ജാതിചിന്തയുടെ സാഹചര്യത്തില്‍ ഗുരുദര്‍ശനത്തിന് ഏറെ പ്രസക്തി: മന്ത്രി എ.സി മൊയ്തീന്‍
തൊടുപുഴ: അസ്തമിച്ചെന്നു കരുതിയ ജാതി-മതചിന്തകളെ മടക്കിക്കൊണ്ടു വരുന്ന സാഹചര്യത്തില്‍ ശ്രീനാരായണഗുരുദര്‍ശനങ്ങള്‍ക്കു പ്രസക്തിയേറുകയാണെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
ശ്രീനാരായണഗുരുവിന്റെ 'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനവും സാംസ്‌കാരിക സംഗമവും തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയലാഭത്തിനു വേണ്ടി പോലും മതചിന്തകളെ പ്രയോജനപ്പെടുത്തുന്നു. പുരോഗമനപരമായും പ്രതിലോമപരമായും ഗുരുദര്‍ശനങ്ങളെ വ്യാഖ്യാനിയ്ക്കുന്നു.
മതത്തിന്റെ പേരില്‍ കലഹിക്കുന്ന നാടിന് ഒരിക്കലും പുരോഗതി പ്രാപിക്കാന്‍ കഴിയില്ലെന്നോര്‍ക്കണം. വിശാലമായ മാനവികതയിലൂന്നിയതാണ് ഗുരുദര്‍ശനങ്ങള്‍. അത് മനുഷ്യസമൂഹത്തെ ഒരുമിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
ഗുരുദര്‍ശനങ്ങള്‍ വീണ്ടും വായിക്കപ്പെടേണ്ടതിന്റെ പ്രസക്തി ഇവിടെയാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പി.ജെ ജോസഫ് എം.എല്‍.എ അധ്യക്ഷനായി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. പിആര്‍ഡി ഡപ്യൂട്ടി ഡയറക്ടര്‍ കെ അബ്ദുള്‍ റഷീദ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഇ.പി സത്യന്‍, തൊടുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ ജി.ആര്‍ ഗോകുല്‍ സ്വാഗതം പറഞ്ഞു.
കേരള ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന കലാ- സാംസ്‌കാരിക സംഗമത്തില്‍ പി കെ മേദിനി, സി ജെ കുട്ടപ്പന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സാംസ്‌കാരിക-വിദ്യാഭ്യാസ വകുപ്പുകള്‍, ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടിസംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."