കോംട്രസ്റ്റ് ഫാക്ടറിയിലെ തറികള്‍ നീക്കുന്നത് തൊഴിലാളികള്‍ തടഞ്ഞു
കോഴിക്കോട്: മാനാഞ്ചിറ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയില്‍ പ്യൂമിസ് പ്രോപര്‍ട്ടീസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥലത്ത് പ്രവേശിക്കാനൊരുങ്ങിയ കമ്പനി തൊഴിലാളികളെ കോംട്രസ്റ്റ് തൊഴിലാളികള്‍ തടഞ്ഞു. ഇന്നലെ രാവിലെയാണ് സംഘര്‍ഷ സാധ്യതയുള്ള സംഭവങ്ങള്‍ അരങ്ങേറിയത്. കസബ് പൊലിസ് സ്ഥലത്തെത്തിയിരുന്നു. പ്യൂമിസ് കമ്പനിക്കാര്‍ കോംട്രസ്റ്റിലെ പഴയ തറികള്‍ പൊളിച്ചുമാറ്റുന്നതിനെതിരേ നേരത്തെ തന്നെ ആക്ഷേപുമുണ്ടായിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ സ്ഥലത്ത് പ്രവേശിക്കാന്‍ അനുവദിക്കണമെന്നായിരുന്നു കമ്പനി ഉടമകളുടെ ആവശ്യം. ഇതിനായി അവര്‍ പൊലിസിന്റെ സഹായം തേടുകയും ചെയ്തു.
കോംട്രസ്റ്റ് ഭൂമിയില്‍ പുതിയ സംരംഭം തുടങ്ങുമെന്ന് പ്യൂമസ് പ്രോപര്‍ട്ടീസ് എം.ഡി കെ.പി മുഹമ്മദാലി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ രാത്രി മുഴുവനും ഇവിടെ കാവലുണ്ടായിരുന്നു. കാവല്‍ നിന്നവര്‍ ചായ കുടിക്കാന്‍ പോയസമയമാണ് പ്യൂമിസ് കമ്പനിയുടെ നൂറോളം തൊഴിലാളികള്‍ എത്തിയത്. കാടുപിടിച്ചു കിടക്കുന്ന സ്ഥലം വൃത്തിയാക്കാന്‍ എത്തിയതായിരുന്നു എന്നാണ് വിശദീകരിച്ചത്. എന്നാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 50ഓളം കോംട്രസ്റ്റ് തൊഴിലാളികള്‍ തടയാന്‍ എത്തിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പ്യൂമിസ് കമ്പനി ഉടമകളും എത്തിയിരുന്നു. കോംട്രസ്റ്റ് തൊഴിലാളികള്‍ തടഞ്ഞതോടെ പ്യൂമിസ് കമ്പനി തൊഴിലാളികള്‍ കാട് വെട്ടുന്നത് ഉള്‍പ്പെടെയുള്ള ജോലി നിര്‍ത്തി. പിന്നീട് ഇരുകൂട്ടരും പിരിഞ്ഞുപോയി.
കോംട്രസ്റ്റിന്റെ 1.63 ഏക്കര്‍ ഭൂമിയാണ് പ്യൂമിസ് കമ്പനി വാങ്ങിയത്. കോംട്രസ്റ്റുമായി ചേര്‍ന്ന് പുതിയ സംരംഭം തുടങ്ങാനായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. പിന്നീട് പ്യൂമിസ് ഉടമ മുഹമ്മദലി തനിച്ച് വ്യവസായം തുടങ്ങാന്‍ തീരുമാനിച്ചു. ഇതോടെ പഴയ തീരുമാനം റദ്ദായി. ഏതായാലും കോംട്രസ്റ്റ് പുരാവസ്തു വകുപ്പ് ഏറ്റെടുക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പ്യൂമിസിന് ഇവിടെ വ്യവസായം തുടങ്ങാന്‍ അനുവദിക്കില്ലെന്നാണ് കോംട്രസ്റ്റ് തൊഴിലാളികള്‍ പറയുന്നത്. പുരാവസ്തു വകുപ്പിന് കൈവശം നിരവധി പദ്ധതികളും ഫണ്ടുമുണ്ട്. അത് ഉപയോഗപ്പെടുത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ മുന്നോട്ടു വരണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എ.ഐ.ടി.യു.സി നേതാവ് ഇ.സി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു. കോംട്രസ്റ്റിലെ തറികള്‍ ഇവിടെ തന്നെ സൂക്ഷിക്കണമെന്ന് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ഉത്തരവുണ്ടെന്നും തൊഴിലാളികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."