തൊഴില്‍സ്ഥലത്തെ പീഡനം വര്‍ധിക്കുന്നതായി വനിതാ കമ്മിഷന്‍
മലപ്പുറം: സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നതായ പരാതികള്‍ വര്‍ധിച്ചുവരുന്നതില്‍ സംസ്ഥാന വനിതാ കമ്മിഷന് ആശങ്ക. ഇന്നലെ മലപ്പുറം കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ തൊഴില്‍സ്ഥലത്തെ പീഡനവുമായി ബന്ധപ്പെട്ടു മൂന്നു പരാതികളാണ് പരിഗണിച്ചത്.
സ്‌കൂള്‍-കോളജ് അധ്യാപകര്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കെതിരേയാണ് ഇത്തരം പരാതികള്‍ വരുന്നതെന്നതു കേസുകളുടെ ഗൗരവം വര്‍ധിപ്പിക്കുന്നതായി കമ്മിഷനംഗം അഡ്വ. നൂര്‍ബീനാ റഷീദ് പറഞ്ഞു. നിരവധി കുടുംബവഴക്കുകള്‍ തീര്‍ത്തു ബന്ധങ്ങള്‍ യോജിപ്പിക്കാന്‍ സിറ്റിങ്ങിലൂടെ സാധിച്ചതായി അവര്‍ പറഞ്ഞു.
ഇന്നലെ തീര്‍പ്പാക്കിയ 18 കേസുകളില്‍ പകുതിയിലധികം അച്ഛനും മകനും അല്ലെങ്കില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രമ്യതയിലെത്തിച്ചതായിരുന്നു.
ആകെ പരിഗണിച്ച 78 പരാതികളില്‍ നാലെണ്ണം ഫുള്‍ കമ്മിഷന്റെ പരിഗണനയ്ക്കു വിട്ടു. മൂന്നു പരാതികളില്‍ ജില്ലാ പൊലിസ് മേധാവിയുടെ റിപ്പോര്‍ട്ട് തേടി. 52 കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്കു മാറ്റി.
മെഗാ അദാലത്തില്‍ അഭിഭാഷകരായ കെ.വി ഹാറൂന്‍ റഷീദ്, ജെമിനി, സൗദ എന്നിവരും സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥരും വനിതാ സെല്‍ സബ് ഇന്‍സ്‌പെക്ടറും കമ്മിഷന്റെ സഹായത്തിനെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."