പാലങ്ങള്‍ക്കെത്ര വയസായി..?
നാടുകളെ തമ്മില്‍ ബന്ധിപ്പിക്കുകയും സഞ്ചാര മേഖലകളുടെ വ്യാപ്തി കൂട്ടുകയും ചെയ്തവയാണ് പാലങ്ങള്‍. ഒരു പാലം പൂര്‍ത്തിയായാല്‍ രണ്ടു സംസ്‌കാരങ്ങള്‍ പുഴ കടന്നെത്തുന്നുവെന്നാണ് പതിവു ചൊല്ല്. കാസര്‍കോട് ജില്ലയില്‍ സഞ്ചാര സാധ്യത വര്‍ധിപ്പിച്ച പാലങ്ങള്‍ നിരവധിയാണ്. ബ്രിട്ടീഷ് ഭരണകാലത്തു നിര്‍മിച്ച പാലങ്ങള്‍ മുതല്‍ ഈയടുത്ത് വരെ നിര്‍മിച്ച നിരവധി പാലങ്ങളുടെ വയസളക്കുകയാണ് ഇന്നത്തെ ' വടക്കന്‍ കാറ്റ് '. വയസു പലതു കഴിഞ്ഞെങ്കിലും തലയെടുപ്പോടെ നില്‍ക്കുന്ന ജില്ലയിലെ പാലങ്ങളുടെ അവസ്ഥ അതിഭീകരമാണ്. പലതിനും കാലപ്പഴക്കം ബാധിച്ചിരിക്കുന്നു. ദേശീയപാതയിലും മറ്റിടങ്ങളിലും നീണ്ടുനിവര്‍ന്നു കിടക്കുന്ന പാലങ്ങളില്‍ ഇടയ്ക്കിടെ പേരിനു നടത്തുന്ന അറ്റകുറ്റപണികള്‍ പാലത്തിന്റെ ബലക്ഷയത്തിനുള്ള ചികിത്സയല്ല. റോഡു തകരുമ്പോള്‍ നിലവിളിക്കുന്നവര്‍ സഞ്ചാരത്തിന്റെ യഥാര്‍ത്ഥ കൂട്ടിയോജിപ്പിക്കല്‍ നടത്തുന്ന പാലങ്ങളുടെ വയസുകൂടുമ്പോള്‍ വേവലാതിപ്പെടുന്നേയില്ല.
അഞ്ചു പ്രധാന പാലങ്ങള്‍ ഒരേ അവസ്ഥയില്‍
കുമ്പള, ആരിക്കാടി, മൊഗ്രാല്‍-പുത്തൂര്‍, ഉപ്പള, മഞ്ചേശ്വരം പാലങ്ങളുടെ അവസ്ഥ ഒരുപോലെ
തലയുയര്‍ത്തി തെക്കീല്‍ പാലം
കാഞ്ഞങ്ങാട്: ജില്ലയിലെ ദേശീയപാതയില്‍ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട പാലമാണ് തെക്കില്‍ പുഴക്ക് കുറുകെയുള്ള പാലം. 1953 ഒക്ടോബര്‍ 21 നാണ് ഈ പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത്. അത് വരെ ഈ പുഴക്ക് തെക്കു ഭാഗത്തുള്ളവര്‍ തോണിയില്‍ പുഴകടന്നാണ് കാസര്‍കോട് ഭാഗത്തേക്ക് പോയിരുന്നത്. നിര്‍മ്മാണ വൈദഗ്ധ്യത്തിന്റെ പ്രൗഢത വിളിച്ചോതുന്ന ജില്ലയിലെ ഏക പാലം കൂടിയാണ് തെക്കില്‍ പാലം. കേരളം മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന അക്കാലത്ത് മദ്രാസ് ധനവകുപ്പ് മന്ത്രി സി.സുബ്രമണ്യനാണ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
കെട്ടിലും മട്ടിലും രാജകീയത തോന്നിക്കുന്ന ഈ പാലം കൂടുതല്‍ കേടുപാടുകള്‍ ഒന്നുമില്ലാതെ 63 വയസ് പിന്നിട്ടു. എന്നാല്‍ പാലത്തിന്റെ അടിഭാഗത്ത് നിന്നും മണലൂറ്റുന്നത് സമീപ ഭാവിയില്‍ ഉണ്ടായിരുന്നെങ്കിലും ഈയടുത്ത കാലത്ത് പുഴക്കടവില്‍ മണലൂറ്റുന്നത് അധികൃതര്‍ നിരോധിച്ചതോടെ തത്ക്കാലം ഈ ഭീഷണിയില്‍ നിന്നും പാലം ഒഴിവായി.
ഈ പാലത്തിലൂടെ വലിയ കണ്ടയിനര്‍ ലോറികള്‍ ഉള്‍പ്പെടെ മുകള്‍ ഭാഗം തട്ടാതെ കടന്നു പോകുന്നത് നിര്‍മ്മാണത്തിലെ ആസൂത്രണതയെ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സമീപ ഭാവിയില്‍ വാഹനങ്ങള്‍ പെരുകിയതോടെ പാലത്തിന്റെ കൈവരികളില്‍ വാഹനങ്ങള്‍ തട്ടുന്നതും മറ്റും പതിവായിട്ടുണ്ട്. ഇതിനാല്‍ പാലത്തിന്റെ ആര്‍ച്ച് താങ്ങി നിര്‍ത്തുന്ന പില്ലറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നുണ്ട്. വലിയ കണ്ടെയ്‌നര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ ഒരേ സമയത്ത് ഇരു ദിശകളിലേക്കായി പാലത്തിലൂടെ കടന്നു പോകുമ്പോഴാണ് വാഹനങ്ങള്‍ പില്ലറുകളിലും മറ്റും തട്ടുന്നത്. പാലത്തിന് കൂടുതല്‍ കാലം ബലക്ഷയമില്ലാതെ സ്ഥിതി ചെയ്യാന്‍ കാരണമായത് നിര്‍മാണത്തിലെ കൃത്യതയാണെന്ന് പ്രദേശ വാസികളും സമ്മതിക്കുന്നു.
ആണൂര്‍ പാലത്തിന് അടിയന്തര ചികിത്സ വേണം
കാലിക്കടവ്: ജില്ലയിലേക്കുള്ള പ്രവേശന കവാടമാണ് ദേശീയപാതയില്‍ കാലിക്കടവിനോട് ചേര്‍ന്നുള്ള ആണൂര്‍ പാലം. കടുത്ത അപകട ഭീഷണിയിലാണ് പാലത്തിന്റെ കിടപ്പ്.
കാലപ്പഴക്കത്താല്‍ പാലത്തിന് അടിവശത്ത് സ്ലാബുകള്‍ ഇളകിതുടങ്ങിയിട്ടുണ്ട്. ഇവിടെ സ്ലാബ് ഇളകി വീണ് ഇരുമ്പ് കമ്പികള്‍ പുറത്തേക്ക് തള്ളി നില്‍ക്കുകയാണ്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാലത്തിന് വലിയകുലുക്കം അനുഭവപ്പെടുന്നതായി സമീപവാസികള്‍ പറയുന്നു.
മലയോരത്തെ പാലങ്ങള്‍ കുലുങ്ങുന്നു
കുന്നുംകൈ: നൂറ്റാണ്ടുകള്‍ പിന്നിട്ട മലയോരത്തെ പല പാലങ്ങളും അപകടാവസ്ഥയില്‍. പെരുമ്പട്ട, പരപ്പച്ചാല്‍, ബളാല്‍, മാങ്ങോട് എന്നീ പാലങ്ങളാണ് അപകടാവസ്ഥയിലുള്ളത്. വെസ്റ്റ് എളേരിയിലെ പെരുമ്പട്ട പാലം അമിത ഭാരം വഹിച്ച വാഹനങ്ങള്‍ കടന്നുപോകുന്നത് കാരണം തകര്‍ച്ചയുടെ വക്കിലാണ്. വീതി കുറഞ്ഞ ഈ പാലത്തിലെ കൈവരികളും മറ്റും ദ്രവിച്ചും അപകടഭീതി വര്‍ധിക്കുന്നു. പരപ്പച്ചാല്‍ പാലമാണ് കൂടുതലും അപകടാവസ്ഥയിലുള്ളത്. നൂറുക്കണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന ഈ പാലത്തില്‍ വലിയ വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ കുലുക്കവും പ്രത്യേക ശബ്ദവും അനുഭവപ്പെടുന്നതായി പരിസരത്ത് താമസിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. കൊടും വളവും കയറ്റവും ഇറക്കവുമുള്ള ഈ പാലത്തില്‍ നിന്ന് പല വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതായും പരാതിയുണ്ട്. ബളാല്‍ ചൈത്ര വാഹിനി പുഴക്ക് കുറുകെയുള്ള പാലവും ഇതേ അവസ്ഥയിലാണ്. നൂറ്റാണ്ടുകള്‍ പിന്നിട്ട ഈ പാലം വീതി കുറഞ്ഞതും കഷ്ട്ടിച്ച് ഒരു വാഹനം മാത്രം കടന്നുപോകാന്‍ പാകത്തിലാണുള്ളത്. അടുത്ത് തന്നെ എല്‍.പി , യു.പി, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ സ്ഥിതിചെയ്യുന്ന ഇവിടെ വിദ്യാര്‍ഥികള്‍ അടക്കം കാല്‍ നട യാത്ര പോലും അപകടം നിറഞ്ഞതാണ്. ഇത് വഴി വാഹനങ്ങള്‍ അധികരിച്ചതിനാല്‍ ഇരു വശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കടന്നുപോകാന്‍ പ്രയാസപ്പെടുന്നു. വര്‍ഷങ്ങളുടെ പഴക്കമുള്ള മാങ്ങോട് പാലത്തിന്റെ അടി ഭാഗത്ത് കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ പലതും അടര്‍ന്നുവീണതിനാല്‍ ഈ പാലവും അപകട ഭീഷണി നേരിടുന്നു.
ഒടയന്‍ചാല്‍ ചെറുപുഴ മേജര്‍ റോഡില്‍ ഇത്തരത്തിലുള്ള അപകടം നിറഞ്ഞ പാലങ്ങള്‍ പുനര്‍ നിര്‍മ്മിച്ച് മലയോരത്തെ റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പാലത്തിനു ഭീഷണി അനധികൃത മണലൂറ്റ്
ചീമേനി: കയ്യൂര്‍ -ചീമേനി, വെസ്റ്റ് എളേരി പഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന കാക്കടവ് പാലത്തിന്റെ സ്ലാബ് അടര്‍ന്ന നിലയിലാണ്.
ഇരുപത്തഞ്ചിലധികം വര്‍ഷം പഴക്കമുള്ള മലയോര മേഖലയിലെ പ്രധാനപ്പെട്ട പാലങ്ങളിലൊന്നാണിത്. കാക്കടവ് പദ്ധതിയുടെ ഭാഗമായാണ് മലയോര നിവാസികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഈ പാലം നിര്‍മിച്ചത്.
കാര്യമായ കേടുപാടുകള്‍ സംഭവിക്കാത്ത പാലത്തിന്റെ അടിഭാഗത്ത് നിന്നും സ്ലാബ് അടര്‍ന്ന് വീണത് പ്രദേശവാസികള്‍ ആശങ്കയോടെയാണ് കാണുന്നത്.
പുഴയില്‍ മീന്‍പിടുത്തത്തിനായി ഉപയോഗിക്കുന്ന തോട്ടപ്രയോഗവും അനധികൃത മണലൂറ്റലും പാലത്തിന്റെ കെട്ടുറപ്പിനെ സാരമായി ബാധിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
കൈവരികള്‍ തകര്‍ന്നു നീലേശ്വരം പാലം
നീലേശ്വരം: നിര്‍മിച്ചു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ദേശീയപാതയില്‍ നീലേശ്വരം പുഴയ്ക്കു കുറുകെയുള്ള പാലം പുതുക്കിപ്പണിയാന്‍ നടപടിയായില്ല. രണ്ടു വര്‍ഷം മുന്‍പ് പുതിയ പാലം നിര്‍മിക്കുന്നതിന്റെ ഭാഗമായി പൈലിങ് നടത്തിയിരുന്നെങ്കിലും തുടര്‍ നടപടികള്‍ എങ്ങുമെത്താതെ കിടക്കുകയാണ്. പാലത്തിന്റെ പ്രവേശന കവാടത്തിലെ സ്തൂപങ്ങളും, കൈവരികളും തകര്‍ന്നിട്ടു വര്‍ഷങ്ങളായി. കൈവരിയുടെ ഇരു വശങ്ങളിലും പിടിപ്പിച്ചിരിക്കുന്ന ഇരുപതോളം കേബിള്‍ പൈപ്പുകളുടെ ബലത്തിലാണു ഇതു നിലനില്‍ക്കുന്നത്.
നിര്‍മാണത്തിനു ശേഷം കാര്യമായ അറ്റകുറ്റപ്പണികളൊന്നും ഈ പാലത്തിനു നടത്തിയിട്ടില്ല. തൂണുകളും പഴകി ദ്രവിച്ച നിലയിലാണ്. പലയിടത്തും കോണ്‍ക്രീറ്റ് അടര്‍ന്നു കമ്പികളും പുറത്തു കാണുന്നുണ്ട്.
53 ന്റെ തളര്‍ച്ചയില്‍ കാര്യങ്കോട് പാലം
ചെറുവത്തൂര്‍: കാര്യങ്കോട് പാലത്തിനു പ്രായം 53 തികയുന്നു. പ്രായത്തിന്റെ എല്ലാ തളര്‍ച്ചകളും റോഡുപ്പാലത്തിനുണ്ട്. മുകളില്‍ വലിയ വിള്ളല്‍, തൂണുകള്‍ക്ക് ബലക്ഷയം.. ഇങ്ങനെ പോകുന്നു പരാധീനതകള്‍.
തേജസ്വിനി പുഴയാല്‍ വേറിട്ട് നിന്നിരുന്ന ചെറുവത്തൂര്‍ നീലേശ്വരം പ്രദേശങ്ങളെ ബന്ധിപ്പിച്ച് കാര്യങ്കോട് പാലം വന്നത് ജില്ലയുടെ ഗതാഗത സംവിധാനങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. രാമഞ്ചിറയിലെ ചങ്ങാടത്തില്‍ കൂടിയായിരുന്നു പാലം വരുന്നതിനു മുമ്പ് ജനങ്ങള്‍ നീലേശ്വരത്തേക്കും ചെറുവത്തൂര്‍ ഭാഗത്തേക്കും യാത്ര ചെയ്തിരുന്നത്. 196 മീറ്റര്‍ നീളമുള്ള ഈ പാലം 1963 ഏപ്രില്‍ പതിനാലിനാണ് നിര്‍മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്.
അരനൂറ്റാണ്ടിന്റെ പഴക്കവുമായി ഒളവറ പാലം
തൃക്കരിപ്പൂര്‍: കണ്ണൂര്‍-കാസര്‍കോട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അരനൂറ്റാണ്ട് പഴക്കമുള്ള ഒളവറ റോഡ് പാലം അപകട ഭീഷണിയില്‍. കവ്വായിക്കായലിന്റെ കൈവഴിയായ ഒളവറ പുഴക്ക് കുറുകെയുള്ള ഒളവറ പാലത്തിന്റെ അടി ഭാഗങ്ങളില്‍ സിമന്റ് ഇളകി വീണതിനെ തുടര്‍ന്ന് തുരുമ്പെടുത്ത കമ്പികള്‍ പുറത്തേക്ക് തള്ളിയ നിലയിലായിട്ട് വര്‍ഷങ്ങളായി. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി യാത്ര ചെയ്യുന്നത്. റെയില്‍വെ മേല്‍പ്പാലം തുടങ്ങുന്നത് കാലപ്പഴക്കം ചെന്ന ഈ പാലത്തില്‍ നിന്നുമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഒളവറ പാലം പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. വലിയ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ കുലുക്കം അനുഭവപ്പെടുന്നതായി പരിസര വാസികള്‍ പറയുന്നു.
21 വര്‍ഷകാലം തൃക്കരിപ്പൂര്‍ പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റായിരുന്ന വി.പി.പി ഉഹമ്മദ് കുഞ്ഞി പട്ടേലരുടെ ശ്രമഫലമായാണ് ഒളവറ പാലം അനുവദിച്ചുകിട്ടിയത്. ഇന്നും പാലത്തിന്റെ ഔദ്യോഗിക പേര് കവ്വായി റിവര്‍ ബ്രിഡ്ജ് എന്നാണ്. പാലം 1965 സപ്തംബറില്‍ കേന്ദ്ര മന്ത്രി റാവുവാണ് ഉദ്ഘാടനം ചെയ്തത്. അന്നത്തെ ബോര്‍ഡ് പ്രസിഡന്റായിരുന്ന വി.പി.പി മുഹമ്മദ് കുഞ്ഞി പട്ടേലര്‍ തന്നെ അധ്യക്ഷ സ്ഥാനവും അലങ്കരിച്ചു. ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ പാലം ഇന്ന് നാശത്തിന്റെ വക്കിലാണ്. ഏഴിമലയിലെ നാവിക അക്കാദമി മംഗളൂരുവുമായി ബന്ധപ്പെടാന്‍ പ്രധാനമായും ഈ പാലം വഴിയുള്ള യാത്രയാണ് തെരഞ്ഞെടുക്കുന്നത്.
കൊവ്വപുഴ പാലം അപകട ഭീഷണിയില്‍
തൃക്കരിപ്പൂര്‍: അരനൂറ്റാണ്ട് പഴക്കമുള്ള കണ്ണങ്കൈ ഉടുമ്പുന്തല കൊവ്വപുഴ പാലം പുനര്‍ നിര്‍മാണം തുടങ്ങുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം കഴിഞ്ഞു. നിലവിലെ നടുവൊടിഞ്ഞ പാലത്തില്‍ നിന്ന് ഒരു ദുരിതം വരുത്തരുതെന്ന പ്രാര്‍ഥനയിലാണ് പരിസര വാസികളും നാട്ടുകാരും.
ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച പ്രഭാകരന്‍ കമ്മീഷന്‍ പ്രഥമ പരിഗണന നല്‍കിയ പുനര്‍നിര്‍മാണത്തിന് പാലമാണ് കൊവ്വപുഴ പാലം. പാലത്തിന്റെ പുനര്‍ നിര്‍മാണവും അപ്രോച്ച് റോഡിന്റെ പുനര്‍ നിര്‍മാണത്തിനുമായി 3.45 കോടി രൂപ അനുവദിക്കുകയും കരാര്‍ നടപടിപൂര്‍ത്തിയാവുകയും ചെയ്തിരുന്നു. എന്നാല്‍ പാലം പുനര്‍ നിര്‍മാണം മാത്രം നടന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."