ഓടിയത് ഉദ്ഘാടന ദിവസം മാത്രം കെ.എസ്.ആര്‍.ടി.സി കണിയാപുരം ശബരിമല സ്‌പെഷ്യല്‍ സര്‍വീസ് നിര്‍ത്തി
കഠിനംകുളം: മന്ത്രി ഉദ്ഘാടനം ചെയ്ത കെ.എസ്. ആര്‍.ടി.സി കണിയാപുരം പമ്പ സ്‌പെഷ്യല്‍ സര്‍വീസ് ഒരുദിവസം ഓടിയതിനു ശേഷം നിര്‍ത്തലാക്കി.
കഴക്കൂട്ടം, പള്ളിപ്പുറം തോന്നല്‍ ക്ഷേത്രം, പണിമൂല ക്ഷേത്രം വഴിയാണ് പമ്പയിലേക്ക് ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ് ആരംഭിച്ചത്. ഇക്കഴിഞ്ഞ ഒന്നാം തീയതി കഴക്കൂട്ടത്തെ അയപ്പ ക്ഷേത്രത്തില്‍ വച്ചാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടന ദിവസം നടത്തിയ സര്‍വീസില്‍ 8500രൂപ കളക്ഷനുണ്ടായിരുന്നു. പിന്നീട് റിസര്‍വേഷനായി കണിയാപുരം ഡിപ്പോയിലെത്തിയ അയ്യപ്പ ഭക്തന്മാരോട് കുറഞ്ഞത് 40 പേരെ കൂട്ടികൊണ്ടു വരൂവെന്ന് പറഞ്ഞ് തിരിച്ചയച്ചുവത്രേ. സര്‍വീസ് ഉണ്ടെന്ന് കരുതി ഇപ്പോഴും ബുക്കിങിനായി ഭക്തര്‍ കണിയാപുരത്ത് എത്തുന്നുണ്ട്. സര്‍വീസ് നിര്‍ത്തലാക്കിയതിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്.
അയ്യപ്പഭക്തമാരുടെ ആവശ്യപ്രകാരം മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയര്‍ വി.കെ പ്രശാന്തും ഇടപ്പെട്ടാണ് കഴക്കൂട്ടത്തും കരിക്കകത്തും നിന്ന് പുതിയ സര്‍വീസ് ആരംഭിച്ചത്. മാവേലിക്കര ഡിപ്പോയില്‍ നിന്ന് കൊണ്ടു വന്ന ഈ ബസ് ഇപ്പോള്‍ കൊല്ലത്തേക്ക് ചെയിന്‍ സര്‍വീസ് നടത്തുകയാണ്. സംസ്ഥാനത്തെ തൊണ്ണൂറോളം ഡിപ്പോകളില്‍ നിന്ന് ശബരിമലയിലേക്ക് സ്‌പെഷ്യല്‍ സര്‍വീസ് നടത്തുമ്പോള്‍ കണിയാപുരത്ത് മാത്രം അത് മുടങ്ങിയത് ഇവിടുത്തെ എ.ടി.ഒയുടെ അലംഭാവമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അതേസമയം ഇപ്പോഴത്തെ സാഹചര്യത്തില്‍ ശബരിമലയിലേക്ക് പോകാന്‍ യാത്രക്കാരുടെ കുറവുണ്ടായിട്ടിട്ടുണ്ടെന്നും യാത്രക്കാര്‍ കൂടുതല്‍ എത്തിയാല്‍ ബസ് അയയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."