പിഴ ചുമത്താന്‍ ഏകീകൃത നിയമം: ഗള്‍ഫ് രാജ്യങ്ങളില്‍ നടപടി അന്തിമ ഘട്ടത്തില്‍
ദോഹ: ഏതു ഗള്‍ഫ് രാജ്യത്തു നിയമലംഘനം നടത്തിയാലും പിഴ ചുമത്താവുന്ന രീതിയില്‍ ജിസിസി ഏകീകൃത ഗതാഗത നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും.
ഖത്തര്‍, ബഹ്‌റയ്്ന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ ഏകീകൃത നിയമം നടപ്പില്‍ വരുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം ട്രാഫിക് ജനറല്‍ ഡയറ്കടറേറ്റ് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് അല്‍ഖര്‍ജി വ്യക്തമാക്കി.
ഗതാഗത നിയമ ലംഘനങ്ങളുടെ പിഴയുടെയും പിഴയൊടുക്കുന്നതിനുള്ള രീതികളുടെയും ഏകീകരണമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
ഏകീകൃത നിയമം വരുന്നതോടെ ഒരു ഗള്‍ഫ് രാജ്യത്തുനിന്നു നിയമലംഘനം നടത്തി മറ്റൊരു ഗള്‍ഫ് രാജ്യത്തേക്കു പിഴയടക്കാതെ രക്ഷപ്പെടാനാവില്ല.
പിഴ അടക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനത്തിന്റെ തയാറെടുപ്പുകള്‍ 90 ശതമാനം പൂര്‍ത്തിയായതായി മുഹമ്മദ് സഅദ് പറഞ്ഞു.
ജിസിസി ട്രാഫിക് മീഡിയ സ്ട്രാറ്റജി മീറ്റിങിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗതാഗത നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ ഏകീകൃത നിയമം വഴി സാധിക്കും. നിലവില്‍ മറ്റു രാജ്യങ്ങളില്‍നിന്നു വരുന്ന വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും പിഴ ചുമത്തുന്നതിന് പരിമിതികളുണ്ട്.
പിഴ ചുമത്തിയതില്‍ പരാതികളുണ്ടെങ്കില്‍ വാഹന ഉമടകള്‍ക്ക് അത് ബോധിപ്പിക്കാം.
നിയമലംഘനത്തിന്റെ റിപ്പോര്‍ട്ടുകള്‍ അതിവേഗം കണ്‍ട്രോള്‍ പോയിന്റുകളിലെത്തിക്കാന്‍ സാധിക്കുന്നതാണ് സംവിധാനം. ഇത് വാഹന ഉടമകള്‍ക്കും സഹായകമാകും.
വേറൊരു രാജ്യത്ത് ഗതാഗത നിയമലംഘനം നടത്തിയ പിഴ ചുമത്തപ്പെട്ട വാഹനമാണോ എന്ന് അറിയാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുന്നത് രാജ്യത്തിനു പുറത്തുനിന്നു വാഹനം വാങ്ങുന്നവര്‍ക്കു ഗുണകരമാകും.
നിലവില്‍ മറ്റൊരു ഗള്‍ഫ് രാജ്യത്തു സംഭവിച്ച ഗാതാഗത നിയമലംഘനത്തിന്റെ റിപ്പോര്‍ട്ട് നാലോ അഞ്ചോ മാസമെടുത്ത് മാത്രമാണ് ലഭിക്കുന്നതെന്നും പണം കൈമാറ്റം ചെയ്യാനും ഇതേ സമയമെടുക്കുന്നതായും ട്രാഫിക് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പുതിയ സിസ്റ്റത്തില്‍ പണം ഏകീകൃത അക്കൗണ്ടിലേക്കാണ് അയയ്ക്കുക. ഏതെങ്കിലും ഗള്‍ഫ് രാജ്യത്തു സംഭവിക്കുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് അതതു രാജ്യത്തെ നിയമം അനുസരിച്ച് ചുമത്തപ്പെടുന്ന പിഴ സംഖ്യ മറ്റു രാജ്യത്ത് അടക്കാനുള്ള സൗകര്യവും ഇതോടെ നിലവില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."