കാത്തിരിപ്പിനു വിരാമം; മലാപ്പറമ്പ് സ്‌കൂള്‍ ഇനി ഇവര്‍ക്ക് സ്വന്തം
കോഴിക്കോട്: ഏറെ നാളത്തെ പരിഭ്രമങ്ങള്‍ക്കും പരാതികള്‍ക്കും കാത്തിരിപ്പിനും വിരാമമിട്ട് വിദ്യാഭ്യാസ മന്ത്രിക്കൊപ്പം അവര്‍ തങ്ങളുടെ പഴയ സ്‌കൂളിലേക്ക് തിരിച്ചെത്തി. വാദ്യഘോഷാദികളോടെയും വെടിക്കെട്ടോടെയും നാട്ടുകാരും രക്ഷിതാക്കളും അവരെ സ്വീകരിച്ചു. സ്‌കൂളിലെത്തിയ കുരുന്നുകള്‍ ആര്‍ത്തുവിളിച്ച് തലങ്ങും വിലങ്ങുമോടി. ചിലര്‍ തങ്ങളുടെ ക്ലാസുകളിലെത്തി പഴയ സ്ഥാനത്ത് ഇടം പിടിച്ചു. ചിലര്‍ ചുമരുകളില്‍ തങ്ങള്‍ കോറിയിട്ട ചിത്രങ്ങള്‍ തിരഞ്ഞു. മറ്റു ചിലര്‍ തങ്ങള്‍ പതിവായി കളിച്ചിരുന്ന മരത്തിന്റെ ചില്ലയില്‍ തൂങ്ങി ഊഞ്ഞാലാടി. സന്തോഷം കൊണ്ട് അധ്യാപകരെ കെട്ടിപ്പിടിച്ച് മുത്തം നല്‍കിയവരും കൂട്ടത്തിലുണ്ടായിരുന്നു.
'എന്നാ നമ്മുടെ പഴയ സ്‌കൂളിലേക്ക് തിരിച്ചു പോവുക' എന്ന കുരുന്നുകളുടെ ചോദ്യം ഇനി കേള്‍ക്കേണ്ടി വരില്ലല്ലോ എന്ന ആശ്വാസത്തിലായിരുന്നു അധ്യാപകര്‍. പ്രധാനാധ്യാപിക പ്രീതി ടീച്ചറുടെ കണ്ണുകളിലും ആനന്ദാശ്രു. ഒന്നുമല്ലാതെ ഇറങ്ങിയ ടീച്ചര്‍ ഇപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ പ്രധാനാധ്യാപികയാണെന്ന് എം.എല്‍.എ പ്രദീപ്കുമാറിന്റെ വാക്കുകള്‍ അവരുടെ മുഖത്ത് പുഞ്ചിരി വിതറി. കലക്ടറേറ്റിലെ താല്‍ക്കാലിക സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ഇന്നലെ വൈകിട്ട് വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് എത്തിയാണ് കുട്ടികളെ മലാപ്പറമ്പ് സ്‌കൂളിലേക്ക് കൊണ്ടുവന്നത്. മനോഹരമായ കെട്ടിടമായിരിക്കും മലാപ്പറമ്പ് സ്‌കൂളിനായി ഉയരുക. കുട്ടികള്‍ക്ക് പഠിക്കാനും കളിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും പുതിയ സ്‌കൂളിലുണ്ടാകും. ജനകീയ സമരത്തിനു കിട്ടിയ വിജയമാണിതെന്ന് നാട്ടുകാരും രക്ഷിതാക്കളും ഒരേസ്വരത്തില്‍ പറയുന്നു. എം.എല്‍.എയുടെ നേതൃത്വത്തില്‍ മൂന്നുവര്‍ഷമായി തുടരുന്ന സമരത്തില്‍ കക്ഷി-രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ പങ്കെടുത്തിരുന്നു.
സ്‌കൂള്‍ അടച്ചുപൂട്ടാന്‍ വന്നപ്പോഴൊക്കെയും ഒറ്റക്കെട്ടായി നിന്ന് പോരാടിയ പൊതുജന കൂട്ടായ്മയാണ് ജില്ലയ്ക്ക് പുതിയൊരു സര്‍ക്കാര്‍ സ്‌കൂള്‍ സമ്മാനിച്ചത്.
ഡി.ഡി.ഇ ഗിരീഷ് ചോലയില്‍, എ.ഇ.ഒ കെ.എസ് കുസുമം, കൗണ്‍സിലര്‍ ഇ. പ്രശാന്ത്കുമാര്‍, ഭാസി മലാപ്പറമ്പ്, അഡ്വ .എം. ജയദീപ്, എം.സി സന്തോഷ്‌കുമാര്‍, വി.പി രവീന്ദ്രന്‍, ആര്‍.കെ ഇരവില്‍ തുടങ്ങിയവരെല്ലാം സ്‌കൂളിലേത്തി കുട്ടികളോടൊപ്പം സന്തോഷം പങ്കിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."