തെങ്ങുകളില്‍ വെള്ളീച്ചകളുടെ ആക്രമണം രൂക്ഷമാകുന്നു
കുഴല്‍മന്ദം: മലയോര മേഖലകളില്‍ വെള്ളീച്ചകളുടെ ആക്രമണം മൂലം 80 ശതമാനം ഉല്‍പാദന നഷ്ടം ഉണ്ടാകുന്നതായി വിള ആരോഗ്യ കേന്ദ്രം നടത്തിയ സര്‍വേയില്‍ കണ്ടെത്തി. വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളില്‍ ആക്രമണം കൂടുതല്‍ കണ്ടെത്തിയതായി കൃഷി ഓഫിസര്‍ എം. വി. രശ്മി പറഞ്ഞു. നിരവധി കര്‍ഷകര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പരിശോധന. സംസ്ഥാനത്തുതന്നെ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവമാണിത്. തമിഴ്‌നാട്ടില്‍ തെങ്ങിന്‍തോപ്പുകളില്‍ ഈ വര്‍ഷം വെള്ളീച്ചകള്‍ മാരകമായ ആക്രമണം നടത്തിയിരുന്നു. സംസ്ഥാനത്ത് പാലക്കാട് ജില്ലയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നതെന്നും മറ്റു ജില്ലകളില്‍ ഒന്നും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണത്തിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു.
മഴക്കുറവുള്ള പ്രത്യേക കാലാവസ്ഥയും തമിഴ്‌നാടിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമായതിനാലുമാണ് രോഗം വേഗം പടരുന്നത്. തെങ്ങിന്റെ ഓലകളുടെ അടിഭാഗത്ത് വെള്ളീച്ചകളെ കാണാം. ഓലയുടെ മുകള്‍ഭാഗം കറുത്ത നിറത്തിലുള്ള കുമിള്‍ബാധയേറ്റ് നശിക്കുകയാണ്. വെള്ളീച്ചകള്‍ പുറപ്പെടുവിക്കുന്ന മധുരമുള്ള ദ്രാവകം ഭക്ഷിക്കാനെത്തുന്ന കാപ്‌നോഡിയം എന്ന കുമിളും നാശമുണ്ടാക്കുന്നു. തെങ്ങിലെ വെള്ളീച്ചകളുടെ നിയന്ത്രണത്തിന് രാസകീടനാശിനികളൊന്നും ഫലപ്രദമകുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."