ഹരിപ്പാട് മെഡിക്കല്‍ കോളജ്: വിജിലന്‍സ് റിപ്പോര്‍ട്ട് വിചിത്രം- യു.ഡി.എഫ്
ആലപ്പുഴ: നിര്‍ദിഷ്ട ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധമുണ്ടാക്കാന്‍ ബോഗസ് കമ്പനിയെ ആയുധമാക്കി ഹൈക്കോടതിയില്‍ കേസ് കൊടുപ്പിച്ച് അതിന്മേല്‍ വിജിലന്‍സ് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമാണെന്ന് യു.ഡി.എഫ് ജില്ലാ നേതൃയോഗം കുറ്റപ്പെടുത്തി. നേരത്തെ തയ്യാറാക്കിയ തിരക്കഥയാണ് വിജിലന്‍സ് റിപ്പോര്‍ട്ടെന്നും വിജിലന്‍സിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നത് ലജ്ജാകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
അക്രമത്തിനും അഴിമതിയ്ക്കും കൂട്ടുനില്‍ക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജില്ലയില്‍ 97 കേന്ദ്രങ്ങളിലായി നാളെ മുതല്‍ 30 വരെ ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കുന്നതിനും യോഗം അന്തിമ രൂപം നല്‍കി. കൃത്യനിര്‍വ്വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊലിസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുന്ന നടപടിയിലും പൊലിസ് സ്റ്റേഷനില്‍ നിന്നും കുറ്റവാളികളെ ബലമായി മോചിപ്പിച്ചു കൊണ്ടുപോകുന്ന നടപടിയിലും യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. വ്യാപകായി നടമാടുന്ന ഗുണ്ടാ മാഫിയ വിളയാട്ടം അടിച്ചമര്‍ത്തുന്നതിന് പൊലിസ് സംവിധാനം പരാജയപ്പെട്ടതായും യോഗം കുറ്റപ്പെടുത്തി. ജില്ലാ ചെയര്‍മാന്‍ എം മുരളി അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ഉന്നതാധികാര സമിതി, നിയോജകമണ്ഡലം ചെയര്‍മാന്മാര്‍, കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത സംയുക്ത യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂര്‍, മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി എ.എ നസീര്‍, ജെ.ഡി.യു ദേശീയ നിര്‍വാഹക സമതി അംഗം നസീര്‍ പുന്നയ്ക്കല്‍, കേരളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് ജോസഫ്, സി.എം.പി ജില്ലാ സെക്രട്ടറി എ നിസ്സാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആര്‍.എസ്.പി നേതാവ് വി.പി രാമകതൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."