സംഘര്‍ഷം: യമന്‍- സഊദി അതിര്‍ത്തിയില്‍ 45 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു
റിയാദ്: സംഘര്‍ഷം നടക്കുന്ന സഊദി- യമന്‍ അതിര്‍ത്തിയില്‍ മലയാളികളടക്കം 45 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി വെളിപ്പെടുത്തല്‍. ഇവിടെ നിന്ന് രക്ഷപ്പെട്ട് റിയാദിലെത്തിയ കൊല്ലം പാരിപ്പള്ളി സുനില്‍ നിവാസില്‍ സനോജ് മോഹനന് (31), തിരുവനന്തപുരം മുതുവിള പരപ്പില്‍ ബിജു ഭവനില്‍ റിജു രാജന് ബാബു (43) എന്നിവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുടുങ്ങിക്കിടക്കുന്നവര്‍ കഴിഞ്ഞ 14 മാസമായി ശമ്പളമില്ലാതെ ദുരിതജീവിതം നയിക്കുകയാണ്.
നജ്റാനില്‍ നിന്ന് 850 കിലോ മീറ്റര്‍ ഉള്‍പ്രദേശത്ത് അല്‍ഖര്‍ഹീറിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. മരുഭൂമിയില്‍ റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടവരാണിവര്‍. ബിന്‍ ലാദന് കമ്പനിയുടെ തൊഴില്‍ വിസയിലെത്തിയ ഇവര്‍ പിന്നീട് ദുബൈ ആസ്ഥാനമായ സബ് കോണ്‍ട്രാക്ടിങ് കമ്പനിയിലേക്ക് മാറുകയായിരുന്നു.
തൊഴിലാളികളുടെ ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് പരിരക്ഷയില്ല. ഇതിനാല്‍ ചികിത്സയും ലഭ്യമല്ല. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട പഞ്ചാബ് സ്വദേശി രഞ്ജിത് സിങ് ചികിത്സ ലഭിക്കാതെ മരണത്തിനും കീഴടങ്ങി. രണ്ടുമാസമായി മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സര്‍വേയറായി ജോലി ചെയ്തിരുന്ന എറണാകുളം വൈപ്പിന്‍ അഞ്ചരശേരി സ്വദേശി മണി ശരത് (31) ടൈഫോയ്ഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. തുടര്‍ന്ന് നാട്ടില്‍ നിന്ന് പണം വരുത്തി ഇഖാമ പുതുക്കി എക്സിറ്റ് നേടിയാണ് ചികിത്സക്കായി കേരളത്തിലേക്ക് പോയത്. ഇയാള്‍ക്ക് 85,000 റിയാല്‍ ശമ്പളം കുടിശ്ശികയുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.
അതിനിടെ, ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കുകയും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് ട്വിറ്റര്‍ സന്ദേശം അയക്കുകയും ചെയ്തെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് തൊഴിലാളികള്‍ ആരോപിച്ചു. സുരക്ഷിതമായ താമസ സൗകര്യവും ഭക്ഷണവും ടെലിഫോണ്‍ സൗകര്യവുമില്ലാത്ത സ്ഥലത്താണ് തൊഴിലാളികള്‍ കുടുങ്ങിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."