മഷി പുരട്ടിയില്ല; ദുരിതവരി നീളുന്നു
കോഴിക്കോട്: 'നോട്ട് പ്രശ്‌ന'ത്തിലെ എട്ടാം ദിനവും ജനങ്ങള്‍ക്ക് സമ്മാനിച്ചത് ദുരിതവും പരിഭ്രാന്തിയും. പണം മാറ്റിവാങ്ങാനെത്തുന്നവരുടെ കൈയില്‍ മഷി പുരട്ടുമെന്ന തീരുമാനത്തിന് പിറകെ ഇന്നുമുതല്‍ മാറ്റാവുന്ന തുക 2000 രൂപയായി നിജപ്പെടുത്തുമെന്ന വാര്‍ത്തയും ജനത്തെ കൂടുതല്‍ അങ്കലാപ്പിലാക്കി. അവസാന ദിവസമാണെന്ന ധാരണയില്‍ ആയിരക്കണക്കിനാളുകളാണ് ഇന്നലെ ജില്ലയിലാകമാനം ബാങ്കുകള്‍ക്ക് മുന്നിലേക്ക് ഒഴുകിയെത്തിയത്.
മഷി പുരട്ടല്‍ പ്രവര്‍ത്തനം ജില്ലയില്‍ ആരംഭിച്ചിട്ടില്ലെങ്കിലും കൂടുതല്‍ നിബന്ധനകള്‍ വരുമെന്ന അഭ്യൂഹം പരന്നതോടെ ബാങ്കുകളിലേക്ക് കൂടുതല്‍ പേര്‍ ഇരച്ചുകയറുകയായിരുന്നു. ഇത് ബാങ്ക് ജീവനക്കാരുടെ ദുരിതവും ഇരട്ടിയാക്കി. എന്നാല്‍ മാറ്റാവുന്ന തുകയുടെ എണ്ണം നിജപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഇന്നലെ വൈകിട്ടു വരെ ലഭിച്ചിട്ടില്ലെന്ന് എസ്.ബി.ഐ അധികൃതര്‍ വ്യക്തമാക്കി. ഒരേ ആളുകള്‍ തന്നെ കൂടുതല്‍ തവണയെത്തി പണം മാറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് പുതിയ നിബന്ധനക്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരാണ് പുതിയ നിബന്ധനയില്‍ കൂടുതല്‍ ദുരിതത്തിലായത്. ഇന്നലെ മുതല്‍ പണം മാറ്റാനുള്ള അപേക്ഷാ ഫോമിലും പരിഷ്‌കാരം വരുത്തിയിരുന്നു. നോമിനിയുടെ പേരുവിവരങ്ങള്‍ കൂടി ഉള്‍പ്പെടുന്ന തരത്തിലുള്ള അപേക്ഷയാണ് ഇന്നലെ വിതരണം ചെയ്തത്.
എസ്.ബി.ഐ ഉള്‍പ്പെടെയുള്ള ചില ബാങ്കുകള്‍ മൊബൈല്‍ എ.ടി.എമ്മുമായി രംഗത്തിറങ്ങിയത് അക്കൗണ്ടുള്ളവര്‍ക്ക് ആശ്വാസമായി. മറ്റ് എ.ടി.എമ്മുകളില്‍ 2000 രൂപവരെയാണ് പിന്‍വലിക്കാവുന്നതെങ്കില്‍ മൊബൈല്‍ എ.ടി.എമ്മുകളില്‍ 10000 രൂപ വരെ പിന്‍വലിക്കാം. സുരക്ഷാ പ്രശ്‌നമുള്ളതിനാല്‍ കുറഞ്ഞ തുകയേ മൊബൈല്‍ എ.ടി.എമ്മുകളില്‍ ശേഖരിക്കാനാകൂ എന്ന പരിമിതിയുണ്ട്. അതിനാല്‍ കൂടുതല്‍ ആളുകളിലേക്ക് ഈ സൗകര്യം എത്തിയിട്ടില്ല. പ്രധാനമായും നഗരങ്ങളിലാണ് മൊബൈല്‍ എ.ടി.എം സഞ്ചരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."