ജറുസലമില്‍ ബാങ്കിന് വിലക്ക്: അന്താരാഷ്ട്ര നിയമ ലംഘനമെന്ന് ഒ.ഐ.സി
റിയാദ്: അധിനിവിഷ്ട ജറൂസലേമിലേയും മറ്റു അനുബന്ധ പ്രദേശങ്ങളിലും മസ്ജിദുകളില്‍ മൈക്കിലൂടെയുള്ള ബാങ്ക് വിളി വിലക്കുന്ന കരട് പ്രമേയം അംഗീകരിച്ചതിനെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന്‍ (ഒ.ഐ.സി) അതിശക്തമായി അപലപിച്ചു. ഇസ്ലാമിലെ വിശുദ്ധ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്‌റാഈല്‍ നടത്തുന്ന വംശീയ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഈ നടപടി. ആരാധനാ സ്വാതന്ത്ര്യത്തിനും വിശുദ്ധ സ്ഥലങ്ങയുടെ പവിത്രതക്കും എതിരെയുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമ ലംഘനവുമാണിതെന്നും ഒ.ഐ.സി കുറ്റപ്പെടുത്തി.
ജറുസലേം അടക്കമുള്ള അധിനിവിഷ്ട ഫലസ്തീനിലെ ജൂത കുടിയേറ്റ കോളനികള്‍ക്ക് നിയമസാധുത നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള നിയമം അംഗീകരിച്ച ഇസ്‌റാഈല്‍ ഭരണകൂട നടപടിയെയും ഒ.ഐ.സി അപലപിച്ചു. അധിനിവേശവും കുടിയേറ്റവും ഊട്ടിയുറപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിയമ വിരുദ്ധമായ ഉത്തരം നടപടികള്‍ യു.എന്‍ തീരുമാനങ്ങളും അന്താരാഷ്ട്ര നിയമങ്ങളും പ്രകാരം അസാധുവാണ്.
ഇസ്‌റാഈലിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം വംശീയ പ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ വ്യത്യസ്ഥ മത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും തീവ്രവാദവും അക്രമവും വര്‍ദ്ധിപ്പിക്കും. വിശുദ്ധ സ്ഥലങ്ങള്‍ക്കെതിരേയുള്ള ഇസ്‌റാഈലിന്റെ കൈയേറ്റങ്ങള്‍ അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് ഉത്തരവാദിത്വം വഹിക്കണമെന്നും ഒ.ഐ.സി ആപ്പര്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."