നിലമ്പൂര്‍ ജില്ലാ ആശുപത്രി എച്ച്.എം.സി യോഗം: കക്കൂസ് മാലിന്യം സംസ്‌കരിക്കാന്‍ നടപടി
നിലമ്പൂര്‍: ജില്ലാ ആശുപത്രിയില്‍ പുതിയ ബില്‍ഡിങ് നിര്‍മിക്കുന്ന സ്ഥലത്തെ പത്തോളം കക്കൂസ് ടാങ്കുകളിലെ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന എച്ച്.എം.സി യോഗത്തില്‍ തീരുമാനമായി. ഈ മാലിന്യം ഇവിടെ നിന്നും നീക്കം ചെയ്താല്‍ മാത്രമേ കെട്ടിടത്തിന്റെ പ്രവര്‍ത്തി തുടങ്ങാന്‍ സാധിക്കുകയുള്ളൂ.
ആശുപത്രിയുടെ പുറത്ത് സ്വകാര്യ സ്ഥലങ്ങള്‍ ലഭ്യമെങ്കില്‍ മാലിന്യം അവിടെ സംസ്‌കരിക്കും. ഇല്ലെങ്കില്‍ ആശുപത്രി കോമ്പൗണ്ടില്‍ തന്നെ വലിയൊരു കുഴിയെടുത്ത് അതില്‍ മാലിന്യം സംസ്‌കരിക്കാനാണ് ധാരണയിലെത്തിയിരിക്കുന്നത്. എന്‍.ആര്‍.എച്ച്.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 കോടി 50 ലക്ഷം രൂപയുടെ കെട്ടിടമാണ് ഇവിടെ നിര്‍മിക്കുന്നത്.
ജനറല്‍ വാര്‍ഡ്, കുട്ടികളുടെ വാര്‍ഡ്, വനിതകളുടെ പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ് എന്നിവയാണ് ഈ കെട്ടിടത്തിലുണ്ടാവുക. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.
ജില്ലാ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ വി.സുധാകരന്‍, ജില്ലാ പഞ്ചായത്ത് അംഗം സറീനാ മുഹമ്മദാലി, എച്ച്.എം.സി അംഗങ്ങളായ കെ.ടി കുഞ്ഞാന്‍, ഇസ്മാഈല്‍ മൂത്തേടം, ജസ്മല്‍ പുതിയറ, ബിനോയ് പാട്ടത്തില്‍, വേലായുധന്‍, ഗിരീഷന്‍, മുജീബ് ദേവശ്ശേരി, അഡ്വ.രമേശ്, കെ.റഹീം, ആശുപത്രി സൂപ്രണ്ട് ഡോ.സീമാമു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."