എക്സൈസ് വകുപ്പ് കഴിഞ്ഞ മാസം 389 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കോഴിക്കോട്: എക്സൈസ് വകുപ്പ് കഴിഞ്ഞ ഒരു മാസക്കാലയളവില്‍ 688 റെയ്ഡുകളും, 17 സംയുക്ത റെയ്ഡുകളും നടത്തിയതായി എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ അറിയിച്ചു. ആകെ 389 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 144 അബ്കാരി കേസുകളും, 11 എന്‍.ഡി.പി.എസ് കേസുകളും, 234 കോട്പ ആക്ട് പ്രകാരമുള്ള കേസുകളുമാണ് എടുത്തത്. കേസുകളിലുള്‍പ്പെട്ട 139 പ്രതികളെ അറസ്റ്റ് ചെയ്തു. ഈ കേസുകളുമായി ബന്ധപ്പെട്ട് 18.5 ലിറ്റര്‍ ചാരായവും, 319.7 ലിറ്റര്‍ മാഹി മദ്യവും, 3.75 ലിറ്റര്‍ ഗോവ മദ്യവും ഉള്‍പ്പെടെ 588.6 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും, 1640 ലിറ്റര്‍ വാഷും, 1.985 കി.ഗ്രാം കഞ്ചാവും, ഒന്‍പത് കഞ്ചാവ് ചെടികളും, 5.65 ബിയറും, ഒന്‍പത് വാഹനങ്ങളും 705 നൈട്രസെപാം ഗുളികകളും പിടിച്ചെടുത്തു. വാഹന പരിശോധനക്കിടെ അനധികൃതമായി കടത്തികൊണ്ടുവന്ന 2.014 കിലോഗ്രാം സ്വര്‍ണ്ണവും, രേഖകളില്ലാത്ത 12 ലക്ഷം രൂപയും പിടിച്ചെടുത്തു. മദ്യത്തിന്റെ ഗുണ നിലവാരം പരിശോധിക്കുന്നതിനായി 529 തവണ വിവിധ ലൈസന്‍സ്ഡ് സ്ഥാപനങ്ങള്‍ പരിശോധിക്കുകയും, 171 സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയക്കുകയും ചെയ്തു. എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 29 തവണ വിവിധ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ട്രെയിന്‍ പരിശോധന നടത്തി. കുട്ടികളിലെ ലഹരി ഉപയോഗം സംബന്ധിച്ച പരാതിയില്‍ നടപടികള്‍ സ്വീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്കിയ പ്രകാരം സ്കൂളുകള്‍ക്ക് സമീപമുളള പെട്ടിക്കടകളിലും മറ്റും പരിശോധനകള്‍ നടത്തി വരുന്നു. യോഗത്തില്‍ എ.ഡി.എം ടി. ജനില്‍കുമാര്‍ അധ്യക്ഷനായി. എക്സൈസ് ഡെപ്യൂട്ടി കമ്മിഷനര്‍ പി.കെ.സുരേഷ്, അസി. കമ്മിഷനര്‍ എം.എസ് വിജയന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."