യൂനിഫോമിന്റെ ഫുള്‍കൈ വെട്ടിമാറ്റിയ സംഭവം; ചര്‍ച്ചയില്‍ പരിഹാരം
പരപ്പനങ്ങാടി: സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കുട്ടികളുടെ യൂനിഫോമിന്റെ ഫുള്‍കൈ വെട്ടിമാറ്റിയ സംഭവത്തില്‍ ചര്‍ച്ചയില്‍ പരിഹാരം. കഴിഞ്ഞ 31നുണ്ടായ സംഭവത്തില്‍ രക്ഷിതാക്കള്‍ക്കിടയിലും സംഘടനാ പ്രതിനിധികള്‍ക്കിടയിലും വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി മേഖലാ ഭാരവാഹികളും സ്കൂള്‍ അധികൃതരും നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയിലാണ് തീരുമാനമായത്. ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഒന്നാംഘട്ട ചര്‍ച്ചയില്‍ അധികൃതര്‍ ഉറപ്പുനല്‍കുകയും രണ്ടാംഘട്ട ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തതോടെയാണ് പ്രശ്നത്തിനു പരിഹാരമായത്.
ആവശ്യങ്ങള്‍ അംഗീകരിച്ച സാഹചര്യത്തില്‍ നിയമനടപടികളില്‍നിന്നു പിന്മാറുകയാണെന്നു എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ പറഞ്ഞു. സ്കൂളിന്റെ പുരോഗതിക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ആവശ്യമാണെന്നും വിദ്യാര്‍ഥികളുടെ നന്മയ്ക്കായി ഒരുമിച്ചു മുന്നേറണമെന്നു സ്കൂള്‍ അധികൃതരും പറഞ്ഞു. എസ്.കെ.എസ്.എസ്.എഫിനെ പ്രതിനിധീകരിച്ചു ജില്ലാ സെക്രട്ടറി നൗഷാദ് ചെട്ടിപ്പടി, ശമീംദാരിമി, സൈതലവി ഫൈസി, മന്‍സൂര്‍ അഷ്റഫി, അബ്ദുല്‍ഹമീദ് ദാരിമി, റാജിബ് ഫൈസി, സുബൈര്‍ മാസ്റ്റര്‍ എന്നിവരും മാനേജ്മെന്റിനെ പ്രതിനിധീകരിച്ചു പി.കെ മുഹമ്മദ് ജമാല്‍, എം.വി ഹസ്സന്‍കോയ മാസ്റ്റര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."