നോട്ടിനായി ജനങ്ങളുടെ നെട്ടോട്ടം തുടരുന്നു
ഈരാറ്റുപേട്ട: 1000, 500 കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുള്ള ജനങ്ങളുടെ നെട്ടോട്ടം തുടരുന്നു. പണമുള്ള എ.ടി.എമ്മുകള്‍ തേടി ജനം വലയുകയാണ്. കൈവശമുള്ള അസാധു നോട്ടുകള്‍ മാറ്റാനായി ബാങ്കുകളിലേക്കും പോസ്റ്റ് ഓഫിസുകളിലേക്കും ജനങ്ങളുടെ ഒഴുക്ക് തുടരുകയാണ്.
പുതുതലമുറ ബാങ്കുകള്‍ക്കു മുന്നില്‍ കാര്യമായ തിരക്കില്ലെങ്കിലും എസ്.ബി.ഐ, എസ്.ബി.ടി, ഫെഡറല്‍ ബാങ്ക് അടക്കമുള്ളവയ്ക്കു മുന്നില്‍ തിരക്കിനു കുറവൊന്നുമില്ല. അക്കൗണ്ടുകളുള്ള ബാങ്കില്‍ നിക്ഷേപിച്ച ശേഷം പണമെടുക്കാമെന്നതിനാല്‍ പലരും അക്കൗണ്ടുകളുള്ള ബാങ്കുകള്‍ക്കു മുന്നിലാണു നില്‍ക്കുന്നത്. ഗ്രാമീണ മേഖലകളിലും തിരക്കു കുറഞ്ഞിട്ടില്ല. ചിലയിടങ്ങളില്‍ ബാങ്കിനുള്ളില്‍ നിന്നും പുറത്ത് റോഡുവരെയാണ് രാവിലെ ഒമ്പതു മുതല്‍ തന്നെ വരി പ്രത്യക്ഷപ്പെടുന്നത്.
നീണ്ട ക്യൂ ഉള്ള സ്ഥലങ്ങളില്‍ പലരും വെള്ളവും ഭക്ഷണസാധനങ്ങളും വരെ ശേഖരിച്ചാണു വരുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. നോട്ടുകള്‍ മാറ്റുന്നതോടൊപ്പം ചില്ലറയ്ക്കു വേണ്ടി എത്തുന്നവരും കുറവല്ല. 2000ന്റെ ഒറ്റനോട്ടുകള്‍ ലഭിക്കുന്നത് ഇരട്ട പ്രതിസന്ധിക്കാണു കാരണമാക്കുന്നത്. കൈയില്‍ കിട്ടുന്ന 10, 20, 50 നോട്ടുകള്‍ കരുതലെന്ന നിലയില്‍ സൂക്ഷിക്കുകയാണ്. ബാങ്കുകള്‍ക്കു മുന്നില്‍ വിനോദസഞ്ചാരികളും ക്യൂ നില്‍ക്കുകയാണ്. യാത്ര നേരത്തെ ബുക്ക് ചെയ്യപ്പെട്ടതാണെങ്കിലും പലര്‍ക്കും യാത്രയ്ക്കിടയില്‍ ചെലവഴിക്കാനുള്ള തുകയാണ് പ്രശ്‌നമുണ്ടാക്കുന്നത്. പല എ.ടി.എമ്മുകളിലും രാത്രികാലങ്ങളില്‍ യുവാക്കള്‍ പണമെത്തിയോയെന്ന പരിശോധനയിലാണ്. ഒറ്റ വരവിലെത്തി രാത്രി 11.45നും 12.10നും ഇടയില്‍ രണ്ടു തവണയായി പണം പിന്‍വലിക്കുന്നവരും കുറവല്ല. ഇത്തരത്തില്‍ പണത്തിനു വേണ്ടി എല്ലാ അടവുകളും പയറ്റുകയാണ് പൊതുജനം. ഇതിനിടെ, വിവിധ സംഘടനകള്‍ ഈരാറ്റുപേട്ടയിലെ ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ ഇന്നലെ പ്രതിഷേധവും സംഘടിപ്പിച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."