കുരുന്നുകളുടെ കരവിരുതില്‍ പ്രവൃത്തി പരിചയമേള
വടകര: കോഴിക്കോട് റവന്യു ജില്ലാ ശാസ്‌ത്രോത്സവത്തിന്റെ നാലാം ദിവസമായ ഇന്നലെ യു.പി, എല്‍.പി വിഭാഗത്തിലെ പ്രവൃത്തിപരിചയ, സാമൂഹ്യശാസ്ത്ര മേളകള്‍ നടന്നു. പ്രവൃത്തി പരിചയമേള വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മരപ്പണി, മെറ്റല്‍ കാര്‍വിങ്, വയറിയിങ്, കുടനിര്‍മാണം, ക്ലേ മോഡലിങ്, വെജിറ്റബിള്‍ പ്രിന്റിങ്, തുണികളിലെ ചിത്രപ്പണികള്‍, ചോക്ക് നിര്‍മാണം, നെറ്റ് നിര്‍മാണം, ചന്ദനത്തിരി, ബുക്ക് ബൈന്‍ഡിങ്, മുളയുല്‍പന്നങ്ങളുടെ നിര്‍മാണം, പാവ നിര്‍മാണം, മുത്ത് മാല, പേപ്പര്‍ പൂക്കള്‍ നിര്‍മാണം എന്നിവയിലായിരുന്നു മത്സരങ്ങള്‍.
സാമൂഹ്യശാസ്ത്രമേളയില്‍ വിവിധ സ്‌കൂളുകള്‍ അവതരിപ്പിച്ച സ്റ്റില്‍ മോഡലുകളും വര്‍ക്കിങ് മോഡലുകളും നിര്‍മാണത്തിന്റെ വൈവിധ്യം കൊണ്ടും രൂപഭംഗികൊണ്ടും മികച്ചതായി. സാമൂഹ്യശാസ്ത്രമേളയില്‍ പല സ്‌കൂളുകളും സ്വാതന്ത്ര്യസമരകാലത്തെ വിവിധ സംഭവങ്ങളാണ് സ്റ്റില്‍ മോഡലില്‍ അവതരിപ്പിച്ചത്. വാഗണ്‍ട്രാജഡി, ജാലിയന്‍വാലാബാഗ്, കാപ്പാടുള്ള വാസ്‌കോഡഗാമ സ്തൂപം, കുഞ്ഞാലിമരക്കാരുടെ വീട്, കോട്ട, വാഗാ അതിര്‍ത്തി എന്നിവയെല്ലാം രൂപഭംഗിയില്‍ മികച്ചുനിന്നു. എല്‍.പി, യു.പി വിദ്യാര്‍ഥികളുടെ പ്രവൃത്തിപരിചയമേളയില്‍ നിര്‍മിച്ച ഉല്‍പന്നങ്ങളും മികച്ച നിലവാരം പുലര്‍ത്തി.
പഴമയുടെ പുതുമ വിളിച്ചോതിയ പഴയകാല സാധനങ്ങളുടെയും കാര്‍ഷിക ഉപകരണങ്ങളുടെയും പ്രദര്‍ശനവും മികവ് നേടി. പങ്കെടുത്ത മിക്ക സ്‌കൂളുകളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിവിധ വസ്തുക്കള്‍ പ്രദര്‍ശനത്തിനെത്തിച്ചത്. തുടി, കൈയോല്‍, തേപ്പുചക്രം, ആമാടപ്പെട്ടി, ആവണപലക, റാത്തല്‍, വെള്ളിക്കോല്‍, മത്സ്യം സംഭരിക്കുന്ന പൂണ എന്നിവയെല്ലാം പ്രദര്‍ശനത്തിനെത്തി. ആറ് നൂറ്റാണ്ടിന്റെ പഴക്കമുള്ള ഉരല്‍, രണ്ട്‌നൂറ്റാണ്ട് മുന്‍പുള്ള ശംഖ് എന്നിവയുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."