'രണ്ടടി' മുന്നില്‍ പയ്യന്നൂര്‍
കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ രണ്ടാം ദിനം 72 ഇനങ്ങള്‍ പൂര്‍ത്തിയാപ്പോള്‍ കിരീട പോരാട്ടം ഫോട്ടോ ഫിനിഷനിലേക്ക്. ഇന്ന് 23 ഇനങ്ങളുടെ ഫൈനല്‍ നടക്കാനിരിക്കെ പയ്യന്നൂര്‍, ഇരിട്ടി ഉപജില്ലകള്‍ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 11 സ്വര്‍ണവും 14 വെള്ളിയും 9 വെങ്കലവുമായി 121 പോയിന്റുമായി പയ്യന്നൂര്‍ ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. 14 സ്വര്‍ണവും 8 വെള്ളിയും 10 വെങ്കലുമടക്കം 119 പോയിന്റുമായി ഇരിട്ടി ഉപജില്ല തൊട്ടുപിന്നിലുണ്ട്. 8 സ്വര്‍ണവും 6 വെള്ളിയും 5 വെങ്കലവുമടക്കം 63 പോയിന്റുമായി കണ്ണൂര്‍ നോര്‍ത്ത് മൂന്നാം സ്ഥാനത്തുമാണ്. 5 സ്വര്‍ണവും 5 വെള്ളിയും 9 വെങ്കലുമടക്കം 60.5 പോയിന്റുമായി ഇരിക്കൂര്‍ ഉപജില്ല നാലാമതാണ്.
സ്‌കൂളുകളുടെ കിരീട പോരാട്ടത്തിനായി സി.എച്ച്.എം എച്ച്.എസ്.എസ് എളയാവൂരും കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. 8 സ്വര്‍ണവും 5 വെള്ളിയും 2 വെങ്കലവുമടക്കം 57 പോയിന്റാണ് സി.എച്ച്.എമ്മിന്. 7 സ്വര്‍ണവും 4 വെള്ളിയും 4 വെങ്കലവും നേടിയ കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി 51 പോയിന്റുമായാണ് രണ്ടാമത്. കോള്‍ക്കാട് സാന്തോംസ് എച്ച്.എസ്.എസ് 4 സ്വര്‍ണവും ഒരു വെള്ളിയും 3 വെങ്കലവുമായി 26 പോയിന്റോടെ മൂന്നാമതുണ്ട്. 5 സ്വര്‍ണവുമായി 25 പോയിന്റോടെ എടുര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി നാലാമതാണ്.
രണ്ടാം ദിനം 3 മീറ്റ് റെക്കോര്‍ഡ്
കണ്ണൂര്‍: ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ ഇന്നലെ പിറന്നത് മൂന്നു മീറ്റ് റെക്കോര്‍ഡുകള്‍. സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയിലെ വി.വി അര്‍ഷാനയും ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സായ് തലശേരിയിലെ ദില്‍ന ഫിലിപ്പും ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹാര്‍മര്‍ ത്രോയില്‍ സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂരിന്റെ എന്‍ പ്രണവുമാണ് റെക്കോര്‍ഡിട്ടത്. രണ്ടു ദിനങ്ങളിലായി മേളയില്‍ ഒന്‍പതു മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു.
ഡെല്‍നയ്ക്കു കായികം വീട്ടുകാര്യം
കണ്ണൂര്‍: തലശേരി സായി സെന്ററിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനി ഡെല്‍ന ഫിലിപ്പിന് സ്‌പോര്‍ട്‌സ് വീട്ടുകാര്യമാണ്. അച്ഛനും അമ്മയും സഹോദര നും കായിക താരങ്ങള്‍. ഇവരുടെ പാത പിന്‍തുടര്‍ന്നെത്തിയ ഡെല്‍നക്ക് ഇക്കുറി മേളയില്‍ ഹര്‍ഡില്‍സില്‍ റെക്കോഡോടെ സ്വര്‍ണം. ജൂനിയര്‍ പെണ്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 16.96 സെക്കന്റില്‍ ഫിനിഷ് ചെയ്തു. കാസര്‍കോട് കടുമേനി സ്വദേശിനിയായ ഡെല്‍നയുടെ പിതാവ് ഫിലിപ്പ് വരക്കാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കവേ ഡിസ്‌കസ് ത്രോ, ഷോട്ട്പുട്ട്, ജാവലിന്‍ എന്നിവയില്‍ ജില്ലാ ചാംപ്യനായിരുന്നു. അമ്മ ബീന കരിക്കോട്ടക്കരി സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഡിസ്‌കസ് ത്രോയില്‍ ജില്ലാ സ്‌കൂള്‍ മേളയില്‍ തുടര്‍ച്ചയായി വിജയം നേടിയിരുന്നു. അ നുജന്‍ ഡെല്‍വിന്‍ ഫിലിപ്പും ഈ മേഖലയില്‍ മികവിന്റെ പാതയില്‍ തന്നെയാണ്. കൂലി തൊഴിലാളിയായ പിതാവിന്റെ ആഗ്രഹമാണ് മക്കളെ കായിക രംഗത്തേക്ക് നയിക്കുകയെന്നത്. ഈ ആഗ്രഹ പൂര്‍ത്തീകരണത്തിലേക്കുള്ള ആദ്യചുവടാണ് റെക്കോഡ് പ്രകടനമെന്ന് ഡെല്‍ന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."