പതിനഞ്ചുവര്‍ഷമായി വാടക കൊടുക്കാതെ ചെക്‌പോസ്റ്റ് അധികൃതര്‍; സ്ഥലമുടമ ആത്മഹത്യ ചെയ്തു
നെയ്യാറ്റിന്‍കര: കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി വാടക നല്‍കാത്ത ചെക്‌പോസ്റ്റ് അധികൃതരുടെ നിഷേധാത്മക നിലപാടില്‍ മനം നൊന്ത് സ്ഥലമുടമ ആത്മഹത്യ ചെയ്തു. പെരുങ്കടവിള തോട്ടുവരമ്പത്ത് ലതാഭവനില്‍ വിമുക്തഭടന്‍ ജയകുമാര്‍ (52) ആണ് ചെക്ക് പോസ്റ്റിനു സമീപത്തുളള തെങ്ങില്‍ തൂങ്ങി മരിച്ചത്.
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ജയകുമാറിന്റെ വസ്തുവും കെട്ടിടവുമാണ് മാമ്പഴക്കര വാണിജ്യ നികുതി എക്‌സൈസ് ചെക്ക് പോസ്റ്റ് അധികൃതര്‍ ഓഫിസിനായി ഉപയോഗിച്ചിരുന്നത്. വാടക ചോദിക്കുമ്പോള്‍ അധികൃതര്‍ കെട്ടിടത്തില്‍ കേസ് നടക്കുന്നതായും ഉടന്‍ ശരിയാകുമെന്ന് പറഞ്ഞ് നീട്ടി കൊണ്ടു പോവുകയായിരുന്നുവെന്നും ജയകുമാറിന്റെ ബന്ധുക്കളും നാട്ടുകാരും പറയുന്നു.
ജയകുമാര്‍ വാടക ലഭിക്കുന്നതിനായി മുട്ടാത്ത വാതിലുകളില്ല. എന്നാല്‍ അധികൃതര്‍ കെട്ടിടം ഒഴിഞ്ഞു കൊടുക്കാന്‍ തയാറായതുമില്ല. പട്ടാളത്തില്‍ നിന്നും വിരമിച്ച ശേഷം കിട്ടുന്ന പെന്‍ഷന്‍ ഉപയോഗിച്ചാണ് ഇയാള്‍ വീട് പുലര്‍ത്തി വന്നിരുന്നത്. ഇതിലുളള മനോ വിഷമത്തിലാണ് ചെക്ക് പോസ്റ്റിനു സമീപത്തുളള തൈ തെങ്ങിന്റെ മടലില്‍ ഇന്നലെ ഉച്ചയ്ക്ക് 2.30 ന് കെട്ടി തൂങ്ങി മരിച്ചത്. ഉടന്‍ തന്നെ നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചെര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സംഭവത്തെ തുടര്‍ന്ന് മാമ്പഴക്കരയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. മാരായമുട്ടം പൊലിസ് ഇടപെട്ട് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ശാന്തരായത്.
മറിയാമ്മയാണ് മരിച്ച ജയകുമാറിന്റെ ഭാര്യ. അരുണ്‍ , അഖില എന്നിവര്‍ മക്കളാണ്. മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മാരായമുട്ടം പൊലീസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."