കൊയ്ത്തു കഴിഞ്ഞിട്ടും നെല്ലെടുക്കാന്‍ ആളില്ല; കര്‍ഷകര്‍ ദുരിതക്കയത്തില്‍
വൈക്കം: കൊയ്ത്തുകഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും നെല്ലെടുക്കാന്‍ ആളില്ലാത്തതുമൂലം കര്‍ഷകര്‍ ദുരിതത്തില്‍. അപ്പര്‍ കുട്ടനാടന്‍ മേഖലയായ കല്ലറ, വെച്ചൂര്‍, തലയാഴം പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ കൃഷിയിറക്കിയ കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്.
പലരും ബാങ്ക് ലോണും മറ്റ് വായ്പകളുമെടുത്താണ് കൃഷിയിറക്കിയത്. കല്ലറ പഞ്ചായത്തിലെ കിണറ്റുകര, വെച്ചൂര്‍ പഞ്ചായത്തിലെ വലിയ പുതുക്കരി, തലയാഴം പഞ്ചായത്തിലെ വട്ടക്കരി പാടശേഖരങ്ങളില്‍ കൃഷിയിറക്കി നല്ല വിളവ് ലഭിച്ചിട്ടുണ്ടെങ്കിലും നെല്ല് സംഭരിക്കാന്‍ സപ്ലൈക്കോ ഇതുവരെ തയ്യാറായിട്ടില്ല. പാഡി ഓഫിസര്‍മാരും ഫീല്‍ഡ് ഓഫിസര്‍മാരും മില്ലുകാരും വന്നുപോയിട്ടും നെല്ലെടുക്കാത്തത് മൂലം കര്‍ഷകരാകെ ദുരിതക്കയത്തിലാണ്.
കിണറ്റുകര പാടശേഖരത്തില്‍ എട്ട് ടണ്‍ നെല്ല് കഴിഞ്ഞ ഒരാഴ്ചയിലധികമായി വരമ്പത്തു കിടക്കുന്നു. വലിയ പുതുക്കരിയില്‍ 100 ടണ്ണും വട്ടക്കരിയില്‍ 15 ടണ്ണും നെല്ല് അധികൃതരുടെ കനിവ് കാത്തുകിടക്കുകയാണ്. പ്രതികൂല കാലാവസ്ഥയില്‍ എന്തുചെയ്യണമെന്നറിയാതെ വീര്‍പ്പുമുട്ടുകയാണ് കഴിഞ്ഞ മാസം കൊയ്ത്തുകഴിഞ്ഞ ഈ പാടശേഖരങ്ങളിലെ കര്‍ഷകര്‍. കെട്ടിക്കിടക്കുന്ന നെല്ലെടുത്ത് ദുരിതമകറ്റാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."