കുറുവന്തേരിയിലെ പൈപ്പ് ബോംബ് വന്‍ പ്രഹരശേഷിയുള്ളതെന്ന് പൊലിസ്
നാദാപുരം: കഴിഞ്ഞദിവസം കുറുവന്തേരിയില്‍ നിന്നും കണ്ടെടുത്ത ബോംബുകള്‍ മാരക പ്രഹരശേഷിയുള്ളതാണെന്ന് പൊലിസ് പരിശോധനയില്‍ വ്യക്തമായി.
ലീഗ്-സി.പി.എം സംഘര്‍ഷം നിലനില്‍ക്കുന്ന കുറുവന്തേരിയില്‍ പരിശോധന നടത്തുന്നതിനിടെയാണ് സ്റ്റീല്‍ ബോംബുകള്‍ക്കൊപ്പം ഇരുമ്പു പൈപ്പ് കൊണ്ട് നിര്‍മിച്ച മൂന്നു പ്രത്യേകതരം ബോബുകള്‍ പൊലിസിനു ലഭിച്ചത്. പൈപ്പിന്റെ എല്‍ ആകൃതിയിലുള്ള ജോയിന്റില്‍ വെടിമരുന്നും മറ്റും നിറച്ച് സ്റ്റോപ്പര്‍ വച്ച് അടച്ചാണ് ഇവ നിര്‍മിച്ചത്. മേഖലയില്‍ നിന്നും ഇത്തരത്തിലുള്ള ബോംബ് ആദ്യമായിട്ടാണ് പൊലിസിനു ലഭിക്കുന്നത്. ഇതേതുടര്‍ന്നാണ് വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
ഇന്നലെ ബോംബിന്റെ ശേഷി പരിശോധിക്കാന്‍ ചേലക്കാട് ക്വാറിയില്‍ വച്ച് ബോംബ് പൊട്ടിക്കുകയായിരുന്നു. വന്‍ശബ്ദത്തോടെ പൊട്ടിത്തെറിച്ച ബോംബിന്റെ അവശിഷ്ടങ്ങള്‍ 200 മീറ്റര്‍ ദൂരത്തോളം ചിന്നിത്തെറിച്ചു. പൊലിസ് തിരച്ചില്‍ നടത്തുമ്പോള്‍ അണിയറയില്‍ നൂതനതരത്തിലുള്ള വസ്തുക്കളുമായി ക്രിമിനലുകള്‍ പ്രത്യക്ഷപ്പെടുന്നത് പൊലിസിനും നാട്ടുകാര്‍ക്കും വെല്ലുവിളിയാവുകയാണ്. മേഖലയില്‍ കണ്ടെടുക്കുന്ന ആയുധക്കേസുകളിലൊന്നും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതാണ് ഇത്തരം സംഘങ്ങള്‍ക്കു വളരാന്‍ സാഹചര്യമൊരുക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."