നഗരസഭ വെട്ടിയ പാത റെയില്‍വേ തടസപ്പെടുത്തി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയും റെയില്‍വേ അധികൃതരും തമ്മിലുള്ള ശീതസമരം മുറുകുന്നു. ഹൊസ്ദുര്‍ഗ് കുശാല്‍ നഗറില്‍ നിന്നു റെയില്‍വേ പാതക്ക് സമാന്തരമായി പുതുതായി നിര്‍മിച്ച പാതയില്‍ ഇരുമ്പ് കുറ്റികള്‍ താഴ്ത്തി റെയില്‍വേ അധികൃതര്‍ തടസ്സം സൃഷ്ടിച്ചു. കുശാല്‍ നഗറില്‍ നിന്നു ഹൊസ്ദുര്‍ഗ് കവലയില്‍ പ്രവേശിച്ച് പ്രധാന പാതയിലൂടെ നഗരത്തിലെത്തിയിരുന്ന പ്രദേശവാസികള്‍ക്കും മറ്റു യാത്രക്കാര്‍ക്കും എളുപ്പത്തില്‍ റെയില്‍വേ സ്റ്റേഷനിലും കോട്ടക്കച്ചേരി ട്രാഫിക് കവലയിലും എത്തിച്ചേരാന്‍ പാകത്തിലാണു റെയില്‍വേ പാതക്ക് സമാന്തരമായി നഗരസഭാ അധികൃതര്‍ പുതിയ പാത വെട്ടിയത്.
എന്നാല്‍ നഗരസഭാ നേതൃത്വത്തില്‍ ഈ പാത വെട്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തേക്ക് എത്തുമ്പോഴേക്കും റെയില്‍വേ അധികൃതര്‍ കുശാല്‍ നഗറില്‍ നിന്നു പാതയിലേക്കു കയറുന്ന ഭാഗം തടസപ്പെടുത്തുകയായിരുന്നു.
നഗരത്തില്‍ നടക്കുന്ന പാത നവീകരണത്തിന്റെ ഭാഗമായി ഉണ്ടായ ഗതാഗത കുരുക്കിന്റെ രൂക്ഷത കുറക്കാന്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിനു സമീപം ഇക്കഴിഞ്ഞ ഓണക്കാലത്ത് നഗരസഭാ അധികൃതര്‍ താല്‍ക്കാലിക പാര്‍ക്കിങ് സംവിധാനം ഒരുക്കിയിരുന്നു. എന്നാല്‍ കാടുകള്‍ വെട്ടി മണലും നിരത്തി പാര്‍ക്കിങ് സ്ഥലം ഒരുങ്ങിയതോടെ ഈ സ്ഥലത്തു റെയില്‍വേ വേലിയും നോ പാര്‍ക്കിങ് ബോര്‍ഡും സ്ഥാപിച്ചു.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള മത്സ്യമാര്‍ക്കറ്റില്‍ നിന്നു റെയില്‍വേ സ്റ്റേഷന്‍ പാതയിലേക്കും മറ്റും മലിനജലം ഒഴുകുന്നതു സംബന്ധിച്ചും തെരുവുനായകള്‍ സ്റ്റേഷന്‍ കെട്ടിടത്തിനകത്തും പ്ലാറ്റ് ഫോമിലും സൈ്വര്യ വിഹാരം നടത്തുകയും ട്രെയിന്‍ യാത്രക്കാരെ ആക്രമിക്കുന്നതു സംബന്ധിച്ചും നടപടിയെടുക്കാന്‍ റെയില്‍വേ അധികൃതര്‍ നഗരസഭക്കു കഴിഞ്ഞ മാസം പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണു നഗരസഭാ അധികൃതര്‍ റെയില്‍പാതക്കു സമാന്തരമായി പുതിയ പാത വെട്ടിയത്. പാതയുടെ ജോലി പാതി വഴിയിലെത്തിയപ്പോള്‍ തന്നെ റെയില്‍വേ അധികൃതര്‍ ഇതിന് തടസം സൃഷ്ടിക്കുകയായിരുന്നു.
അതേ സമയം റെയില്‍വേയുടെ അധീനതയിലുള്ള സ്ഥലത്ത് കൂടി നഗരസഭാ അധികൃതര്‍ പാത വെട്ടിയതായാണു റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നത്. നഗരസഭാ അധികൃതര്‍ വെട്ടിയ പാത റെയില്‍വേ അധികൃതര്‍ തടസ്സപ്പെടുത്തിയതു പി കരുണാകരന്‍ എം.പി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."