അധ്യാപക ദ്രോഹ നടപടികള്‍; ക്ലസ്റ്റര്‍ പരിശീലനം ബഹിഷ്‌കരിക്കും: കെ.എസ്.ടി.യു
കല്‍പ്പറ്റ: നവംബര്‍ അഞ്ചിന് നടക്കുന്ന അധ്യാപക ക്ലസ്റ്റര്‍ പരിശീലനം ബഹിഷ്‌കരിക്കുമെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ (കെ.എസ്.ടി.യു) ജില്ലാ കമ്മിറ്റി. വിദ്യാഭ്യാസ വകുപ്പിന്റെ അധ്യാപക ദ്രോഹ നടപടികളിലും നിയമവിരുദ്ധമായി ആറാം പ്രവൃത്തി ദിനം അടിച്ചേല്‍പിക്കുന്നതില്‍ പ്രതിഷേധിച്ചും അക്കാദമിക രംഗത്തെ പാര്‍ട്ടിവല്‍ക്കരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും നടത്തുന്ന സമരങ്ങളുടെ ഭാഗമായാണ് ബഹിഷ്‌കരണം.
പാഠപുസ്തകം, യൂനിഫോം, സ്‌കോളര്‍ഷിപ്പ്, അധ്യാപകര്‍ക്ക് ശമ്പളം, കുട്ടികളുടെ പഠനം, അധ്യാപക നിയമനം-നിയമനാംഗീകാരം, ഭാഷാധ്യാപക പ്രശ്‌നങ്ങള്‍, സംരക്ഷിത അധ്യാപകരുടെ പുനര്‍വിന്യാസം തുടങ്ങിയ വിഷയങ്ങളില്‍ ഇതുവരെ ചര്‍ച്ച പോലും നടത്തിയിട്ടില്ല. വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവശ്യപ്പെട്ട് നടത്തുന്ന സമരത്തില്‍ മുഴുവന്‍ അധ്യാപകരും പങ്കാളികളാകണമെന്നും ആറാം പ്രവൃത്തി ദിനം നടത്തുന്ന ക്ലസ്റ്റര്‍ പരിശീലനത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും കെ.എസ്.ടി.യു അഭ്യര്‍ഥിച്ചു.
യോഗത്തില്‍ പ്രസിഡന്റ് പി.പി മുഹമ്മദ് അധ്യക്ഷനായി. ഇ.ടി റിഷാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എം റാഫി, കെ.സി ഹമീദ്, കെ നസീര്‍, ബി.പി റിയാസുറഹ്മാന്‍, ജില്ലാ സെക്രട്ടറി നിസാര്‍ കമ്പ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."