നോട്ടുകളുടെ പിന്‍വലിക്കല്‍: വിപണി തിരിച്ചുകയറുന്നു, രൂപ തകര്‍ച്ചയില്‍
മുംബൈ: നോട്ടുകളുടെ പിന്‍വലിക്കലിനെത്തുടര്‍ന്ന് രാജ്യത്തെ ഓഹരിവിപണികളിലുണ്ടായ തിരിച്ചടിക്കു താല്‍ക്കാലിക വിരാമം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വിപണി ചെറിയ തോതില്‍ തിരിച്ചുകയറി. ഇന്നലെ എന്‍.എസ്.ഇ 31 പോയിന്റ് വര്‍ധിച്ചു 8033ലും ബി.എസ്.ഇ 91 പോയിന്റ് വര്‍ധിച്ചു 27187 പോയിന്റിലുമെത്തി. കഴിഞ്ഞ ദിവസവും ചെറിയ തോതില്‍ വിപണി നേട്ടമുണ്ടാക്കിയിരുന്നു. റിയല്‍റ്റി, ഫാര്‍മ സെക്റ്ററുകളുടെ പിന്തുണയോടെയാണു വിപണിക്ക് പോസിറ്റീവ് ട്രന്റ് പകര്‍ന്നത്. ത്രൈമാസ അവലോകന റിപ്പോര്‍ട്ടില്‍ ലാര്‍സന്‍ ആന്‍ഡ് ടബ്രോ കമ്പനി 27187 കോടി രൂപ ലാഭമുണ്ടാക്കിയതും മാര്‍ക്കറ്റിനു ഗുണകരമായി.
അതേസമയം രൂപയുടെ മൂല്യം ഇന്നലെയും ഇടിഞ്ഞു. ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ രൂപയുടെ മൂല്യം 23 പൈസ ഇടിഞ്ഞു 68.69 രൂപയായി താഴ്ന്നു.
സര്‍ജിക്കല്‍ സ്‌ട്രൈക്കിനെയും
ഏകസിവില്‍കോഡിനെയും നോട്ട് നിരോധനം മുക്കി
യു. എം. മുഖ്താര്‍
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കും ഏകസിവില്‍കോഡും ബി.ജെ.പി ഉയര്‍ത്തികൊണ്ടുവന്നെങ്കിലും നോട്ട് നിരോധനം കനത്ത തിരിച്ചടിയാണ് പാര്‍ട്ടിക്കും പ്രധാനമന്ത്രിക്കും ഏല്‍പ്പിച്ചത്. പ്രതിപക്ഷത്തിനാകട്ടെ നോട്ടു നിരോധനം അപ്രതീക്ഷിതമായി വീണു കിട്ടിയ വടിയായി മാറുകയും ചെയ്തു.
സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ദേശീയവികാരം എന്ന തുറുപ്പുചീട്ട് പുറത്തെടുക്കാനും ഏകസിവില്‍കോഡിലൂടെ ഹൈന്ദവവോട്ട് ഏകീകരണം നടത്താനുമായിരുന്നു അടുത്തു നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ബി.ജെ.പി പദ്ധതിയിട്ടിരുന്നത്. ഇതിന് കനത്ത തിരിച്ചടിയാണ് ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതുവഴി ഉണ്ടായത്.
നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ ജനങ്ങള്‍ക്കുണ്ടായ കഷ്ടപ്പാടുകള്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാടിലേക്ക് എത്തിയെന്ന ആശങ്ക പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്.
കള്ളപ്പണക്കാര്‍ക്കെതിരേ തിരിച്ചടി നല്‍കാന്‍ തങ്ങള്‍ക്കു കഴിഞ്ഞെന്നു വരുത്തിതീര്‍ക്കാമെന്നായിരുന്നു നോട്ടു നിരോധനത്തിലൂടെ ബി.ജെ.പി ലക്ഷ്യം വച്ചതെങ്കിലും ആസൂത്രണമില്ലാത്ത നടപടിയിലൂടെ ആ നീക്കം പാളി.
നോട്ട് നിരോധനം ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ എങ്ങനെയായിരിക്കും പ്രതിഫലിക്കുകയെന്ന ആശങ്ക ബി.ജെ.പി നേതൃത്വത്തിനുണ്ട്. ചതുഷ്‌കോണ മല്‍സരം നടക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ബി.എസ്.പി, കോണ്‍ഗ്രസ്, എസ്.പി, ബി.ജെ.പി എന്നീ നാലുകക്ഷികളും നേരത്തെ സംസ്ഥാനം ഭരിച്ചവരുമാണ്. ഇതില്‍ ബി.ജെ.പിയൊഴിച്ചുള്ള മൂന്നുകക്ഷികളും നോട്ട് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ഡല്‍ഹിയില്‍ യോജിച്ചു പ്രക്ഷോഭം നടത്തിവരികയാണ്.
അതിനു പുറമെ സംസ്ഥാനത്തു നടക്കുന്ന പ്രചാരണങ്ങളില്‍ നോട്ട് നിരോധനം സംബന്ധിച്ചു കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ ഈ മൂന്നു കക്ഷികളും ആഞ്ഞടിക്കുന്നുമുണ്ട്. അതിനാല്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്കു മറുപടി പറയല്‍ മാത്രമായി ബി.ജെ.പിയുടെ പ്രചാരണപരിപാടികള്‍ ചുരുങ്ങുമോയെന്നാണ് നേതാക്കളുടെ ആശങ്ക. കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളൊന്നും തെരഞ്ഞെടുപ്പില്‍ ഉയര്‍ത്താന്‍ കഴിയില്ലെന്നും അവര്‍ ഭയപ്പെടുന്നു.
നോട്ട് നിരോധനത്തില്‍ കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം നിന്ന് ബി.ജെ.പി വിരുദ്ധ വികാരം ശക്തിപ്പെടുത്താനാണ് പ്രതിപക്ഷ കക്ഷികളുടെ നീക്കം.
അതിനിടയില്‍ നോട്ട് നിരോധനത്തെത്തുടര്‍ന്ന് ഉത്തര്‍പദേശില്‍ പ്രതിഷേധമുണ്ടായേക്കുമെന്ന ഭയംമൂലം ലഖ്‌നോവില്‍ നടത്താനിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി ബി.ജെ.പി റദ്ദാക്കിയതായും വിവരമുണ്ട്. തെരഞ്ഞെടുപ്പ് ആസന്നമായതിനാല്‍ നരേന്ദ്രമോദിയെ പങ്കെടുപ്പിച്ച് ഒരു മാസം ഒരു റാലിയെന്ന വിധത്തിലെങ്കിലും പ്രചാരണം നടത്താന്‍ ബി.ജെ.പി തീരുമാനിച്ചിരുന്നു. ഇതുപ്രകാരമാണ് ലഖ്‌നോ റാലി നടത്താന്‍ തീരുമാനിച്ചിരുന്നത്.
വാഹനങ്ങളില്‍ ഡിജിറ്റല്‍
ഐഡന്റിറ്റി ടാഗ്
ന്യൂഡല്‍ഹി: പുതുതായി പുറത്തിറക്കുന്ന കാര്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് ഡിജിറ്റല്‍ ഐഡന്റിറ്റി ടാഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ നോട്ടു രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഇത്തരമൊരു സംവിധാനം വാഹനങ്ങളില്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ടോള്‍ ബൂത്തുകളിലൂടെയും ചെക്ക് പോസ്റ്റുകളിലൂടെയും കടന്നുപോകുന്ന വാഹനങ്ങള്‍ക്കായാണ് ഇത്തരത്തിലുള്ള സംവിധാനം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത് നോട്ടുകളാണ്. ഇതിന് പകരം ഇലക്ടോണിക് ഇടപാടുകളിലേക്ക് ജനങ്ങളെ മാറ്റുന്ന നടപടി പ്രോത്സാഹിപ്പിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.
ജില്ലാ സഹകരണ ബാങ്കുകള്‍ക്ക്
21,000 കോടി കൂടി അനുവദിച്ചു
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകരുള്‍പ്പെടെയുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇളവുപ്രഖ്യാപിച്ചു. ഇതിനുവേണ്ടി ദേശീയ കാര്‍ഷിക ഗ്രാമീണ വികസന ബാങ്ക് (നബാര്‍ഡ്) ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് 21,000കോടി രൂപ അധികമായി അനുവദിച്ചു.
40 ശതമാനത്തോളം വരുന്ന ചെറുകിട കര്‍ഷകര്‍ക്ക് ശീതകാല കാര്‍ഷികവൃത്തിക്കു വായ്പ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് സഹായം അനുവദിച്ചതെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് പറഞ്ഞു. ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റ്‌ലി നബാര്‍ഡ്, റിസര്‍വ് ബാങ്ക് അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമെന്നും ജില്ലാ സഹകരണബാങ്കുകള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കും ആവശ്യമായ പണം എത്തിക്കാന്‍ കേന്ദ്രമന്ത്രി നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. നോട്ട് പ്രതിസന്ധിമൂലം കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. ഗ്രാമങ്ങളിലെ 1.5 ലക്ഷം പോസ്റ്റ് ഓഫിസുകള്‍ വഴി പണം വിതരണം ചെയ്യും. കര്‍ഷകരെയും ഇ- പേയ്‌മെന്റിന് പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിനു മുന്നില്‍ അയഞ്ഞ് കേന്ദ്രസര്‍ക്കാര്‍
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: നോട്ട്‌നിരോധനത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ അയഞ്ഞുതുടങ്ങി. ഇക്കാര്യത്തില്‍ പ്രതിപക്ഷവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറായിട്ടുണ്ട്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടര്‍ച്ചയായ അഞ്ചാംദിവസവും ബഹളത്തില്‍ മുങ്ങിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തെ ചര്‍ച്ചയ്ക്കു വിളിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് ഇന്നു പ്രതിപക്ഷനേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നിര്‍ദേശപ്രകാരമാണ് രാജ്‌നാഥ് പ്രതിപക്ഷത്തെ ചര്‍ച്ചയ്ക്കു വിളിച്ചതെന്നാണ് വിവരം. പാര്‍ലമെന്റിലെ പ്രതിസന്ധി ഒഴിവാക്കാനായി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും രാജ്‌നാഥ് സിങ്ങും പാര്‍ലമെന്ററികാര്യ മന്ത്രി അനന്ദ് കുമാറും കഴിഞ്ഞദിവസവും പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സമ്മേളനത്തിന്റെ ഏഴാംദിവസമായ ഇന്ന് നരേന്ദ്രമോദി രാജ്യസഭയില്‍ എത്തിയേക്കും. നോട്ട് നിരോധനം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ചചെയ്യണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുന്നതിനിടെയാണ് പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ വരാന്‍ മോദി സന്നദ്ധത അറിയിച്ചത്. പ്രതിപക്ഷ ബഹളത്തിനിടെ അദ്ദേഹം ഇന്നലെ ലോക്‌സഭയിലെത്തിയിരുന്നു.
പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നലെയും സ്തംഭിച്ചു. ലോക്‌സഭയില്‍ സഭാ നടപടികള്‍ നിര്‍ത്തിവെച്ച് നോട്ട് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ നോട്ടിസിന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുമതി നിഷേധിച്ചു. ചട്ടം 56 പ്രകാരം വോട്ടിങ്ങോടു കൂടി സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ചയ്ക്ക് തങ്ങള്‍ തയാറാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാല്‍ പ്രധാനമന്ത്രി സഭയിലെത്താന്‍ തയാറാകണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്കു തയാറാണെന്നും വിഷയത്തില്‍ രണ്ടോ മൂന്നോ ദിവസം നീണ്ടു നില്‍ക്കുന്ന ചര്‍ച്ച ആകാമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി അനന്ദ് കുമാര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ വാക്കുകള്‍ക്കും ചെവി കൊടുക്കണമെന്ന് തൃണമൂല്‍ നേതാവ് സുദീപ് ബന്ദോപാധ്യായ ചൂണ്ടിക്കാട്ടി. പ്രതിപക്ഷം ബഹളത്തെതുടര്‍ന്ന് ഉച്ചയ്ക്ക് മുമ്പ് ഒരുവട്ടം പിരിഞ്ഞ ലോക് സഭ ഇന്നലത്തേക്കു പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
രാജ്യസഭയും പലതവണ തടസപ്പെട്ടു. പ്രശ്‌നത്തില്‍ ഇന്ന് ചര്‍ച്ച തുടരാമെന്ന് ഉപാധ്യക്ഷന്‍ അറിയിച്ചപ്പോള്‍ മോദി ഇന്നെങ്കിലും സഭയിലെത്തണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ബി.എസ്.പി നേതാവ് മായാവതി, സി.പി.എം നേതാവ് സീതാറാം യച്ചൂരി എന്നിവര്‍ ആവശ്യപ്പെട്ടു.
12 കാരനെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം
പഴയ നോട്ടായാലും സ്വീകരിക്കാമെന്ന്
ബാംഗളൂരു: പന്ത്രണ്ടുകാരനെ തട്ടിക്കൊണ്ടു പോയി. 20 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു. പഴയ നോട്ടായാലും സ്വീകരിക്കുമെന്ന് അപഹര്‍ത്താക്കള്‍. കര്‍ണാടകയിലെ കലബുര്‍ഗിയിലാണ് സംഭവം. തട്ടിക്കൊണ്ടുപോയ 4 പേരെ പൊലിസ് അറസ്റ്റുചെയ്യുകയും കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു. സുഹൃത്തിനൊപ്പം സംഗീതം പഠിക്കാന്‍ പോയി തിരിച്ചു വരുമ്പോഴാണ് നാല്‍വര്‍ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
തുടര്‍ന്ന് മോചനദ്രവ്യമായി 20 ലക്ഷം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നോട്ടുനിരോധനത്തിനു ശേഷം പുതിയ നോട്ടുകള്‍ നല്‍കാന്‍ കുട്ടിയുടെ അച്ഛനു പറ്റില്ലെന്നു മനസിലാക്കിയ സംഘം പഴയനോട്ട് നല്‍കിയാല്‍ മതിയെന്ന് ഇളവു നല്‍കുകയായിരുന്നു. പണം നല്‍കുന്നതിനു മുമ്പേ കര്‍ണാടക പൊലിസ് കുട്ടിയെ രക്ഷപ്പെടുത്തി മാതാപിതാക്കള്‍ക്ക് കൈമാറി. സംഘത്തിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചെറിയ പരുക്കുകളോടെ കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചെന്നും കലബുര്‍ഗി എസ്.പി. ശശികുമാര്‍ പറഞ്ഞു. പലരില്‍ നിന്നും കടം വാങ്ങിയ 6 ലക്ഷം രൂപ തിരികെ നല്‍കാനാണത്രെ 20 വയസ് പ്രായമുള്ള യുവാക്കള്‍ തട്ടിക്കൊണ്ടുപോകലിനിറങ്ങിയത്.
പുതിയ നോട്ടിലെ ദേവനാഗിരി ലിപി:
സര്‍ക്കാര്‍ വാദം കോടതി തള്ളി
ചെന്നൈ: ആര്‍.ബി.ഐ പുറത്തിറക്കിയ 2000 രൂപ നോട്ടിലെ ദേവനാഗിരി ലിപിയിലുള്ള അക്കങ്ങള്‍, നോട്ടിന്റെ ഡിസൈനിന്റെ ഭാഗമാണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം മദ്രാസ് ഹൈക്കോടതി തള്ളി.
ഇതുസംബന്ധിച്ച കേസ് പരിഗണിക്കുമ്പോഴായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ അവകാശ വാദം കോടതി തള്ളിയത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഒപ്പിട്ട നോട്ടിലെ അക്കങ്ങള്‍ ഡിസൈനായി കണക്കാക്കാനാകില്ലെന്നു പറഞ്ഞ കോടതി സര്‍ക്കാര്‍ വാദം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.
നോട്ടില്‍ ദേവനാഗിരി ലിപിയിലുള്ള അക്കങ്ങള്‍ രേഖപ്പെടുത്തിയത് 1963ലെ ഔദ്യോഗിക ഭാഷാ നിയമത്തിന്റെ ലംഘനമാണെന്നുകാണിച്ച് ഡി.എം.കെ പ്രവര്‍ത്തകന്‍ കെ.പി.ടി ഗണേശന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. നിയമം ലംഘിച്ചതിനാല്‍ പുതിയ 2000 രൂപ നോട്ടിനെ അസാധുവായി പ്രഖ്യാപിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭരണഘടനാ പ്രകാരം അക്കങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഉപയോഗിക്കാവുന്നവ മാത്രമേ ഔദ്യോഗികമായി അംഗീകരിക്കാനാകൂ എന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാറിനുവേണ്ടി അഡീ. സോളിസ്റ്റര്‍ ജനറല്‍ ജി.ആര്‍ സ്വാമിനാഥന്‍ കോടതിയില്‍ ഹാജരായി. കേസ് ഈ മാസം 28ന് വീണ്ടും വാദം കേള്‍ക്കും.
നോട്ട് നിരോധനം: പാര്‍ലമെന്റിനു മുന്നില്‍
പ്രതിപക്ഷ എം.പിമാരുടെ മനുഷ്യച്ചങ്ങല
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശദീകരണവും സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അന്വേഷണവും ആവശ്യപ്പെട്ട് എന്‍.ഡി.എയിതര എം.പിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ മനുഷ്യചങ്ങല തീര്‍ത്തു. പ്രതിപക്ഷത്തു നിന്ന് 200ലധികം എം.പിമാരാണ് ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഒറ്റവരിയായി പ്രതിഷേധ ചങ്ങല തീര്‍ത്തത്.
പാര്‍ലമെന്റില്‍ ഭരണകക്ഷിക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുകയും പ്രതിപക്ഷസമരങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുകയും ചെയ്യാറുള്ള തമിഴ്‌നാട്ടിലെ അണ്ണാ ഡി.എം.കെയും ഇന്നലെ പ്രതിപക്ഷ നിരയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, തൃണമൂല്‍ കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി, ജെ.ഡി.യു, മുസ്്‌ലിംലീഗ്, എന്‍.സി.പി, ഡി.എം.കെ എം.പിമാര്‍ പ്രതിഷേധ വരിയില്‍ അണിനിരന്നു. നോട്ട് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ മറുപടി നല്‍കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ച പ്രതിപക്ഷം, ഈ വിഷയത്തില്‍ തിങ്കളാഴ്ച രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നും അറിയിച്ചു.
വിഷയത്തില്‍ എല്ലാ ജനങ്ങളുടെയും അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. നോട്ട് വിഷയം വോട്ടെടുപ്പോടു കൂടിയ അടിയന്തര പ്രമേയമായി ചര്‍ച്ച ചെയ്യണം, പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണം എന്ന ആവശ്യങ്ങളാണ് പ്രതിപക്ഷത്തിനുളളത്.
രാജ്യം വരിനില്‍ക്കുന്നതു പോലെ തങ്ങളും ഒറ്റവരിയില്‍ നിന്നു പ്രതിഷേധിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. യാതൊരു ആസൂത്രണവുമില്ലാതെയും ആരുമായും കൂടിയാലോചിക്കാതെയും ഇത്ര പ്രധാനമായൊരു ധനകാര്യ പരീക്ഷണത്തിന് പ്രധാനമന്ത്രി എന്തിനാണ് തയാറായതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി പാര്‍ലമെന്റിലെത്താന്‍ മടിക്കുന്നതിനെയും ചോദ്യംചെയ്ത രാഹുല്‍, നോട്ട് പിന്‍വലിക്കുന്നതു സംബന്ധിച്ചു പ്രധാനമന്ത്രി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെ രഹസ്യമായി അറിയിച്ചിരുന്നുവെന്നും അതിനാലാണ് ജെ.പി.സി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും പറഞ്ഞു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയെ വിളിച്ചുവരുത്തി ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കു പരിഹാരം തേടണമെന്ന് ബി.എസ്.പി നേതാവ് മായാവതി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വരാന്‍ മടിക്കുന്നതെന്തിനാണെന്നും ഈ നപടി പാര്‍ലമെന്റിനെ അവഹേളിക്കുന്നതിനു തുല്യമാണെന്നും മായാവതി ആരോപിച്ചു.
നോട്ട് അസാധുവാക്കിയെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിലെത്തി വിഷയം ചര്‍ച്ചചെയ്യണമെന്ന് സി.പി.ഐ നേതാവ് ഡി. രാജ ആവശ്യപ്പെട്ടു. മമതാ ബാനര്‍ജിയുടെ നേതൃത്യത്തില്‍ പാര്‍ലമെന്റിനു പുറത്തു പ്രത്യേക പ്രതിഷേധവും തുടരുന്നുണ്ട്.
അതിര്‍ത്തിയില്‍ ഇന്ത്യയുടെ കനത്ത
തിരിച്ചടി; 11 പേര്‍ കൊല്ലപ്പെട്ടെന്ന് പാകിസ്താന്‍
ശ്രീനഗര്‍: പാക് ആക്രമണത്തിന് കനത്ത തിരിച്ചടിയുമായി ഇന്ത്യന്‍ സൈന്യം. ജമ്മു കശ്മിരില്‍ നിയന്ത്രണ രേഖയ്ക്കടുത്ത് ഇന്ത്യ നടത്തിയ ശക്തമായ ഷെല്ലാക്രമണത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടതായി പാകിസ്താന്‍ ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹം വികൃതമാക്കിയിരുന്നു.
ഇതിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചിരുന്നു. പൂഞ്ച്, രജൗരി,കേല്‍, മച്ചില്‍ പ്രദേശങ്ങള്‍ നിലവില്‍ കനത്ത ആക്രമണങ്ങള്‍ക്ക് വിധേയമായിരിക്കയാണ്.
പാക് അധീന കശ്മിരിലെ ലവാത്ത് ഏരിയയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ബസ് യാത്രക്കാരായ ഒമ്പതു പേര്‍ കൊല്ലപ്പെട്ടെന്നാണ് പാക് ആരോപണം.
നാക്യാല്‍ മേലയില്‍ ഒരു വീടിനു നേരെയുണ്ടായ മോര്‍ട്ടാര്‍ ഷെല്ലിങിലും ആളുകള്‍ കൊല്ലപ്പെട്ടതായി പാക് അധികൃതര്‍ പറയുന്നുണ്ട്.
18 പേര്‍ക്ക് പരുക്കേറ്റതായും വാര്‍ത്തയുണ്ട്. ഇന്ത്യന്‍ സേനയിലെ മൂന്നു സൈനികരെ മാച്ച് മേഖലയില്‍ വച്ചാണ് പാക് സൈന്യം വധിച്ചത്. അതിനിടെ മാച്ചില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ ശ്രീനഗറില്‍ എത്തിച്ചു. രാജസ്ഥാനില്‍ നിന്നുള്ള 25 കാരനായ പ്രഭു സിങിന്റെ മൃതദേഹമാണ് വികൃതമാക്കിയത്. കൊല്ലപ്പെട്ട മറ്റ് രണ്ടു പേര്‍ യു.പി സ്വദേശികളായ കെ. കുശവ(31), ശശാങ്ക് കെ സിങ്(25) എന്നിവരാണ്.
നോട്ട് നിരോധനം: കേന്ദ്രസര്‍ക്കാരിനു
സുപ്രിംകോടതിയില്‍ വീണ്ടും തിരിച്ചടി
ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച തീരുമാനത്തില്‍ മൂന്നാം തവണയും കേന്ദ്രസര്‍ക്കാരിനു സുപ്രിംകോടതിയില്‍ നിന്നു തിരിച്ചടി. നോട്ട് നിരോധനം ചോദ്യംചെയ്ത് വിവിധ ഹൈക്കോടതികള്‍ക്കു മുമ്പാകെയുള്ള ഹരജികളെല്ലാം സ്റ്റേചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം ചീഫ്ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് തള്ളി.
വിവിധ കോടതികളിലായി സമര്‍പ്പിക്കപ്പെട്ട കേസുകളിലെല്ലാം വ്യത്യസ്ത അസൗകര്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും ദുരിതത്തിലായ ജനങ്ങള്‍ക്കു മുമ്പില്‍ വാതില്‍കൊട്ടിയടക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി നിരസിച്ചത്.
വിവിധ കോടതികളില്‍ ഹരജിയെത്തിയത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ (എ.ജി) മുകുള്‍ രോഹ്തഗി അറിയിച്ചു. എന്നാല്‍ അതു ബുദ്ധിമുട്ടാണെന്നും അടിയന്തരമായി ആശ്വാസം ഉണ്ടാവുന്ന തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ടാണു പലരും ഹരജികള്‍ നല്‍കിയതെന്നും അത്തരക്കാരുടെ ആവശ്യം അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നും ചീഫ്ജസ്റ്റിസ് പറഞ്ഞു. അതേസമയം, ഹൈക്കോടതികളിലെ കേസുകളെല്ലാം സുപ്രിംകോടതിയിലെ ഒരൊറ്റ ബെഞ്ചിലേക്കു മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. കേസില്‍ അടുത്തമാസം രണ്ടിനു വീണ്ടും വാദംകേള്‍ക്കും. അന്ന് ഇക്കാര്യം പരിഗണിക്കാമെന്നും കോടതി അറിയിച്ചു.
നിലവില്‍ നോട്ട് നിരോധനം സംബന്ധിച്ച് പ്രധാനമായും രണ്ടുകേസുകളാണ് സുപ്രിംകോടതിയിലുള്ളത്. ഒന്ന്, ആ തീരുമാനത്തിലെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന പൊതുതാല്‍പ്പര്യഹരജിയും മറ്റൊന്ന്, വിവിധ ഹൈക്കോടതികളിലുള്ള കേസുകള്‍ സ്‌റ്റേചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രം സമര്‍പ്പിച്ച ഹരജിയും.
കേരളം, ഗുജറാത്ത്, പശ്ചിമബംഗാള്‍, ആന്ധ്ര, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ ഹൈക്കോടതികളിലായി നോട്ട് നിരോധനം ചോദ്യംചെയ്യുന്ന 15 ഓളം ഹരജികളാണു ഉള്ളത്. ഹൈക്കോടതികളിലെ കേസുകള്‍ സ്‌റ്റേചെയ്യണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ അടിയന്തരവാദംകേള്‍ക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടതോടെയാണ് കേസ് ഇന്നലെ പരിഗണിച്ചതും സര്‍ക്കാരിന്റെ ആവശ്യം തള്ളിയതും. കേസിലെ കക്ഷിയായ വിവിധ സംസ്ഥാനസര്‍ക്കാരുകള്‍ക്കും കേന്ദ്രത്തിനും ഇക്കാര്യത്തില്‍ നാളെക്കു മുമ്പായി നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് സുപ്രിംകോടതി നോട്ടീസയക്കാനും ഉത്തരവിട്ടിട്ടുണ്ട്.
സഹകരണമേഖലയിലെ പുതിയ നിയമങ്ങള്‍ സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്കു അതതു ഹൈക്കോടതികളെ സമീപിക്കാമെന്നും സുപ്രിംകോടതി അറിയിച്ചു. നോട്ട് നിരോധിക്കാനുള്ള തീരുമാനത്തിലെ നിയമപ്രശ്‌നം ചോദ്യംചെയ്യുന്ന ഹരജി നാളെ പരിഗണിക്കും.
ഇന്നലെ കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍, നോട്ട് നിരോധിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ട് ഒഴുകുന്നത് തടയുന്നതിന്റെയും ഭാഗമാണെന്ന് എ.ജി കോടതിയെ അറിയിച്ചു. എന്നിട്ട് ഇതു വിജയിച്ചോ എന്നു ചീഫ്ജസ്റ്റിസ് ചോദിച്ചു.
അതേയെന്ന് എ.ജി മറുപടി നല്‍കി. ആറുലക്ഷം കോടി രൂപ വിവിധ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടു. ബാങ്കുകളില്‍ പണം നിറഞ്ഞിരിക്കുകയാണ്. നോട്ട് നിരോധനം വിജയിച്ചതിനു തെളിവാണ് ഇത്രയും രൂപ ബാങ്കുകളില്‍ എത്തിയത്. നിക്ഷേപം കൂടിയതിനാല്‍ പലിശ നിരക്കുകള്‍ കുറയും.
ഇതിന്റെ നേട്ടം സാധാരണക്കാര്‍ക്കു ലഭിക്കും. നോട്ട് നിരോധനത്തെ തുടര്‍ന്ന് ഡിജിറ്റല്‍ പണത്തിന്റെ ഉപയോഗത്തില്‍ വന്‍ വര്‍ധനവുണ്ടായി. ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ പഠിക്കാനായി ഓരോ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണപ്രദേശങ്ങളിലേക്കും സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
അവര്‍ അതതു സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സന്ദര്‍ശിച്ചു ജനങ്ങളുടെ അഭിപ്രായം ആരായുമെന്നും എ.ജി കോടതിയെ അറിയിച്ചു.
നേരത്തെ നോട്ട് നിരോധനം സംബന്ധിച്ചു രണ്ടുതവണ സുപ്രിംകോടതി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചിരുന്നു.
കേസ് വെള്ളിയാഴ്ച പരിഗണിച്ചപ്പോള്‍, ബാങ്കുകള്‍ക്ക് പുറത്തു ജനങ്ങള്‍ വരിനിന്നു കഷ്ടപ്പെടുന്നതു നിങ്ങള്‍ കാണുന്നില്ലേയെന്നു ചോദിച്ച കോടതി, തെരുവില്‍ ജനങ്ങള്‍ കലാപമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു. നോട്ട് നിരോധനം സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് അല്ലെന്നും അതു സാധാരണക്കാര്‍ക്കെതിരായ കാര്‍പ്പറ്റ് ബോംബിങ്ങാണെന്നും കോടതി മറ്റൊരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."