ഈജിപ്തിലേക്കുള്ള എണ്ണ കയറ്റുമതി സഊദി നിര്‍ത്തിവച്ചു
റിയാദ്: വളരെ നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഈജിപ്തുമായി സഊദി ബന്ധത്തിനു വിള്ളലേറ്റതിനെ തുടര്‍ന്ന് ഈജിപ്തിനുള്ള ഇന്ധന കയറ്റുമതിക്ക് സഊദി ഭരണകൂടം താല്‍കാലികമായി നിര്‍ത്തിവച്ചു. ഈജിപ്ത് ഊര്‍ജമന്ത്രാലയമാണ് എണ്ണ ഇറക്കുമതി സഊദി നിര്‍ത്തിവച്ചതായി വ്യക്തമാക്കിയത്. എന്നാല്‍, വ്യക്തമായ കാരണം പറയാതെയാണിതെന്നും മന്ത്രാലയം ആരോപിച്ചു..
ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് അധികാരത്തിലെത്തിയ അബ്ദുല്‍ ഫത്താഹ് അല്‍ സീസിക്ക് രാഷ്ട്രീയമായും സാമ്പത്തികമായും ഏറ്റവും വലിയ പിന്തുണ നല്‍കിയ രാഷ്ട്രമായിരുന്നു സഊദി.
എന്നാല്‍, ഈ ബന്ധത്തിന് വിള്ളലുണ്ടായതായി വിലയിരുത്തപ്പെട്ടിരുന്നു. യുഎന്നില്‍ അറബ് രാഷ്ട്രങ്ങളുടെ പൊതുനിലപാടിന് വിരുദ്ധമായി സിറിയന്‍ പ്രസിഡന്റിന് അനുകൂലമായി റഷ്യക്കു വേണ്ടി വോട്ട് ചെയ്ത ഈജിപ്തിന്റെ നടപടിയാണ് സഊദി അറേബ്യയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.
സംഭവത്തിനു ശേഷം ഈജിപ്തിനെതിരെ സഊദി അതി ശക്തമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ഈജിപ്തിലേക്കള്ള ഇന്ധന വിതരണവും സഊദി നിര്‍ത്തിവച്ചത്.
ഇതോടെ ഈജിപ്ത് വിപണിയില്‍ ഇന്ധന വില നിര്‍ബന്ധിതമായി കൂട്ടേണ്ടി വന്നിരിക്കുകയാണ്. ഡീസല്‍ ലിറ്ററിന് 3.2 പൗണ്ടും പാചക വാതകം ലിറ്ററിന് 3.5 പൗണ്ടുമാണ് വര്‍ധിപ്പിച്ചത്. അടുത്തിടെ ഇത് രണ്ടാം തവണയാണ് സീസി സര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത്. ഇന്ധന വില വര്‍ദ്ധനവ് പൊതു ജനത്തെ വലച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഈജിപ്തിനുള്ള ഇന്ധന വിഹിതം നിര്‍ത്തിയ വാര്‍ത്തയോട് സൗദി അറേബ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."