സിറിയ: രണ്ടാം വിയന്ന ചര്‍ച്ച ഫലം കാണുമോ?
നിരവധി സമാധാന ശ്രമങ്ങള്‍ പരാജയപ്പെട്ട സിറിയയില്‍ വീണ്ടുമൊരു സമാധാന ശ്രമം ആരംഭിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസം. പാശ്ചാത്യ രാജ്യങ്ങളിലേയും മധ്യപൂര്‍വ്വേഷ്യയിലെയും നയതന്ത്ര നേതാക്കള്‍ ഇതിനായി വിയന്നയിലെത്തിയിട്ടുണ്ട്. നേരത്തേ വിയന്നയില്‍ നടന്ന സമാധാന ചര്‍ച്ച പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് ചര്‍ച്ച പുനരാംരംഭിച്ചിരിക്കുന്നത്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജിലാവറോവ്, യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി എന്നിവരുടെ നേതൃത്വത്തിലാണ് ഇപ്പോഴത്തെ ചര്‍ച്ച. ഉടനെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ദുരിതമനുഭവിക്കുന്ന സിറിയന്‍ ജനതക്ക് അടിയന്തിര സഹായമെത്തിക്കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ചര്‍ച്ച തുടങ്ങിയിരിക്കുന്നത്. പതിനേഴ് രാജ്യങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.
സിറിയയില്‍ പുതിയ ഭരണകൂടം നിലവില്‍ വന്നാല്‍ മാത്രമേ സമാധാനം പുലരൂ എന്നതാണ് യാഥാര്‍ത്ഥ്യം. യു.എസും ഇതുതന്നെയാണ് കരുതുന്നത്. എന്നാല്‍ സിറിയയില്‍ രാഷ്ട്രീയ ലക്ഷ്യമുള്ള റഷ്യയും ഇറാനും ഇതിന് സഹകരിക്കുന്നില്ല. സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദിന്റെ ശക്തി റഷ്യയും ഇറാനുമാണ്. ഈ രണ്ട് രാഷ്ട്രങ്ങളും അസദിന് നല്‍കുന്ന പിന്തുണ പിന്‍വലിച്ചാല്‍ അതോടെ തീരാവുന്നതേയുള്ളൂ ആഭ്യന്തര യുദ്ധം.
റഷ്യയുടെയും ഇറാന്റെയും സൈനിക സഹായത്താലാണ് സ്വന്തം നാട്ടുകാര്‍ക്കെതിരെയും അസദിന്റെ സൈന്യത്തില്‍ നിന്നും പിന്‍വാങ്ങിയ വിമതസൈനികര്‍ക്കെതിരെയും സിറിയ യുദ്ധം ചെയ്യുന്നത്. ഇറാന്‍ അമേരിക്കയുമായുള്ള ബന്ധം നന്നാക്കിയതിനെ തുടര്‍ന്ന് അമേരിക്ക ഇയറാനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന പല ഉപരോധങ്ങളും പിന്‍വലിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അമേരിക്ക ഇറാനുമേല്‍ സമ്മര്‍ദം ചെലുത്തി അസദിനെ സഹായിക്കുന്ന നിലപാടില്‍ നിന്നും പിന്തിരിപ്പിക്കാവുന്നതേയുള്ളൂ. എന്നാല്‍ ഇതിന് ഇറാന്‍ വഴങ്ങുമോ എന്നതാണ് പ്രശ്‌നം. ഇറാനില്‍ ഭരണം നടത്തുന്നത് ഷിയാ വിഭാഗമാണ്. സിറിയന്‍ പ്രസിഡന്റ് അസദാകട്ടെ ഷിയാ വിഭാഗമായ അലവി ഉപവിഭാഗത്തില്‍പെട്ടയാളുമാണ്. ആ നിലക്ക് ഇറാന്‍ അസദിനെ സഹായിക്കുന്നത് അവസാനിപ്പിക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. ചുരുക്കത്തില്‍ റഷ്യയും ഇറാനും സിറിയയില്‍ നിന്നും പിന്തിരിയുന്നില്ലെങ്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി സിറിയന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തിന് ഒരവസാനം ഉണ്ടാവുകയില്ല.
ഓരോ ദിനവും സിറിയ പുലരുന്നത് മിസൈല്‍ ആക്രമണത്തില്‍ പരുക്കേറ്റ് വാവിട്ട് കരയുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ആര്‍ത്തനാദങ്ങള്‍ കേട്ടാണ് ആസ്പത്രികളെയും അഭയാര്‍ഥി കേമ്പുകളെയും ലക്ഷ്യം വെച്ചുള്ള റഷ്യയുടെ മിസൈല്‍ ആക്രമണം മനുഷ്യരാശിയുടെ നേര്‍ക്കുള്ള കടന്നാക്രമണമായിട്ടു വേണം കാണാന്‍. കാരണം ഇവിടെ സാധാരണ ജനങ്ങളാണ് തമ്പടിച്ചിരിക്കുന്നത്. ഐ.എസിനെ തുരത്താനെന്ന പേരില്‍ റഷ്യ സിറിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന കിരാതാക്രമണത്തില്‍ പുഞ്ചുകുഞ്ഞുങ്ങളെയും വൃദ്ധരെയും സത്രീകളെയുമാണ് കൊലപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതിനകം ഇരുപതോളം ആസ്പത്രികള്‍ റഷ്യന്‍ സേന ബോംബിട്ട് തകര്‍ത്തു. നൂറോളം ഡോക്ടര്‍മാരും നഴ്‌സുമാരും കൊല്ലപ്പെട്ടു. ഇപ്പോള്‍ വിരലിലെണ്ണാവുന്ന ഡോക്ടര്‍മാര്‍ മാത്രമാണ് ആസ്പ്രതികളില്‍ സേവനം ചെയ്യുന്നത്. മരണം മുന്നില്‍ കണ്ട് ഡോക്ടര്‍മാര്‍ നടത്തുന്ന സേവനം ദുരിതമനുഭവിക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യവും ദായനുകമ്പയുമാണ്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി സിറിയയില്‍ തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ രണ്ടരലക്ഷം ആളുകളാണ് കൊല്ലപ്പെട്ടത്. ലക്ഷങ്ങള്‍ അഭയാര്‍ഥികളായി അന്യരാജ്യങ്ങളില്‍ കഴിയുന്നു. പല രാജ്യങ്ങളും സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നുമില്ല. കടലിനും ചെകുത്താനും ഇടയില്‍പെട്ട അവസ്ഥയിലാണ് സിറിയന്‍ ജനത. ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുവാനും സമാധാനം പുന:സ്ഥാപിക്കാനും കഴിഞ്ഞ ഡിസംബറിലാണ് യു.എന്‍ രക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കിയത്. പതിനേഴ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അന്നും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിയന്നയില്‍ സിറിയന്‍ സമാധാന ചര്‍ച്ച ആരംഭിച്ചത്. എന്നാല്‍ ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു സിറിയ. അസദിനെ എതിര്‍ക്കുന്ന വിമത സൈനികര്‍ക്ക് നേരെ റഷ്യയും ആക്രമണം അഴിച്ചുവിട്ടു.
വിയന്ന ചര്‍ച്ച പൊളിക്കുക എന്നതായിരുന്നു ഈ ആക്രമണത്തിന്റെ ലക്ഷ്യം. കാരണം ഡിംബറില്‍ യു.എന്‍ രക്ഷാകൗണ്‍സില്‍ പാസാക്കിയ പ്രമേയത്തില്‍ അടുത്ത ആറുമാസത്തിനുള്ളില്‍ സിറിയയില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുക. ജനുവരി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തുക. ഇടക്കാല തെരഞ്ഞെടുപ്പ് കഴിഞ്ഞ് പതിനെട്ടു മാസത്തിനകം പൊതുതെരഞ്ഞെടുപ്പ് നടത്തുക. തെരഞ്ഞെടുപ്പില്‍ സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദ് മത്സരിക്കരുത് തുടങ്ങിയ കാര്യങ്ങളാണ് ഉണ്ടായിരുന്നത്. ഈ കരാറിനെ തകര്‍ക്കേണ്ടത് അസദിന്റെയും റഷ്യയുടെയും ആവശ്യമായിരുന്നു. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് വിയന്നയില്‍ നേരത്തേ ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ സാധാരണ ജനങ്ങളുടെ നേര്‍ക്ക് അസദിന്റെ സൈന്യവും റഷ്യയും മിസൈല്‍ ആക്രമണം നടത്തിയതും സാധാരണ ജനങ്ങളെ കൂട്ടക്കുരുതിക്കിരയാക്കിയതും.
ഫെബ്രുവരിയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തലിന് ശേഷമുണ്ടായ ഏറ്റവും വലിയ വ്യോമാക്രമണമായിരുന്നു അത്. ഇപ്പോഴിതാ ജോണ്‍ കെറിയുടെയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജിലാവ് റോവിന്റെയും നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ചയാരംഭിച്ചിരിക്കുന്നു. റഷ്യയുടെയും ഇറാന്റെയും സഹായത്തോടെ ഭരണത്തില്‍ തുടരുന്ന അസദ് ഭരണം വിട്ടൊഴിയുന്നത് സംബന്ധിച്ച് സൂചനകളൊന്നും നല്‍കാതിരിക്കുന്ന സ്ഥിതിക്ക് സിറിയയില്‍ സമാധാനമെന്ന സ്വപ്നം പുലരുമോ എന്നത് കണ്ടറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."