കരിമണ്ണൂര്‍ സ്്കൂളിലെ കുട്ടികള്‍ പഠനത്തോടൊപ്പം മണ്ണില്‍ പൊന്നുവിളയിക്കുന്നു
കരിമണ്ണൂര്‍: ഒരേക്കറില്‍ പൂത്തും കായ്ച്ചും നില്‍ക്കുന്ന പച്ചക്കറി-പഴവര്‍ഗങ്ങള്‍... അരയേക്കറില്‍ വ്യാപിച്ചുകിടക്കുന്ന കരനെല്‍കൃഷി... പഠനത്തോടൊപ്പം മണ്ണില്‍ പൊന്നുവിളയിച്ച് നാടിനാകെ മാതൃകയാവുകയാണ് ഒരുപറ്റം വിദ്യാര്‍ഥികളിവിടെ. കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തുന്നവര്‍ക്ക് ഒരിക്കലും കുട്ടികൃഷിക്കാരുടെ അധ്വാനത്തെ അഭിനന്ദിക്കാതെ മടങ്ങാനാകില്ല.
പച്ചക്കറി-പഴവര്‍ഗ ഇനങ്ങളുടെ വൈവിധ്യമാണ് സ്‌കൂള്‍ കോപൗണ്ടിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. കൃഷിയുടെ വിജയത്തില്‍ ആശങ്കപ്പെടുന്നവര്‍ക്ക് സെന്റ് ജോസഫ്‌സിലെ കുട്ടികര്‍ഷകര്‍ പ്രചോദനമാണ്. വഴുതന, കോവല്‍, ഇഞ്ചി, മഞ്ഞള്‍, പടവലം, പാവല്‍, വെണ്ട, തക്കാളി, കറിവെള്ളരി, ആകാശ വെളളരി, സലാഡ് വെള്ളരി, പച്ചമുളക്, കാന്താരി, വിവിധയിനം ചീരകള്‍, കച്ചോലം, കൂര്‍ക്ക, ചേമ്പ്, പയര്‍ എന്നിവ വിളവെടുക്കാന്‍ പാകമായി നില്‍ക്കുന്നു. മുരിങ്ങയും ഫാഷന്‍ ഫ്രൂട്ടും മള്‍ബെറിയും ഉള്‍പ്പെടെ സമ്പൂര്‍ണ കൃഷിയിടമാണ് സജ്ജമാക്കിയിരിക്കുന്നത്.
സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, നാഷണല്‍ സര്‍വീസ് സ്‌കീം തുടങ്ങിയ സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിലാണ് 'ജൈവ വൈവിധ്യ പാര്‍ക്ക്' നിര്‍മിച്ചിരിക്കുന്നത്. ജൈവവള നിര്‍മാണം ഉള്‍പ്പെടെ എല്ലാ കൃഷി ജോലികളും കുട്ടികള്‍തന്നെയാണ് നിര്‍വഹിക്കുന്നത്. കൃഷിയിടത്തിന്റെ സംരക്ഷണത്തിനായി ജൈവവേലി നിര്‍മിച്ചിട്ടുണ്ട്. അപ്പ, ചെമ്പരത്തി, ശീമക്കൊന്ന, മള്‍ബെറി തുടങ്ങിയ കുറ്റിച്ചെടികളാണ് വേലി നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്്.
ഇവിടുത്തെ കായ്‌വിളകള്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധയിലേയ്ക്ക് ഉപയോഗിക്കുകയാണ്. മിച്ചമുള്ളവ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാത്യു സ്റ്റീഫനും ഹെഡ്മാസ്റ്റര്‍ ജോയിക്കുട്ടി ജോസഫും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."