കൊട്ടാരക്കര ടൗണിലെ മത്സ്യവില്‍പന: ഗുണനിലവാരമില്ലെന്ന് പരാതി
സ്വന്തംലേഖകന്‍
കൊട്ടാരക്കര: പ്രദേശത്ത് വില്‍പനയ്ക്ക് എത്തിക്കുന്ന മത്സ്യങ്ങള്‍ ദിവസങ്ങളോളം പഴക്കമുള്ളതെന്നും രാസവസ്തുക്കള്‍ കലര്‍ത്തിയതെന്നും പരാതി.
കൊട്ടാരക്കര ചന്തയിലും, കോളജ് ജങ്ഷനിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മത്സ്യ വില്‍പന ശാലയിലും ടൗണില്‍ വിവിധയിടങ്ങളില്‍ റോഡ് അരികുകള്‍ കേന്ദ്രീകരിച്ചും നടക്കുന്ന മത്സ്യവില്‍പനയെ കുറിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഭക്ഷ്യസുരക്ഷാ വിഭാഗമോ ആരോഗ്യവകുപ്പോ നടപടി എടുത്തിട്ടില്ല.
താലൂക്കില്‍ ഏറ്റവും കൂടുതല്‍ മത്സ്യവില്‍പന നടക്കുന്നത് കൊട്ടാരക്കര ടൗണിലാണ്.നീണ്ടകരയില്‍ നിന്നും, വാടി കടപ്പുറത്തുനിന്നും എത്തിക്കുന്ന മത്സ്യമാണെന്ന് പറഞ്ഞാണ് ഇവ വിറ്റഴിക്കുന്നത്.
രാവിലെ മുതല്‍ വൈകിട്ടു വരെ എല്ലാത്തരം മത്സ്യവും ഇവിടെ ലഭിക്കും. യഥാര്‍ഥത്തില്‍ ഇവ തൂത്തുക്കുടിയുള്‍പടെ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ നിന്നാണ് എത്തിക്കുന്നതെന്ന് വ്യാപാരികള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു. ദിവസങ്ങള്‍ പഴക്കമുള്ള മത്സ്യങ്ങള്‍ പിന്നീട് ഫോര്‍മാലിനും മറ്റും ചേര്‍ത്ത് വിറ്റഴിക്കും.
ഒറ്റനോട്ടത്തില്‍ ഫ്രഷാണെന്ന് തോന്നിക്കുന്ന ഇവ വീട്ടില്‍ കൊണ്ടുവരുമ്പോഴേക്കും കേടായി ദുര്‍ഗന്ധം വരുന്ന സ്ഥിതിയാകുമെന്ന് വീട്ടമ്മമാര്‍ പറയുന്നു. തോന്നിയ വില ഈടാക്കുന്നതായും പരാതിയുണ്ട്.
മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിനും സാധാരണക്കാരന് ശുദ്ധമായ മത്സ്യം നല്‍കുന്നതിനുമായി സര്‍ക്കാര്‍ മത്സ്യഫെഡ് രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ പ്രവര്‍ത്തനം പേരില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്.ജില്ലയിലെ ഒരു നേതാവാണ് വര്‍ഷങ്ങളായി അതിന്റെ ചെയര്‍മാന്‍. മത്സ്യ വിപണന മേഖലയില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."