'വിരട്ടിയും വെട്ടിനിരത്തിയും' മണിയാശാന്‍ ഒടുവില്‍ മന്ത്രിക്കസേരയില്‍
വെട്ടൊന്ന് മുറി രണ്ട്. വെട്ടിത്തുറന്ന് എന്തും പറയും. ഹൈറേഞ്ചിലെ കുടിയേറ്റ കര്‍ഷകന്റെ പരുക്കന്‍ മനസ് പെരുമാറ്റത്തിലും പ്രസംഗത്തിലും. സ്വന്തം പാര്‍ട്ടിയുടെ സ്ഥാപക നേതാവ് വി.എസ് അച്യുതാനന്ദന്‍ മുതല്‍ സഹകമ്മ്യൂണിസ്റ്റുകളായ സി.പി.ഐ നേതാക്കള്‍ വരെ ഈ മണിപ്രവാളത്തിന്റെ ചൂടറിഞ്ഞു. മുന്‍പിന്‍ നോക്കാതെയുളള ഈ സ്വഭാവമാണ് എ. എം. മണിയെന്ന മണിയാശാനെ സി.പി.എമ്മില്‍ അജയ്യനാക്കിയത്.
സ്വന്തം ഗ്രാമമായ കുഞ്ചിത്തണ്ണിയിലെ ഇരുപതേക്കര്‍ കവലയിലുള്ള ചായക്കടയില്‍ കട്ടന്‍കാപ്പിയും കുടിച്ച് നാട്ടുവിശേഷങ്ങള്‍ പറയുന്ന മണിയാശാന്റെ നാവില്‍ വിളഞ്ഞ വികടസരസ്വതികള്‍ ഒട്ടേറെയുണ്ട്. പലതും അച്ചടിക്കാന്‍ പറ്റില്ലെന്ന് മാത്രം! ഒരുകാലത്ത് വി.എസ്.അച്യുതാനന്ദന്റെ വിശ്വസ്തനും വീറുറ്റ ചാവേറുമായിരുന്നു മണി. മൂന്നാര്‍ കൈയേറ്റം കാണാന്‍ വന്ന വി.എസ്സിന് മലകയറ്റങ്ങളില്‍ ആദ്യം മണി വഴികാട്ടിയായി. പില്‍കാലത്ത് വി.എസ്സിന്റെ കടുത്ത വിമര്‍ശകനായി. ഒഴിപ്പിക്കാന്‍ വരുന്നവന്റെ കാലുവെട്ടുമെന്ന് തുറന്നടിച്ചു. ഇതോടെ പക്ഷം മാറി പിണറായിക്കൊപ്പമെത്തി. അങ്ങനെ ഇടുക്കിയില്‍ പത്ത് തവണ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി, എം.എല്‍.എ ആയി, ഇപ്പോള്‍ മന്ത്രി പദത്തിലേക്ക്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം ജില്ലാ സെക്രട്ടറി പദവിയില്‍ എത്തിയ വ്യക്തിയെന്ന റെക്കോഡിന് ഉടമകൂടിയാണ് ഈ 70 കാരന്‍.
കുപ്രസിദ്ധമായ മണക്കാട് പ്രസംഗത്തിന്റെ പേരില്‍ ഇടുക്കി വിടേണ്ടി വന്ന മണിക്ക് ഏഴു മാസത്തിനും 13 ദിവസത്തിനും ശേഷമാണ് വീണ്ടും സ്വന്തം ജില്ലയില്‍ കാലുകുത്താനായത്. 44 ദിവസം ജയിലില്‍ കഴിഞ്ഞ മണിയെ ഉപാധികളോടെ 2013 ജനുവരി മൂന്നിന് ഹൈക്കോടതി ജാമ്യത്തില്‍ വിട്ടു. ബി.ബി.സി വരെ റിപ്പോര്‍ട്ട് ചെയ്ത പ്രസംഗം ജില്ലാ സെക്രട്ടറി സ്ഥാനവും ആറു മാസത്തേക്ക് സംസ്ഥാന കമ്മിറ്റി അംഗത്വവും നഷ്ടമാക്കി. മണിയുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചു എന്ന് പ്രവചിച്ചവര്‍ക്ക് തെറ്റി. പിന്നീട് മണിയുടെ രാഷ്ടീയഗ്രാഫ് കുതിച്ചുകയറുന്നതാണ് കണ്ടത്. മണിയെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉയര്‍ത്തുകയായിരുന്നു. ഒടുവില്‍ സുപ്രീം കോടതി കുറ്റവിമുക്തനുമാക്കി. കാസര്‍കോഡ് മുതല്‍ പാറശാല വരെ ആയിരത്തോളം പാര്‍ട്ടി യോഗങ്ങളിലാണ് ഇക്കഴിഞ്ഞ രണ്ടുവര്‍ഷം മണി കസറിയത്. 'ഇരു വഴി തിരിയുന്നിടം' എന്ന ചിത്രത്തിലൂടെ സിനിമാ നടനുമായി. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകാലത്ത് മണിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത് കേരളമറിഞ്ഞു. ഹൈറേഞ്ച് സംരക്ഷണസമിതിയുടെ പിന്തുണയോടെ ഇടുക്കിയില്‍ ഇടതുപക്ഷത്തിന് എം.പി യെ ഉണ്ടാക്കിക്കൊടുത്തു, അതാണ് ജോയ്‌സ് ജോര്‍ജ്.
തരം കിട്ടുമ്പോഴൊക്കെ സി.പി.ഐയെ കൊച്ചാക്കാനും മണി ശ്രമിച്ചു. മന്ത്രിമാരായ വി.എസ് സുനില്‍കുമാറിനേയും ചന്ദ്രശേഖരനേയും അടുത്തിടെ പരസ്യമായി ആക്ഷേപിച്ചു. സി.പി.എമ്മിന്റെ വളര്‍ച്ച കണ്ട് അസൂയപ്പെടേണ്ടെന്നും സി.പി.ഐ വളരാത്തത് അവരുടെ കുഴപ്പമാണെന്നും മണി പറഞ്ഞുവച്ചു.
കോട്ടയം ജില്ലയിലെ കിടങ്ങൂരിനു സമീപം മുണ്ടയ്ക്കല്‍ വീട്ടില്‍ മാധവന്റെയും ജാനകിയുടെയും ഏഴു മക്കളില്‍ ഒന്നാമനാണ് മണി. കുഞ്ചിത്തണ്ണിയിലെ ശ്രീനാരായണോദയം ശിവക്ഷേത്രത്തിലെ ശാന്തിജോലിക്കായാണ് മാധവന്‍ ഇരുപതേക്കറിലേക്ക് കുടിയേറിയത്.കിടങ്ങൂര്‍ എന്‍.എസ്.എസ് സ്‌കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് മണി അച്ഛനമ്മമാര്‍ക്കൊപ്പം ഹൈറേഞ്ചില്‍ എത്തിയത്. പട്ടിണിയും പരിവട്ടവും കാരണം തുടര്‍പഠനം സാധ്യമായില്ല. ചെറുപ്രായത്തില്‍ത്തന്നെ തോട്ടത്തില്‍ കൂലിവേലയ്ക്കിറങ്ങി. കര്‍ഷകത്തൊഴിലാളിയായി. ഒടുവില്‍ അവരുടെ നേതാവും. നല്ല പ്രസംഗകനാകാന്‍ മണി ചെറുപ്പത്തിലേ കൊതിച്ചു. അതിനായി ഒരുപാട് പരിശ്രമിച്ചു. പ്രസംഗവേദികള്‍ക്കുമുമ്പില്‍ എന്നും കാഴ്ചക്കാരനായി നിന്നു. പിന്നെപ്പിന്നെ പ്രസംഗികനായി, ഒടുവില്‍ സദസ്യര്‍ക്ക് ഹരംപകരുന്ന മുഖ്യപ്രസംഗകനായി മാറി. നല്ല വായനയും ഇതിനു പിന്‍ബലമേകി. മണിയാശാന് സമം മണിയാശാന്‍ മാത്രം. അടിസ്ഥാന വര്‍ഗത്തില്‍ നിന്നു വളര്‍ന്നു വന്ന മണിയെ മന്ത്രിസഭയിലെടുക്കുമ്പോള്‍ തെളിയുന്നത് മണിയുടെ അപ്രമാദിത്വമാണ്, അതും ഇടുക്കിയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."