ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍; സമരം ശക്തമാക്കുന്നു
കോഴിക്കോട്: എറണാകുളം മുതല്‍ വടക്കോട്ടുള്ള ഏഴു ജില്ലകളിലൂടെ കടന്നുപോകുന്ന ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരേ സമരം ശക്തമാക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് ഗ്യാസ് രൂപത്തില്‍ കുഴിച്ചെടുക്കുന്ന പ്രകൃതിവാതകം മൈനസ് 167 സെന്റിഗ്രേഡില്‍ തണുപ്പിച്ച ദ്രാവക രൂപത്തില്‍ കപ്പല്‍ മാര്‍ഗം കൊച്ചി എല്‍.എന്‍.ജി ടെര്‍മിനലിലെത്തിക്കും. അവിടെ നിന്ന് വികസിപ്പിച്ച് പൂര്‍വസ്ഥിതിയിലാക്കി ഭൂമിക്ക് അടിയിലൂടെ സ്ഥാപിക്കുന്ന പൈപ്പുകള്‍ വഴി മംഗളൂരുവിലേക്കും ബംഗളൂരുവിലേക്കും എത്തിക്കുന്നതാണ് ഗെയില്‍ പദ്ധതി. ആകെയുള്ള 886 കി.മീ. ദൂരത്തില്‍ 503 കി.മീ. ദൂരവും കേരളത്തിലൂടെയാണ് കടന്നുപോകുന്നത്.
2012ല്‍ കമ്മിഷന്‍ ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച പദ്ധതി ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ നാലുവര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. എന്നാല്‍ പുതുതായി വന്ന സര്‍ക്കാര്‍ എന്തുവിലകൊടുത്തും പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഗെയില്‍ വീണ്ടും സജീവ ചര്‍ച്ചയായത്. 1962-ലെ പെട്രോളിയം ആന്‍ഡ് മിനറല്‍ പൈപ്പ്‌ലൈന്‍ ആക്ട് അനുസരിച്ച് ജനവാസ മേഖലയിലൂടെ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഈ പദ്ധതിയില്‍ ഭൂരിഭാഗവും ജനവാസ മേഖലയാണ്. ഒട്ടനവധി സ്‌കൂളുകളും ആരാധനാലയങ്ങളും വീടുകളും കീറിമുറിച്ചാണ് 20 മീറ്റര്‍ വീതിയില്‍ ഭൂമിയുടെ ഉപയോഗാവകാശം ഏറ്റെടുത്തുകൊണ്ടുള്ള നിര്‍ദിഷ്ട പദ്ധതി അലൈന്‍മെന്റ്. അതേസമയം ഈ അവകാശത്തില്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് നാമമാത്രമായ നഷ്ടപരിഹാര തുകയാണ് ഭൂവുടമകള്‍ക്ക് നല്‍കുന്നത്. പദ്ധതിക്ക് വേണ്ടി മുന്‍പ് കേന്ദ്ര ഗസറ്റ് വിജ്ഞാപന പ്രകാരം ഏറ്റെടുത്ത ഭൂമി മാറ്റി പകരം ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമുള്ള ഭൂമികള്‍ ഒരു വ്യവസ്തയുമില്ലാതെ എറ്റെടുക്കുകയാണെന്നും സമരസമിതി ആരോപിക്കുന്നു.
ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരേ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയായി ജില്ലയിലെ വിവിധ പഞ്ചായത്തുളില്‍ നിര്‍ദിഷ്ട ലൈനില്‍ സമരപ്പന്തല്‍ കെട്ടി നടന്നുവരുന്ന തുടര്‍ച്ചയായ സമരങ്ങള്‍ ജില്ലാ അടിസ്ഥാനത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 14 മുതല്‍ കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. സാമൂഹ്യപ്രവര്‍ത്തക സാറാ ജോസഫ് സമരം ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."