യൂനിയന്‍ അംഗത്വം പുതുക്കുന്നതിനായി നിര്‍ബന്ധിത പിരിവെന്ന് പരാതി
പേരാമ്പ്ര: മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ കാര്‍ഡുള്ള അംഗങ്ങളെ നിര്‍ബന്ധിപ്പിച്ച് യൂനിയന്‍ അംഗത്വം പുതുക്കുന്നതിന്റെ പേരില്‍ പിഴിയുന്നതായി വ്യാപക പരാതി ഉയരുന്നു. തൊഴിലെടുക്കുന്നവരെ അതത് മാറ്റുമാരെ ഉപയോഗിച്ച് യൂനിയന്‍ അംഗത്വം പുതുക്കാനെന്ന പേരില്‍ ഇരുപതും മുപ്പതും രൂപ നിര്‍ബന്ധിച്ച് ഈടാക്കുന്നതായിട്ടാണ് തൊഴിലാളികള്‍ പരാതിപ്പെടുന്നത്.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി വര്‍ധിപ്പിച്ച് കിട്ടിയത് യൂനിയന്റെ ശക്തമായ ഇടപെടല്‍ മൂലമാണെന്നും ഇപ്പോഴെത്തെ ഇരുനൂറ്റിനാല്‍പ്പത് രൂപയില്‍ നിന്ന് വര്‍ധിപ്പിച്ച് നാനൂറ് രൂപയെങ്കിലും കൂലി ലഭിക്കുന്നതിന് ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ടെന്നും പറഞ്ഞാണ് പണം വാങ്ങുന്നത്. തൊഴിലുറപ്പ് തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) വേണ്ടിയാണ് അതത് പഞ്ചായത്ത് ഭരണസമിതികളുടെ ഒത്താശയോടെ വ്യാപക പിരിവ് നടത്തുന്നത്. സി.പി.എം ഭരണ സമിതികളുള്ള പഞ്ചായത്തുകളില്‍ മാത്രമാണ് യൂനിയനായി നിര്‍ബന്ധ പിരിവ്.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നൊച്ചാട്, ചക്കിട്ട പാറ, പേരാമ്പ്ര, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലാണ് യൂനിയന്‍ അംഗത്വ പിരിവ് ഭരണസമിതി മേല്‍നോട്ടത്തില്‍ നടക്കുന്നത്. ഇതില്‍ തന്നെ നൊച്ചാട് പഞ്ചായത്ത് നിര്‍ബന്ധിത പിരിവ് അടിച്ചേല്‍പ്പിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
അംഗത്വ പിരിവിന് പണം നല്‍കാത്തവരുടെ തൊഴില്‍ വെട്ടിച്ചുരുക്കുമെന്ന ഭീഷണിയുമുണ്ട്. ഇതിനിടെ തൊഴിലുറപ്പ് സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭകള്‍ പ്രഹസനമാക്കുന്നതായും പരാതിയുണ്ട്.
സോഷ്യല്‍ ഓഡിറ്റ് സമിതിയില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങി ഗ്രാമസഭയില്‍ അവതരിപ്പിക്കേണ്ട വരവ് ചിലവ് കണക്കുകള്‍ അതത് മാറ്റുമാരും എ ഡി.എസ്, സി.ഡി.എസ് അംഗങ്ങളും മാത്രം ചര്‍ച്ച ചെയ്ത് സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭയില്‍ അവതരിപ്പിക്കുകയാണ്.
തൊഴിലുറപ്പ് തൊഴിലാളികളെ സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭ അറിയിക്കേണ്ട ചുമതല മാറ്റുമാര്‍ക്കും ഏ.ഡി.എസ്, സി ഡി എസ് അംഗങ്ങള്‍ക്കുമാണെന്നിരിക്കെ ഗ്രാമ പഞ്ചായത്തംഗങ്ങളാണ് അറിയിക്കേണ്ടതെന്ന വാദവും സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭകളില്‍ മുഖ്യ ചര്‍ച്ചയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."