ചാലാട് പൊലിസിനെ ആക്രമിച്ച സംഭവം: എട്ടുപേര്‍ അറസ്റ്റില്‍
കണ്ണൂര്‍: ചാലാട് ധര്‍മശാസ്താ ക്ഷേത്രത്തിലെ ഗാനമേളയുമായി ബന്ധപ്പെട്ട് പൊലിസുകാരെ ആക്രമിച്ചു പരുക്കേല്‍പ്പിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഗുണ്ടാസംഘത്തില്‍പ്പെട്ട എട്ടുപേരെ പൊലിസ് അറസ്റ്റുചെയ്തു. ചാലാട് മണലിലെ ജാനകി നിവാസില്‍ കെ നിഖില്‍ എന്ന എന്‍.സി.ആര്‍ (25), ചാലാട് ക്ഷേത്രത്തിനു സമീപം ശ്രീനിലയത്തില്‍ ഷാരോണ്‍ (24), പെട്രോള്‍പമ്പിനു സമീപം അഞ്ജനത്തില്‍ പി അംജിത്ത് (22), ക്ഷേത്രത്തിനു സമീപം ഗംഗ നിവാസില്‍ എന്‍.പി ധരംജിത്ത് (21), സരസ്വതി നിവാസില്‍ വൈശാഖ് (21), ഗോകുല്‍ എന്ന ഗോട്ടി (21), ചാക്കാട്ടുപീടിക സി.കെ പുരം മീത്തലെ കപ്പണയില്‍ മുഹമ്മദ് റഷാദ് (28), പടന്നപ്പാലം തെക്കേവീട്ടില്‍ രാഗേഷ് (28) എന്നിവരെയാണു ടൗണ്‍ സി.ഐ കെ.വി വേണുഗോപാലും സംഘവും പിടികൂടിയത്.
ഇവരില്‍ ഷാരോണ്‍, നിഖില്‍, ധരംജിത്ത് എന്നിവര്‍ പട്ടുവം പുളിയോട് ദ്വീപില്‍ വച്ച് എസ്.പിയുടെ സ്‌ക്വാഡാണു പിടികൂടിയത്. ഇവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു മറ്റ് അഞ്ചുപേരെ ചാലാട് നിന്നു പിടികൂടിയത്. ധരംജിത്ത്, വൈശാഖ്, ഗോകുല്‍ എന്നിവര്‍ വിദ്യാര്‍ഥികളാണ്. രാഗേഷ് പടന്നപ്പാലം സവിതാ തിയേറ്ററിനു സമീപം നടന്ന കൊലക്കേസിലും നിഖില്‍ മൂന്നു രാഷ്ട്രീയ അക്രമക്കേസിലും പ്രതിയാണെന്നു പൊലിസ് അറിയിച്ചു. കേസില്‍ ആകെ 30 പ്രതികളാണുള്ളത്. ഇതില്‍ 20 പേരെ തിരിച്ചറിഞ്ഞു.
ക്ഷേത്രത്തില്‍ നടന്ന ഗാനമേളയ്ക്കിടെയാണു ശനിയാഴ്ച രാത്രി സംഘര്‍ഷമുണ്ടായത്.
സംഭവത്തില്‍ ടൗണ്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ രാഘവന്‍, എ.എസ്.ഐമാരായ ജയപ്രകാശ്, രഘുനാഥന്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ലക്ഷ്മണന്‍, എന്‍ പ്രകാശന്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്.
ഇവര്‍ ചികിത്സയിലാണ്. രാത്രി 10ന് ഗാനമേള നിര്‍ത്താന്‍ പൊലിസ് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നു തര്‍ക്കമുണ്ടാവുകയും പൊലിസ് പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. ഗാനമേള നിര്‍ത്തിച്ച ശേഷം പൊലിസ് മടങ്ങുന്നതിനിടെ ഒരുസംഘം പൊലിസുകാര്‍ക്കും വാഹനത്തിനും നേരേ അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രതികളെ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി (ഒന്ന്) റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."