എരുമേലിക്കിനി ശരണാരവത്തിന്റെ നാളുകള്‍
എരുമേലി: മാനവ സൗഹൃദത്തിന്റെയും മതമൈത്രിയുടെയും നേര്‍ക്കാഴ്ചയൊരുക്കുന്ന എരുമേലിക്കിനി ശരണാരവത്തിന്റെ നാളുകള്‍. മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്ര നട ചൊവ്വാഴ്ച തുറന്നതോടെ വന്‍ ഭക്തജനത്തിരക്കാണ് എരുമേലിയില്‍ അനുഭവപ്പെടുന്നത് സംസ്ഥാനത്തിനകത്തുനിന്നും പുറത്തു നിന്നുമുള്ള ആയിരക്കണക്കായ ഭക്തജനങ്ങളാണ് എരുമേലിയിലേക്ക് ശബരിമല തീര്‍ഥാടന മധ്യേ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്.
എത്തിച്ചേരുന്ന തീര്‍ഥാടക സമൂഹത്തെ വരവേല്‍ക്കുവാന്‍ പരമാവധി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതായി വിവിധ സര്‍ക്കാര്‍ വകപ്പു മേധാവികളും ഗ്രാമ. പഞ്ചായത്തും ദേവസ്വം ബോര്‍ഡും ജമാഅത്തും വിവിധ അവലോകന യോഗങ്ങളില്‍ അറിയിച്ചിട്ടുണ്ട്. അയ്യപ്പഭക്തന്‍മാര്‍ക്ക് സേവന പ്രവര്‍ത്തനങ്ങളുമായി അയ്യപ്പസേവാസംഘവും അയ്യപ്പസേവാസമാജവും സജ്ജരായി രംഗത്തുണ്ട്. ദേവസ്വം വകയും എരുമേലി ജമാ അത്തിന്റെയും സ്വകാര്യ പാര്‍ക്കിംഗ് മൈതാനങ്ങളും സ്വാമി ഭക്തന്‍മാരെ സ്വീകരിക്കുവാന്‍ തയ്യാറെടുത്തു കഴിഞ്ഞു. ദിവസങ്ങള്‍ക്കു മുമ്പു മുതല്‍ തന്നെ ഭക്തജനങ്ങള്‍ ചെറുസംഘങ്ങളായി എരുമേലിയില്‍ എത്തിക്കൊണ്ടിരുന്നു. നിരവധി ചെറുസംഘങ്ങള്‍ എരുമേലിയില്‍ പേട്ടതുള്ളിയ ശേഷം ശബരീശ ദര്‍ശനത്തിനായി പുറപ്പെട്ടു കൊണ്ടിരിയ്ക്കുന്നു.
മണ്ഡലകാല ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ശരണം വിളികളാല്‍ മുഖരിതമായ എരുമേലിയില്‍ പേട്ടതുളളലിന് കൊഴുപ്പേകാന്‍ നാട്ടിലുള്ള വാദ്യമേളക്കാരെ കൂടാതെ കമ്പം, തേനി, മധുര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നൂറുകണക്കിന് വാദ്യമേളക്കാര്‍ നാട്ടിലെത്തിക്കഴിഞ്ഞു. എരുമേലി ടൗണും പരിസര പ്രദേശങ്ങളിലെ പ്രധാന ഭാഗങ്ങളും ശുചിയാക്കുവാന്‍ വിശുദ്ധിസേനാംഗങ്ങളും രംഗത്തുണ്ട്.
പൊലിസ് സേനാംഗങ്ങള്‍, ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍, റവന്യം, കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, വാട്ടര്‍ അതോറിറ്റി, എക്‌സൈസ് ,ഫയര്‍ഫോഴ്‌സ്, ഫുഡ് ആന്‍ഡ് സേഫ്റ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പൊതുമരാമത്ത് തുടങ്ങിവിവിധ സര്‍ക്കാര്‍ വകപ്പു ജീവനക്കാര്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനായി ചുമതലയേററു' പൊലിസ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ജില്ലാ പൊലിസ് മേധാവിയും റവന്യൂ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ജില്ലാ കലക്ടറും നിര്‍വ്വഹിച്ചു.
എരുമേലിയില്‍ വണ്‍വെ സംവിധാനം ഏര്‍പ്പെടുത്തിയതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."