ആ ഫോണൊന്നെടുത്തിരുന്നെങ്കില്‍... : കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നില്ലെന്ന് പരാതി
ചങ്ങരംകുളം: കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വിവരങ്ങള്‍ അറിയാന്‍ ആരും ഫോണ്‍ വിളിക്കണമെന്നില്ല, കാരണം അത്രയും സമയം പോയിക്കിട്ടുന്നതു മിച്ചമാകുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. എത്ര വിളിച്ചാലും ആരും ഫോണെടുക്കില്ലത്രേ.
തൃശൂര്‍ ജില്ല പിന്നിട്ടാല്‍ മലപ്പുറം ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനാണ് കുറ്റിപ്പുറം. തമിഴ്‌നാട്ടിലേക്കടക്കം അയല്‍സംസ്ഥാനങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നതും ഈ സ്റ്റേഷനെയാണ്. എന്നാല്‍, ഈ സ്റ്റേഷനില്‍ വിളിച്ചാലാകട്ടെ ആരും ഫോണെടുക്കാറില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം കോട്ടോല്‍ നായാടിക്കുന്നത്ത് താമസിക്കുന്ന കുട്ടി കൃഷ്ണന്‍ എന്നയാളുടെ തിമിരത്തിനുള്ള ഓപറേഷന്‍ ഇത്തരത്തില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം മുടങ്ങിയതായും ആക്ഷേപമുണ്ട്.
മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു കുട്ടികൃഷ്ണന്റെ ഓപറേഷന്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍, തലേന്നു രാത്രിയും കാലത്തും ട്രെയിന്‍ സമയം ഉറപ്പുവരുത്താന്‍ സ്റ്റേഷനിലേക്കു നിരവധിതവണ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. സാധാരണ സമയമാണെന്നു കരുതി സ്റ്റേഷനിലെത്തിയ ഇവര്‍ക്കു ട്രെയിന്‍ രണ്ടു മണിക്കൂര്‍ ലേറ്റാണെന്ന മറുപടിയാണ് ലഭിച്ചത്. ഇതിനാല്‍ ഓപറേഷന്റെ സമയത്ത് ആശുപത്രിയിലെത്താന്‍ സാധിച്ചില്ല.
സംഭവമറിഞ്ഞ നാട്ടുകാരും ഇത്തരത്തില്‍ പരാതിയുമായി രംഗത്തുവന്നു. എന്നാല്‍, എല്ലാ പണിയും ഒന്നിച്ചു തങ്ങള്‍ക്കു ചെയ്യാന്‍ കഴിയില്ലന്നാണ് ഉദ്യോഗസ്ഥരുടെ വാദം. പച്ചമരുന്നു വില്‍പനക്കാരനാണ് കുട്ടി കൃഷ്ണന്‍. സുമനസുകളുടെ സഹായത്താലാണ് ഓപറേഷന്‍ നടത്താനൊരുങ്ങിയത്. ഉദ്യോഗസ്ഥരുടെ ഈ പ്രവണത തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."