അനുസരണക്കാരനായി 'കൊലകൊല്ലി'
ഗൂഡല്ലൂര്‍: കഴിഞ്ഞ ഒന്‍പത് മാസങ്ങള്‍ക്കൊണ്ട് അനുസരണക്കാരനായി പന്തല്ലൂരിലെ കൊലകൊല്ലി. ആറുപേരുടെ ജീവനെടുത്ത കൊലകൊല്ലി കൊമ്പനാണ് മുതുമല ആനപ്പന്തിയിലെ ശിക്ഷണത്തില്‍ അനുസരണക്കാരനായത്.
ഇന്നലെ മുതുമല ആനപ്പന്തിയില്‍ പ്രത്യേക കൂട്ടില്‍ നിന്ന് കൊലകൊല്ലിയെ പുറത്തിറക്കി. വെറ്ററിനറി സര്‍ജനെത്തി ആനയുടെ ആരോഗ്യം പരിശോധിച്ചതിന് ശേഷമാണ് ഒന്‍പത് മാസത്തെ തടവില്‍ നിന്നും കൊലകൊല്ലിയെ പുറത്തെത്തിച്ചത്. ശേഷം താപ്പാനകളുടെ സഹായത്തോടെ അല്‍പദൂരം കൊലകൊല്ലിയെ വനത്തിലൂടെ നടത്തിച്ചു.
പിന്നീട് തിരിച്ചെത്തിച്ച ആനയെ പന്തിയില്‍ തളച്ചിരിക്കുകയാണ്. ആന പൂര്‍ണ ആരോഗ്യവാനാണെന്നും അനുസരണക്കാരനായെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. പന്തല്ലൂര്‍ മേഖലയില്‍ ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ത്ത കൊലക്കൊമ്പനെ മയക്ക് വെടിവച്ചായിരുന്നു ഏപ്രില്‍ അഞ്ചിന് പിടികൂടിയത്.
തുടര്‍ന്ന് താപ്പാനകളുടെ സഹായത്തോടെ മുതുമല കടുവാ സംരക്ഷണ കേന്ദ്രത്തിലെ തെപ്പക്കാട് ആനവളര്‍ത്തു കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. ചേരമ്പാടി, കൊളപ്പള്ളി ഭാഗങ്ങളില്‍ ആറ് പേരാണ് ഈ കാട്ടുകൊമ്പന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
രണ്ട് മാസത്തിനകം ആന ഇണങ്ങുമെന്നായിരുന്നു വനംവകുപ്പിന്റെ പ്രതീക്ഷ. എന്നാല്‍ ആന പൂര്‍ണമായും ഇണങ്ങാന്‍ ഒന്‍പത് മാസമാണെടുത്തത്. ഏതായാലും ആന ഇണങ്ങിയതോടെ വനംവകുപ്പ് അധികൃതര്‍ക്കും ആശ്വാസമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."