ഇടത്തോ, വലത്തോ ഫോട്ടോ ഫിനിഷിങിലേക്ക് മണലൂര്‍ മണ്ഡലം
പാവറട്ടി: വാശിയേറിയ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഇടത്തേക്കോ വലത്തേക്കോ എന്നുറപ്പിക്കാനാവാതെ ഫോട്ടോ ഫിനിഷിങിലേക്ക് മണലൂര്‍ നിയോജക മണ്ഡലം. തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന ഇവിടെ ഒപ്പത്തിനൊപ്പം ശക്തരായ സ്ഥാനാര്‍ഥികളെ ഇരുവിഭാഗവും രംഗത്തിറക്കിയതാണ് മത്സര രംഗം മുറുകിയത്. തുടക്കത്തില്‍ മുന്‍ എം.എല്‍.എ കൂടിയായ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഏറെ മുന്നിലായിരുന്നെങ്കിലും യു.ഡി. എഫ് സ്ഥാനാര്‍ഥി ഒ.അബ്ദുല്‍റഹ്മാന്‍ കുട്ടിയുടെ വ്യക്തി പ്രഭാവവും മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള പ്രവര്‍ത്തകരുടെ ഐക്യവും ചിട്ടയായ പ്രവര്‍ത്തനങ്ങളുമാണ് മത്സരം ഒപ്പത്തിനൊപ്പമാക്കിയത്. അതുകൊണ്ടുതന്നെയാണ് 2011 ല്‍ 73.3 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയതെങ്കില്‍ ഇത്തവണ 76.33 ശതമാനമായി വര്‍ധിച്ചത്. വളരെ മുമ്പ് തന്നെ ശക്തമായ പ്രചാരണവുമായി രംഗത്തുള്ള ബി.ജെ.പിക്ക് ലഭിക്കുന്ന വോട്ടുകളാണ് ഇവിടെ ജയാപരാചയങ്ങള്‍ തീരുമാനിക്കുകയെന്നതിനാല്‍ ഇരുവിഭാഗം പ്രവര്‍ത്തകരിലും അമിതാ വേശമൊന്നും കാണുന്നില്ല. ഇത്രയും കാലത്തിനിടയില്‍ ഉണ്ടാവാത്ത വിധം ബി.ജെ.പിയുടെ സജീവ സാന്നിധ്യവും ഇരുവിഭാഗത്തെയും വോട്ടു ചോര്‍ച്ചകളെ ഭയപ്പെടുത്തുന്നുണ്ട്. മണ്ഡലത്തിലുടനീളം സ്വാധീനമുള്ള ദളിത് വോട്ടുകളില്‍ ബി.ജെ.പിക്ക് ലഭിക്കുന്നതില്‍ ഭൂരിപക്ഷവും ആരുടെ വോട്ടാവും എന്നതിനെ ആശ്രയിച്ചായിരിക്കും ജയപരാചയ സാധ്യതകള്‍. ഇതിനു പുറമെ പാര്‍ട്ടിയില്‍ നിന്നു തന്നെയുള്ള അടിവലികള്‍ ഉണ്ടായിട്ടുണ്ടോ എന്ന ഭയംകൂടി പ്രവര്‍ത്തകരിലുണ്ട്. ഇതും ജയപ്രതീക്ഷകളെ തകിടം മറിച്ചേക്കാവുന്നതിനാല്‍ എവിടെയും ജയപരാചയങ്ങളെ കുറിച്ച് വാദപ്രതിവാദത്തിനൊന്നും ആരും തയ്യാറാകുന്നില്ല. ചെറുകക്ഷികളായ എസ്.ഡി.പി.ഐ, പി.ഡി.പി തുടങ്ങിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത്തവണ സജീവമായി രംഗത്തില്ലാതിരുന്നതിനാല്‍ വോട്ടുകച്ചവടം നടത്തിയിട്ടുണ്ടോ എന്ന ഭയവും പ്രവര്‍ത്തകര്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."