ഉപ്പുവെള്ളം: ജലശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം നിറുത്തിവച്ചു
ആലുവ: പെരിയാറില്‍ ഉപ്പുവെള്ളത്തിന്റെ അളവ് കൂടിയതിനെ തുടര്‍ന്ന് ആലുവ ജലശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം മൂന്നര മണിക്കൂറോളം നിറുത്തിവച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാലര വരെയാണ് ജലശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം നിറുത്തേണ്ടി വന്നത്. പശ്ചിമ കൊച്ചിയടക്കമുള്ള പ്രദേശങ്ങളിലെ കുടിവെള്ള വിതരണമാണ് ഇതിനെ തുടര്‍ന്ന് നിറുത്തിവെയ്‌ക്കേണ്ടി വന്നത്.
സാധാരണയായി 10 മുതല്‍ 20 വരെ പാര്‍ട്ട്‌സ് പെര്‍ മില്യന്‍ (പി.പി.എം) ആണ് പെരിയാറില്‍ ഉപ്പിന്റെ അംശമുണ്ടാകുന്നത്. ഇത് 250 പി.പി.എം വരെയായാലും ജലശുദ്ധീകരണത്തെ ബാധിക്കില്ല. എന്നാല്‍ തിങ്കളാഴ്ച ഉച്ചയോടെ ഉപ്പിന്റെ അംശം 400 പി.പി.എമ്മിലെത്തി. പിന്നീട് അത് ആയിരം പി.പി.എം വരെയായി. ഇതോടെയാണ് പ്രവര്‍ത്തനം നിറുത്തി വെയ്‌ക്കേണ്ടി വന്നത്.
ഞായറാഴ്ച്ച രാത്രി ഉപ്പിന്റെ അളവ് 150 പി.പി.എം ആയിരുന്നു. ഇതിനെ തുടര്‍ന്ന് ഭൂതത്താന്‍കെട്ട് ഡാം തുറക്കുകയും ചെയ്തു. അതിനാല്‍ തിങ്കളാഴ്ച രാവിലെ ജലശുദ്ധീകരണം തടപ്പെട്ടിരുന്നില്ല. എന്നാല്‍ ഉച്ചയോടെ ഉപ്പുവെള്ളം കൂടിയതിനാല്‍ ഭൂതത്താന്‍കെട്ടിലെ കൂടുതല്‍ ഷട്ടറുകള്‍ തുറയ്‌ക്കേണ്ടി വന്നു. കൊച്ചി കോര്‍പ്പറേഷന്‍, കളമശേരി, ഏലൂര്‍, തൃക്കാക്കര നഗരസഭകള്‍, മുളവുകാട്, കടമക്കുടി പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കുള്ള ജലവിതരണമാണ് നിര്‍ത്തിയത്.
ജല ശുദ്ധീകരണം നിര്‍ത്തിയപ്പോള്‍ ജലസംഭരണിയില്‍ ഉണ്ടായിരുന്ന വെള്ളം പമ്പ് ചെയ്തതിനാല്‍ ആലുവ നഗരത്തിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങിയില്ല. ഉപ്പിന്റെ അംശം കൂടിയാല്‍ ജലവിതരണം നിര്‍ത്തിവെയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അനില്‍ കെ. അഗസ്റ്റ്യന്‍ പറഞ്ഞു.
സര്‍ക്കാര്‍ ഫണ്ട് പാസാക്കാത്തതിനെ തുടര്‍ന്ന് കരുമാല്ലൂര്‍ പുറപ്പിള്ളിക്കാവിലെ റെഗുലേറ്റര്‍ നിര്‍മ്മാണം നിലച്ചതാണ് ഉപ്പ് വെള്ളം കയറാന്‍ കാരണം. സാധാരണയായി എല്ലാ വര്‍ഷവും നവംബര്‍ പാതിയോടെ പുറപ്പിള്ളിക്കാവില്‍ 70 ലക്ഷം രൂപ ചെലവില്‍ താത്കാലികമായി മണല്‍ ബണ്ട് നിര്‍മ്മിച്ചാണ് ഉപ്പുവെള്ളം കയറുന്നത് തടഞ്ഞിരുന്നത്.
ഇക്കുറി റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിനാല്‍ അത് പൂര്‍ത്തിയാകുമെന്ന ധാരണയില്‍ താത്കാലിക ബണ്ട് നിര്‍മ്മിക്കുന്നതിന് ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നും ഉണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."