മന്ത്രി മേഴ്സിക്കുട്ടിയമ്മയെ അധിക്ഷേപിച്ച നിയമസഭാ ജീവനക്കാരന് സസ്പെന്ഷന്
തിരുവനന്തപുരം: മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരേ മോശം പദപ്രയോഗങ്ങളോടെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട നിയമസഭാ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. നിയമസഭയിലെ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ഓഫിസിലെ അറ്റന്ററായ നിസാര്‍ പേരൂര്‍ക്കടയെയാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സസ്പെന്‍ഡ് ചെയ്തത്.
വി.ഡി സതീശന് എം.എല്‍.എയുടെ അടുത്ത അനുയായിയായ നിസാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് കശുവണ്ടി വികസന കോര്‍പറേഷനിലും കാപ്പെക്സിലും അഴിമതി നടന്നുവെന്ന് സതീശന് നിയമസഭയില്‍ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് മന്ത്രിയെ അധിക്ഷേപിക്കുന്ന രീതിയില്‍ നിസാര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
മന്ത്രിയെ അണ്ടിക്കള്ളിയെന്നും അണ്ടിക്കുഞ്ഞമ്മയെന്നും ആക്ഷേപിച്ചായിരുന്നു പോസ്റ്റ്. കശുവണ്ടിയെ കാശുവണ്ടിയാക്കി മാറ്റിമറിച്ച വിപ്ലവകാരി എന്ന ആക്ഷേപത്തോടെ മന്ത്രിയുടെ ചിത്രവും ഇയാള്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിനെതിരേ രൂക്ഷമായി പ്രതികരിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ രംഗത്തെത്തിയതിനുപിന്നാലെ നടപടിയുണ്ടാകുമെന്നു സ്പീക്കറും ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരേ മന്ത്രി പൊലിസില്‍ പരാതിയും നല്കി. വിവാദമായതോടെ മന്ത്രിക്കെതിരായ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."