നോട്ടുമായി ജനം തെരുവില്‍
തൃശൂര്‍: കള്ളപ്പണം തടയുന്നതിനായി അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ചത് യാത്രക്കാരെ വലച്ചു. സംസ്ഥാനത്തെ പ്രധാന ടോള്‍ പിരിവു കേന്ദ്രങ്ങളിലൊന്നായ പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. കയ്യിലുള്ള അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ ടോള്‍ നല്‍കി ചില്ലറയാക്കാന്‍ യാത്രക്കാര്‍ ശ്രമിച്ചതാണ് ഗതാഗതക്കുരുക്കിന് കാരണം.
വലിയ നോട്ടുകള്‍ പെട്ടെന്ന് ഒഴിവാക്കാന്‍ മിക്കവരും ഈ രീതി പിന്‍തുടര്‍ന്നതോടെ ചില്ലറയില്ലാതെ ടോള്‍ പ്ലാസാ ജീവനക്കാര്‍ വലഞ്ഞു. ഇതോടെ വാഹനങ്ങളുടെ നീണ്ട നിര തന്നെ ടോള്‍ ബൂത്തിന് മുന്നില്‍ അനുഭവപ്പെട്ടു. അസാധുവാക്കിയ നോട്ടുകള്‍ ജീവനക്കാര്‍ നിരസിച്ചതോടെ ടോള്‍ പ്ലാസയ്ക്ക് മുന്നില്‍ യാത്രക്കാരുടെ പ്രതിഷേധവും അരങ്ങേരി. വാഹനങ്ങള്‍ വരിയില്‍ നിര്‍ത്തിയിട്ടായിരുന്നു യാത്രക്കാരുടെ പ്രതിഷേധം.
ടോള്‍ പ്ലാസാ ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കുതര്‍ക്കത്തിനും ഇത് കാരണമായി. പിന്നീട് അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ സ്വീകരിക്കാന്‍ ടോള്‍ പ്ലാസ അധികൃതര്‍ തയാറായെങ്കിലും നീണ്ട ക്യൂ തന്നെയായിരുന്നു മിക്ക ടോള്‍ ബൂത്തുകള്‍ക്ക് മുന്നിലും അനുഭവപ്പെട്ടത്. ഒരേ നിരയില്‍ അഞ്ച് വാഹനങ്ങള്‍ വന്നാല്‍ ടോള്‍ പിരിക്കാതെ മുഴുവന്‍ വാഹനങ്ങളും കടത്തിവിടണമെന്നാണ് നിയമമെങ്കിലും ഇതൊന്നും ടോള്‍ പ്ലാസാ ജീവനക്കാര്‍ അറിഞ്ഞ ഭാവം കാണിച്ചില്ല. എല്ലാവര്‍ക്കും ചില്ലറ നല്‍കി കൃത്യമായി ചുങ്കംപിരിക്കാന്‍ തന്നെയായിരുന്നു അധികൃതരുടെ തീരുമാനം. ഇതോടെ ജോലി സ്ഥലങ്ങളിലേക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി പുറപ്പെട്ട യാത്രക്കാര്‍ മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി. സ്വകാര്യ വാഹനങ്ങളും, കെ.എസ്.ആര്‍.ടി.സി ബസുകളും അര മണിക്കൂറോളം വൈകിയാണ് ട്രിപ്പുകള്‍ പൂര്‍ത്തിയാക്കിയത്.
കയ്യിലുള്ള അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ ചില്ലറയാക്കുന്നതിനായി റെയില്‍വേ ടിക്കറ്റ് കൗണ്ടറിന് മുന്നിലും യാത്രക്കാരുടെ നീണ്ട നിര തന്നെയായിരുന്നു ഇന്നലെ അനുഭവപ്പെട്ടത്. ഹ്രസ്വദൂര യാത്രക്കും പ്ലാറ്റ് ഫോം ടിക്കറ്റുകള്‍ക്കുമായി പലരും അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകളുമായാണ് കൗണ്ടറുകളിലെത്തിയത്. ചില്ലറക്ഷാമം പലയിടത്തും വാക്കുതര്‍ക്കങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കി.
നിരോധിച്ച നോട്ടുകളെ ചൊല്ലി നാടെങ്ങും കലഹം
കൊടുങ്ങല്ലൂര്‍: നിരോധിച്ച നോട്ടുകളെ ചൊല്ലി നാടെങ്ങും കലഹം, പെട്രോള്‍ പമ്പുകള്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി പണമിടപാട് നടക്കുന്ന പൊതു ഇടങ്ങളിലെല്ലാം തന്നെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ വില്ലന്മാരായി. പെട്രോള്‍ പമ്പുകളും സര്‍ക്കാര്‍ ബസുകളിലും നിരോധിച്ച നോട്ടുകള്‍ സ്വീകരിക്കുമെന്ന അറിയിപ്പിനെ തുടര്‍ന്ന് പലരും ഇവിടങ്ങളില്‍ നോട്ടുകള്‍ മാറാനെത്തി. എന്നാല്‍ ചില്ലറ നോട്ടുകള്‍ ഇല്ലെന്ന കാരണം പറഞ്ഞ് പലയിടങ്ങളില്‍ നിന്നും ആവശ്യക്കാരെ തിരിച്ചയക്കുകയായിരുന്നു. എറണാകുളം ഗുരുവായൂര്‍ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടിസി ബസില്‍ 500 രൂപ നോട്ടിനെ ചൊല്ലി യാത്രക്കാരനും കണ്ടക്ടറും തമ്മില്‍ തര്‍ക്കമുണ്ടായി. സര്‍ക്കാര്‍ ബസില്‍ നോട്ട് സ്വീകരിക്കുമെന്ന് അറിയിപ്പുണ്ടെന്ന് യാത്രക്കാരന്‍ വാദിച്ചപ്പോള്‍ തങ്ങള്‍ക്ക് അത്തരം അറിയിപ്പൊന്നും ലഭിച്ചില്ലെന്നായിരുന്നു കണ്ടക്ടറുടെ നിലപാട്. ഒടുവില്‍ മറ്റ് യാത്രക്കാര്‍ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. കൊടുങ്ങല്ലൂരിലെ പെട്രോള്‍ പമ്പുകളിലും ഇത്തരം സംഭവങ്ങളുണ്ടായി. 500, 1000 നോട്ടുകളുമായി വന്നവരോട് മുഴുവന്‍ തുകക്ക് ഇന്ധനം നിറച്ചാല്‍ മാത്രമേ പണം സ്വീകരിക്കൂ എന്ന നിലപാടാണ് പമ്പ് നടത്തിപ്പുകാര്‍ സ്വീകരിച്ചത്. ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള പല വ്യപാര സ്ഥാപനങ്ങളിലും 1000, 500 നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് അറിയിപ്പ് പ്രദര്‍ശിപ്പിച്ചു. വലിയ നോട്ടുകള്‍ നിരോധിച്ചതറിഞ്ഞ് ചിലയാളുകള്‍ എ.ടി.എമ്മില്‍ നിന്നും 400 രൂപ വിതം പിന്‍വലിച്ചത് എ.ടി.എം കാലിയാകാനിടയായി.
വലിയ നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ നോട്ടുകള്‍ മാറ്റി നല്‍കി കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍ ശ്രീസായ് പബ്ലിക് സ്‌കൂള്‍ മാതൃകയായി. സ്‌കൂള്‍ ജീവനക്കാര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും 1000, 500 നോട്ടുകള്‍ക്ക് പകരം ചെറിയ നോട്ടുകള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കി. വിദ്യാര്‍ഥികളുടെ ഫീസ്, പഠനോപകരണങ്ങള്‍ എന്നിവക്കാവശ്യമായ പണം 1000, 500 നോട്ടുകളായി സ്വീകരിക്കുമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ആദ്യ ദിനം തന്നെ കൊടിയ ദുരിതം
വടക്കാഞ്ചേരി:500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ നടപടി നിലവില്‍ വന്ന ആദ്യ ദിനം തന്നെ ജനങ്ങള്‍ കൊടിയ ദുരിതത്തിലായി. ആശുപത്രികള്‍, സര്‍ക്കാര്‍ ആശുപത്രികളിലെ ഫാര്‍മസികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, കെ.എസ്.ആര്‍.ടി.സി ബസുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളില്‍ നോട്ടുകള്‍ സ്വീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വേണ്ടത്ര വിജയിച്ചില്ല. എവിടേയും ചില്ലറയില്ലാതിരുന്നതാണ് പ്രതിസന്ധിയായത്. പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടെങ്കിലും വാഹന ഉടമകളെല്ലാം ആയിരത്തിന്റേയും 500 ന്റെയും നോട്ടുകളുമായി എത്തിയത് വലിയ പ്രതിസന്ധിയായി. ചില്ലറ നല്‍കാനില്ലാത്തത് മൂലം പലര്‍ക്കും ഇന്ധനം ലഭിച്ചില്ല. പലരും 500 രൂപക്കും 1000 രൂപക്കുമൊക്കെ ഇന്ധനം നിറച്ച് മടങ്ങേണ്ടിയും വന്നു വ്യാപാരികളും കൊടിയ ദുരിതമാണ് അനുഭവിച്ചത്.
പല സ്ഥാപനങ്ങളിലും കച്ചവടം ഗണ്യമായി കുറഞ്ഞു. ചെറുകിട വ്യാപാര സ്ഥാപനങ്ങളാണ് വലിയ പ്രതിസന്ധിയിലായത്. കണ്‍സ്യൂമര്‍ ഫെഡ് ബെവ്‌കോ വിദേശ മദ്യവില്‍പനശാലകളിലും വലിയ നോട്ടുകള്‍ സ്വീകരിച്ചില്ല. വടക്കാഞ്ചേരിയില്‍ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് ബോര്‍ഡ് തൂക്കിയായിരുന്നു മദ്യവില്‍പന. ഇത് വലിയ പ്രതിഷേധത്തിനും വഴിവെച്ചു. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ ഒരു ആഴ്ചയെങ്കിലും വേണ്ടി വരുമെന്നാണ് ഇപ്പോഴത്തെ സൂചന.
തീരദേശത്ത് ജനങ്ങള്‍ വട്ടം കറങ്ങി
വാടാനപ്പള്ളി: മുന്നറിയിപ്പില്ലാതെ 500,1000 നോട്ടുകള്‍ പിന്‍വലിച്ചതും ബാങ്കും എ.ടി.എം മുടക്കായതും തീരദേശത്ത് ജനങ്ങള്‍ വട്ടം കറങ്ങി. ചേറ്റുവ,വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, തൃപ്രയാര്‍, വലപ്പാട് തുടങ്ങി മിക്കയിടങ്ങളിലും ജ്വല്ലറികള്‍,ഹാര്‍ഡ് വെയര്‍ ഷോപ്പുകള്‍, ചില മെഡിക്കല്‍ ഷോപ്പുകള്‍, ആയുര്‍വേദ മരുന്നുകടകള്‍ തുടങ്ങി ഒട്ടുമിക്ക കടകളും തുറന്നില്ല.
അഞ്ഞൂറ്, ആയിരം നോട്ടുകള്‍ പെട്രോള്‍ പമ്പുകളില്‍ മാറ്റി നല്‍കിയെങ്കിലും രാവിലെ പത്തുമണിയായപ്പോഴേക്കും മിക്ക പമ്പുകളിലും ചില്ലറ കഴിഞ്ഞു. ഇതോടെ തീരദേശത്തെ പമ്പുകളില്‍ ചില്ലറയില്ലാത്തവര്‍ക്ക് അഞ്ഞൂറിനും ആയിരത്തിനും പെട്രോള്‍ അടിക്കേണ്ട അവസ്ഥയായി. മാത്രമല്ല ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും വലിയ നോട്ടുകള്‍ വാങ്ങാതായപ്പോള്‍ മിക്ക ടാക്‌സികളും ഉച്ചയോടെ പണിമുടക്കി. കെ.എസ്.ഇ.ബിയില്‍ അധികൃതരും വലിയനോട്ടുകള്‍ വാങ്ങാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് കറന്റ് ബില്ലടക്കാന്‍ വന്നവരും അടക്കാന്‍ കഴിയാതെ തിരിച്ചുപോയി. ഇതിനിടയില്‍ ചില വ്യാപാര സ്ഥാപനങള്‍ അഞ്ഞൂരൂപ ചില്ലറ നല്‍കണമെങ്കില്‍ മൂന്നൂറ് രൂപക്കും, ആയിരം രൂപ മാറ്റിനല്‍കണമെങ്കില്‍ അറുനൂറ് രൂപക്കും സാധാനങള്‍ വാങ്ങണമെന്ന ഡിമാന്റ് വെച്ചു ഇതും സാധാരണക്കാരെ വട്ടം കറക്കി.
പെട്രോള്‍ പമ്പ് അടച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കി
ചാവക്കാട്: 500, 1000 നോട്ടുകള്‍ അസാധുവാക്കിയത് ജനജീവിതം സ്തംഭിപ്പിച്ചു. അകലാട് പെട്രോള്‍ പമ്പ് അടച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കി.
ചാവക്കാട് നഗരത്തില്‍ വ്യാപാരം സ്തംഭിച്ചു. അഞ്ഞൂറും ആയിരവും നല്‍കി നൂറിനും നൂറ്റമ്പതിനും പെട്രോളടിക്കാനത്തെിവര്‍ക്ക് തിരിച്ചു നല്‍കാന്‍ ചില്ലറയില്ലാത്തതിനാല്‍ അകലാട് ഒറ്റയിനിയിലെ പെട്രോള്‍ പമ്പാണ് ഏറെ നേരത്തേക്ക് അടച്ചിട്ടത്. പെട്രോളില്ലെന്നും കറന്റില്ലെന്നും പറഞ്ഞായിരുന്നു ആളുകളെ തിരിച്ചയച്ചത്. എന്നാല്‍ സ്റ്റോക്കില്ലെന്ന ബോര്‍ഡ് വെക്കണമെന്ന് യുവാക്കള്‍ ആവശ്യപ്പെട്ടു. പമ്പില്‍ ബൈക്കുകളും വാഹനങ്ങളും കൂടിയതോടെ ചിലര്‍ വടക്കേക്കാട് പൊലിസെത്തിയാണ് രംഗം ശാന്തമാക്കിയത്. ഇതേ സമയം ഈ പമ്പില്‍ ഡീസല്‍ നല്‍കുന്നുമുണ്ടായിരുന്നു. നാട്ടുകാര്‍ പ്രതിഷേധം ശക്തമായതോടെയാണ് ഒടുവില്‍ പെട്രോള്‍ നല്‍കാന്‍ തുടങ്ങിയത്. പെട്രോള്‍ ഉണ്ടായിട്ടും വിവിധ കാരണം പറഞ്ഞ് വിതരണം ചെയ്യാതിരുന്നതിനെതിരെ ഇവര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പുന്നയൂര്‍ മണ്ഡലം ഭാരവാഹികളായ മുനാഷ് പുന്നയൂര്‍, മുജീബ് റഹ്മാന്‍ എന്നിവര്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ പരാതി നല്‍കി. എന്നാല്‍ ചാവക്കാട് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തുള്ള പെഗ്ഗ്രടാള്‍ പമ്പില്‍ അഞ്ഞൂറ് രൂപക്ക് ഒറ്റയടിക്ക് തന്നെ പെട്രോള്‍ നല്‍കി. 100 മുതല്‍ ചില്ലറയുമായത്തെിയവര്‍ക്കും ഇവിടെ പെട്രോള്‍ ലഭിച്ചു. ചാവക്കാട്ടെ വസ്ത്രക്കടക്കാര്‍ പലരും 500, 1000 നോട്ടുകള്‍ വാങ്ങി. ചില പച്ചക്കറി കടക്കാരും ഇങ്ങനെ ചെയ്‌തെങ്കിലും ബാക്കി വരുന്ന തുക നല്‍കാന്‍ ചില്ലറയില്ലാത്തത് ഇവര്‍ക്ക് ദുരിതമായി. എന്നാല്‍ പണത്തിനു പകരം കാര്‍ഡ് ഉപയോഗിച്ചവരും ധാരാളമുണ്ടായി. മാമാസ് തുണിക്കട, മോര്‍, എം.കെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഈ രീതി ഉപയോഗിചാണ് പലരും സാധാനങ്ങള്‍ വാങ്ങിയത്. വീട്ടാവശ്യത്തിനുള്ള ഗ്യാസുമായത്തെിയവര്‍ നിരോധിച്ച നോട്ടുകളാണെന്ന കാരണം പറഞ്ഞ് ഗ്യാസ് സിലിണ്ടര്‍ നല്‍കാതെ പൊയതായും പരാതിയുണ്ട്. ചെമ്മണ്ണൂര്‍ ജുവലറി ഉള്‍പ്പടെ ചില സ്വര്‍ണക്കടക്കാരും 500, 1000 നോട്ടുകളെടുത്തില്ല. കാശുമായി പലരും കോയിന്‍ എടുക്കാനത്തെിയത്. നിരോധിത പണത്തിനു പകരം സ്വര്‍ണമെടുക്കാനത്തെിയവരായിരുന്നു പലരുമെന്ന് ജീവനക്കാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."