ഭക്ഷ്യനയം: കരട് മുന്‍ഗണനാ പട്ടിക റദ്ദാക്കണമെന്ന്
പത്തനംതിട്ട: ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കരട് മുന്‍ഗണനാ പട്ടിക റദ്ദാക്കണമെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ആര്‍. ബാലന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അര്‍ഹരായവര്‍ക്ക് റേഷന്‍ നഷ്ടമാകുകയും 15 ലക്ഷം അനര്‍ഹര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുകയും ചെയ്തിട്ടുണ്ട്. 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തയാറാക്കിയ മുന്‍ ബി.പി.എല്‍ റേഷന്‍ കാര്‍ഡും അപേക്ഷാ ഫോറവും മാത്രം നോക്കിയാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. അതിനാല്‍ ആധാര്‍ കാര്‍ഡുകള്‍ മാനദണ്ഡമാക്കി പുതിയ ലിസ്റ്റ് തയാറാക്കണമെന്ന് റേഷന്‍ വ്യാപാരി സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. നിലവില്‍ റേഷന്‍ സബ്‌സിഡിക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 500 കോടി രൂപ ഇടത്തരം കുടുംബങ്ങള്‍ക്ക് റേഷന്‍ നല്‍കാന്‍ ഉപയോഗിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
റേഷന്‍ വ്യാപാരിക്കും സെയില്‍സ്മാനും മാസശമ്പളവും കടവാടകയും നല്‍കിയില്ലെങ്കില്‍ പദ്ധതിയുമായി സഹകരിക്കില്ലെന്നും ലൈസന്‍സുകള്‍ സര്‍ക്കാരിന് തിരിച്ച് നല്‍കി റേഷന്‍ കടകള്‍ ഉപേക്ഷിക്കുമെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്തിനുള്ള എ.പി.എല്‍ അരി വിഹിതം വെട്ടിക്കുറക്കുകയും 35 ശതമാനം മണ്ണെണ്ണ വിഹിതം വെട്ടിക്കുറക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ റേഷന്‍ വ്യാപാരികള്‍ ധര്‍ണ്ണ നടത്തുമെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."