാറുണ്ട്. ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ ഈ വര്‍ഷം ലേലം നടന്നിട്ടില്ല. വാഹനത്തിന് ഉടമസ്ഥനുണ്ടെങ്കില്‍ ഹാജരാകാന്‍ ഗസറ്റ് നോട്ടിഫിക്കേഷന്‍ ചെയ്ത ശേഷമാണ് പരസ്യലേലം ചെയ്യുന്നത്.
ജില്ലാ പോലീസ് സൂപ്രണ്ടിന്റെ അനുവാദത്തോടെ ഡിഎസ്പിയുടെ മേല്‍നോട്ടത്തിലാണ് ലേലം നടക്കുക. ലേലത്തിനു മുന്‍പായി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വണ്ടി പരിശോധിച്ച് വില നിശ്ചയിക്കുകയാണ് ചെയ്യുന്നത്.
കേസ് കോടതിയിലായാല്‍ വാഹനം പോലീസ് ബന്ധവസ്സില്‍ സൂക്ഷിക്കാന്‍ കോടതി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കും. അങ്ങനെ ഏല്‍പ്പിച്ചവയാണ് ഇവിടെ കിടക്കുന്നത്. ആവശ്യപ്പെടുമ്പോള്‍ തിരികെ ഹാജരാക്കേണ്ട വാഹനങ്ങളില്‍ പലതിന്റേയും ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. പല വാഹനത്തിനും ടയര്‍, ബാറ്ററി തുടങ്ങിയവയും പ്രധാനപ്പെട്ട പാര്‍ട്‌സുകളും ഇല്ല. വാഹനത്തിന് രേഖകള്‍ ശരിയായവിധം ഇല്ലാത്തവ മാത്രമാണ് കിടന്ന് നശിക്കുന്നതെന്നും രേഖകള്‍ ഉള്ളവ ലേലം ചെയ്യാറുണ്ടെന്നുമാണ് പോലീസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."