അക്ഷയ അധികൃതര്‍ക്കെതിരേ പരാതിക്കൊരുങ്ങി രക്ഷിതാക്കള്‍
കല്‍പ്പറ്റ: കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷന്റെ സ്ലിപ്പ് അക്ഷയ അധികൃതര്‍ നല്‍കാത്തത് രക്ഷിതാക്കളെ വലയ്ക്കുന്നു. ആധാര്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞാലുടന്‍ ഇതു സംബന്ധിച്ച സ്ലിപ് ബന്ധപ്പെട്ടയാള്‍ക്ക് നല്‍കണമെന്നാണ് ചട്ടം. ആധാര്‍ കാര്‍ഡ് പിന്നീട് തപാല്‍ വഴിയാണ് ലഭിക്കുക. അതുവരെ ആധാര്‍ സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഹാജരാക്കേണ്ടത് ആധാര്‍ സ്ലിപാണ്. എന്നാല്‍ അങ്കണവാടികള്‍ കേന്ദ്രീകരിച്ച് അടുത്തിടെ ആരംഭിച്ച ആധാര്‍ രജിസ്‌ട്രേഷന്റെ സ്ലിപ് അക്ഷയ അധികൃതര്‍ രക്ഷിതാക്കള്‍ക്ക് നല്‍കുന്നില്ല.
കുട്ടികളുടെ ആധാര്‍ സ്ലിപ്, രജിസ്‌ട്രേഷന്‍ നടക്കുന്ന സമയത്ത് കൊടുക്കാന്‍ അക്ഷയ ജില്ലാ ഓഫിസില്‍ നിര്‍ദേശമില്ലെന്നാണ് ബന്ധപ്പെട്ട അക്ഷയ കേന്ദ്രം അധികൃതരുടെ പ്രതികരണം. സ്‌കൂളില്‍ കുട്ടികളെ ചേര്‍ക്കാനുള്ള സമയമായപ്പോഴാണ് ആധാര്‍ സ്ലിപ് ലഭിക്കാത്തതിന്റെ ബുദ്ധിമുട്ട് രക്ഷിതാക്കള്‍ മനസിലാക്കുന്നത്. പല രക്ഷിതാക്കളും പിന്നീട് അക്ഷയ കേന്ദ്രം അധികൃതരുടെ നമ്പര്‍ തപ്പിപ്പിടിച്ച് ബന്ധപ്പെട്ടപ്പോള്‍ അക്ഷയ കേന്ദ്രത്തിലെത്തിയാല്‍ സ്ലിപ് നല്‍കാമെന്നായിരുന്നു പ്രതികരണം. ചില സ്ഥലങ്ങളില്‍ 10 കിലോമീറ്ററിലധികം ദൂരെയുള്ള അക്ഷയ കേന്ദ്രങ്ങളെയാണ് ആധാര്‍ രജിസ്‌ട്രേഷന്‍ ജോലികള്‍ ഏല്‍പ്പിച്ചത്.
ഇത്തരം സ്ഥലങ്ങളില്‍ നിങ്ങളുടെ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രത്തിലേക്ക് ആധാര്‍ സ്ലിപുകള്‍ ഇമെയില്‍ ചെയ്ത് കൊടുക്കാമെന്നും അവിടെ നിന്ന് കോപ്പി എടുക്കാമെന്നും രാജിസ്‌ട്രേഷന്‍ നടത്തിയ അക്ഷയ സെന്റര്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ തൊട്ടടുത്തുളള അക്ഷയ കേന്ദ്രങ്ങളെ സമീപിച്ചു. എന്നാല്‍ അവരും കൈമലര്‍ത്തി. ലിസ്റ്റ് കിട്ടിയിട്ടില്ല, വിളിച്ചു നോക്കട്ടെ എന്നൊക്കെയാണ് പ്രതികരണം. ഗുണഭോക്താക്കളെ വട്ടംകറക്കുന്ന അക്ഷയ സെന്റര്‍ അധികൃതര്‍ക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അക്ഷയ സംസ്ഥാന മിഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് രക്ഷിതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."