പെരുമ്പാവൂര്‍ നഗരസഭ: ഭരണ - പ്രതിപക്ഷ അംഗങ്ങള്‍ വാക്കൗട്ടും ധര്‍ണയും നടത്തി
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഭരണ - പ്രതിപക്ഷ അംഗങ്ങളുടെ വാക്കൗട്ടും ധര്‍ണയും. പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് എച്ച്.എസ്.എസിന്റെ മുന്‍വശ കവാട നിര്‍മാണം ചര്‍ച്ചയ്ക്ക് എടുത്തപ്പോഴാണു യോഗത്തില്‍ ബഹളവും ഇറങ്ങിപ്പോക്കും ഉണ്ടായത്. മുന്‍വശ കവാട നിര്‍മാണത്തിനു നവംബര്‍ ഒന്നിന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു.
എന്നാല്‍ ഇത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചര്‍ച്ച ചെയ്തതിന് ശേഷം പരിഗണിക്കാന്‍ മാറ്റിവച്ചു. എന്നാല്‍ അന്നത്തെ യോഗത്തില്‍ സ്കൂളിന്റെ മുന്‍വശ കവാട നിര്‍മാണത്തിന് അനുമതി നല്‍കിയെന്ന് മിനിറ്റ്സില്‍ രേഖപ്പെടുത്തിയത് ഇന്നലെ ചേര്‍ന്ന കൗണ്‍സിലില്‍ ഭരണ - പ്രതിപക്ഷാംഗങ്ങള്‍ ചോദ്യം ചെയ്യുകയും ശരിയായ രീതിയില്‍ മിനിറ്റ്സില്‍ രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി എഴുന്നേറ്റ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സല രവികുമാറിനെ നഗരസഭ ചെയര്‍പേഴ്സണ്‍ ദേഷ്യത്തില്‍ സീറ്റില്‍ ഇരിക്കാന്‍ ആജ്ഞാപിക്കുകയായിരുന്നു. ഇതോടെ വത്സല രവികുമാര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപോയി. ഇതോടെ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സജീന ഹസ്സനും കൗണ്‍സിലില്‍ നിന്നും ഇറങ്ങിപോകുകായിരുന്നു.
സഭയെ തെറ്റിദ്ധരിപ്പിക്കുകയും ചെയര്‍പേഴ്സന്റെ ധിക്കാരപരമായി നടപടിയിലും പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ വാക്കൗട്ട് നടത്തിയതോടെ ബി.ജെ.പി - പി.ഡി.പി അംഗങ്ങളും കൗണ്‍സിലില്‍ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപോകുകയും നഗരസഭ കവാടത്തിന് മുന്നില്‍ ധര്‍ണ്ണ നടത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."