മുക്കത്ത് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു തുടങ്ങി
മുക്കം: നോട്ട് പ്രതിസന്ധി രൂക്ഷമായതോടെ മുക്കത്തെ കച്ചവട സ്ഥാപനങ്ങള്‍ അടച്ചു തുടങ്ങി. കടകളിലെത്തുന്നത് പ്രധാനമായും 500, 1000 രൂപ നോട്ടുകള്‍ മാത്രമാണ്. ഇടക്കിടെ 2000വും എത്തുന്നുണ്ടെങ്കിലും ചില്ലറ കൊടുക്കാനില്ലാത്തതിന്റെ പേരില്‍ അത് വാങ്ങിവയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കച്ചവടക്കാര്‍.
ഹോട്ടല്‍ സ്റ്റേറ്റ് ഹൈവേ, പൈലറ്റ് സ്റ്റോര്‍, മൈക്കോ ടൂ വീലര്‍ വര്‍ക്ക് ഷോപ്പ്, നാഫിയ സ്വീറ്റ്‌സ് തുടങ്ങിയവയാണ് അടച്ചുപൂട്ടിയ സ്ഥാപനങ്ങള്‍. സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കുന്നില്ലെന്നും ഇതിനാല്‍ ഇനി മുന്നോട്ട് പോകാനാകില്ലെന്നും പൈലറ്റ് സ്റ്റോര്‍ ഉടമ സാദിഖ് പറയുന്നു. വരും ദിവസങ്ങളിലും നിരവധി കടകള്‍ പൂട്ടാനാണ് സാധ്യത. നോട്ട് പ്രശ്‌നം കാരണം മലയോര മേഖലയില്‍ വ്യാപാരത്തിന് വലിയ രീതിയിലുള്ള ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പകുതി കച്ചവടം പോലും നടക്കാത്ത അവസ്ഥയാണുള്ളതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റ് പ്രസിഡന്റ് കെ.സി നൗഷാദ് പറഞ്ഞു. സെയില്‍ ടാക്‌സ് ഓഫിസര്‍മാര്‍ കടകളില്‍ കയറി 500, 1000 രൂപാ നോട്ടുകള്‍ പിടിച്ചെടുക്കുമെന്ന അഭ്യൂഹം പരന്നതോടെ കച്ചവടക്കാര്‍ കൂടുതല്‍ ഭീതിയിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."