കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം വിജയം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും പ്രശ്‌നബാധിത ബൂത്തുകള്‍ നിരീക്ഷിക്കാനും പ്രശ്‌നപരിഹാരത്തിനും ജില്ലാ കലക്ടര്‍ ബിജു പ്രഭാകറിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഏര്‍പ്പെടുത്തിയ വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ വിപുലമായ സജ്ജീകരണങ്ങള്‍ വന്‍ വിജയം.
ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഷീബാ ജോര്‍ജ്, ഡെപ്യൂട്ടി കലക്ടര്‍ ട്രെയിനി സവിത എന്നിവരുടെ നിരീക്ഷണത്തില്‍ കെല്‍ട്രാണ്‍, സര്‍വേ, റവന്യൂ, ഐ.ടി അറ്റ് സ്‌കൂള്‍, അക്ഷയ തുടങ്ങിയവയിലെ ജീവനക്കാരടക്കം നൂറോളം പേരാണ് ഇതിനായി പ്രവര്‍ത്തന നിരതരായത്.
വെബ് കാസ്റ്റിംഗ്, എസ്.എം.എസ് മോണിറ്ററിംഗ്, പ്രശ്‌നബാധിത ബൂത്തുകളുടെ നിരീക്ഷണം, പോളിംഗ് ബൂത്തുകളിലെ പ്രശ്‌ന പരിഹാരവും ആവശ്യമായ നിര്‍ദ്ദേശവും നല്‍കല്‍, പോളിങ് ശതമാനം കൃത്യമായി അപ്‌ലോഡ് ചെയ്യല്‍ എന്നിവ ചിട്ടയായി കണ്‍ട്രോള്‍ റൂമില്‍ നടന്നു. പോളിംഗ് ശതമാനം അതത് സമയങ്ങളില്‍ കൃത്യമായി അറിയിക്കാന്‍ വരണാധികാരിയുടെ ഓഫിസില്‍ കണ്‍ട്രോള്‍ റൂമിന്റെ ചുമതലയിലുള്ള വ്യക്തിയുമായി ബന്ധപ്പെട്ട് പോളിംഗിന്റെ ശതമാനം സ്ത്രീകളുടെയും പുരുഷന്റെയും ശതമാനം വേര്‍തിരിച്ച് അപ്‌ലോഡ് ചെയ്യുന്ന സംവിധാനവും കൃത്യതയോടെ നിര്‍വഹിച്ചു. അതോടൊപ്പം ലഭിച്ച ഡാറ്റ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലേക്കും ജീവനക്കാര്‍ ഉടന്‍തന്നെ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
സെക്ടറല്‍ ഓഫിസര്‍മാര്‍ ഓരോ ബൂത്തിലെയും പ്രിസൈഡിംഗ് ഓഫീസര്‍മാരുമായി നേരിട്ട് ബന്ധപ്പെട്ട് ബൂത്തിലെ കുറവുകള്‍ മനസിലാക്കി പരിഹാരം ചെയ്യുന്നതും കൃത്യതയോടെ നടന്നു. പ്രിസൈഡിംഗ് ഓഫീസര്‍ ഡാറ്റ അപ്‌ഡേറ്റ് ചെയ്യാന്‍ വിട്ടുപോയാല്‍ അത് പ്രിസൈഡിംഗ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്താനും കണ്‍ട്രോള്‍ റൂം ഹെല്‍പ് ഡെസ്‌ക് ശ്രദ്ധിച്ചിരുന്നു.
ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചാണ് വെബ് കാസ്റ്റിംഗ് നടത്തിയത്. അതോടൊപ്പം ദൃശ്യങ്ങള്‍ ടെക്‌നോപാര്‍ക്കിലെ സ്റ്റേറ്റ് ഡാറ്റാ സെന്ററില്‍ സ്റ്റോര്‍ ചെയ്യുകയും ചെയ്തു. ഇതിന് ആവശ്യമായ സി.ഇ.ഒ അലര്‍ട്ട് സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചത് കെല്‍ട്രോണ്‍ ആണ്. വെബ് കാസ്റ്റിംഗ് നടത്തിപ്പ് അക്ഷയ സെന്ററും എസ്.എം.എസ് അപ്‌ഡേഷന്‍ ഐ.ടി മിഷനുമാണ് നിര്‍വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."