സ്കൂള്‍ അസംബ്ലി ഹാളുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും
ചെറുവത്തൂര്‍: തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ എട്ടു വിദ്യാലയങ്ങളിലെ അസംബ്ലി ഹാള്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. നിര്‍മാണം തുടങ്ങി ഏഴുമാസം മാസം പിന്നിട്ടിട്ടും തൂണില്‍ നിന്ന് ഉയരാതെ കിടക്കുന്ന അസംബ്ലി ഹാളുകളെ കുറിച്ചു 'സുപ്രഭാതം' റിപ്പോര്‍ട്ടു ചെയ്തിരുന്നു. വാര്‍ത്ത ചര്‍ച്ചയായതോടെയാണു കരാറുകാര്‍ നിര്‍മാണ പ്രവര്‍ത്തി വേഗത്തിലാക്കിയത്.
മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നാണു പിലിക്കോട് സി കൃഷ്ണന് നായര്‍ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കുട്ടമത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ജി.എഫ്.എച്ച്.എസ്.എസ് പടന്നക്കടപ്പുറം, ജി.എഫ്.വി.എച്ച്.എസ്.എസ് കാടങ്കോട്, ജി.എച്ച്.എസ്.എസ് സൗത്ത് തൃക്കരിപ്പൂര്‍, ജി.വി.എച്ച്.എസ്.എസ് തൃക്കരിപ്പൂര്‍, ജി.വി.എച്ച്.എസ്.എസ് കയ്യൂര്‍, ജി.എച്ച്.എസ്.എസ് ചീമേനി എന്നീ വിദ്യാലയങ്ങള്‍ക്ക് അസംബ്ലി ഹാള്‍ അനുവദിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു തറക്കല്ലിടല്‍ നടന്നുവെങ്കിലും പില്ലറുകളില്‍ മാത്രം നിര്‍മാണം ഒതുങ്ങുകയായിരുന്നു. ഉപജില്ലാ കലോത്സവം നടക്കുന്നു എന്നതിനാല്‍ പിലിക്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അസംബ്ലി ഹാള്‍ നിര്‍മാണത്തിനാണ് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്.
ഇവിടുത്തെ നിര്‍മാണ പ്രവര്‍ത്തി അടുത്ത ദിവസം തന്നെ പൂര്‍ത്തിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."